20 September 2024, Friday
KSFE Galaxy Chits Banner 2

Related news

April 29, 2024
April 2, 2024
November 29, 2023
October 7, 2023
September 30, 2023
September 28, 2023
September 15, 2023
September 4, 2023
May 26, 2023
May 24, 2023

കറന്‍സി വിനിമയം വീണ്ടും ഉയര്‍ന്നു, നോട്ട് നിരോധനവും ഡിജിറ്റല്‍ വിപ്ലവവും പാഴായി

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2024 11:15 pm

നോട്ട് നിരോധനത്തിനും ഡിജിറ്റല്‍ വിപ്ലവത്തിനും ശേഷവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കറൻസി തന്നെ രാജാവ്.
നോട്ട് നിരോധനത്തിനുശേഷം 2016–17 സാമ്പത്തിക വർഷം മുതൽ സമ്പദ്‌വ്യവസ്ഥയിൽ പ്രചരിക്കുന്ന കറന്‍സികളുടെ അളവ് ഉയര്‍ന്നതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും 2017 മാർച്ചിൽ വിനിമയത്തിലുണ്ടായിരുന്ന 13.35 ലക്ഷം കോടി രൂപയുടെ കറൻസി 2024 മാർച്ച് അവസാനത്തോടെ 35.15 ലക്ഷം കോടിയായി ഉയർന്നു. അതായത് 2016 സാമ്പത്തിക വർഷത്തിനു ശേഷം പ്രചാരത്തിലുള്ള പണത്തിന്റെ അളവ് വർധിച്ചത് ഇരട്ടിയിലധികമാണെന്ന് സിഎംഎസ് കണ്‍സംപ്ഷന്‍ റിപ്പോര്‍ട്ട് 2024 പറയുന്നു. 

2016 നവംബര്‍ എട്ടിന് രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ 2000 നോട്ടുകള്‍ പുറത്തിറക്കുകയായിരുന്നു. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 86 ശതമാനവും ഇതോടെ അസാധുവായി. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദ ഫണ്ടിങ്, കറന്‍സി നോട്ടുകളുടെ പൂഴ്ത്തിവയ്പ്പ്, സമാന്തര വിപണിപ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുകയായിരുന്നു മുഖ്യലക്ഷ്യമെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇതോടൊപ്പം രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാരിന്റെ ലക്ഷ്യമായി അവകാശപ്പെട്ടു. 

നോട്ട് നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായി. എങ്കിലും കറന്‍സി വിനിമയത്തില്‍ കാര്യമായ വ്യത്യാസമുണ്ടായില്ല. യുപിഐ ഇടപാട് 2020 മാർച്ചിൽ 2.06 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 2024 ഫെബ്രുവരിയിൽ ഒമ്പത് മടങ്ങ് വര്‍ധിച്ച് 18.07 ലക്ഷം കോടി രൂപയായി.
നോട്ട് അസാധുവാക്കലിന് പിന്നാലെ അവതരിപ്പിച്ച 2,000 രൂപാനോട്ട് അടുത്തിടെ റിസര്‍വ് ബാങ്ക് പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇതിലൂടെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളിൽ 97.83 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. 

എടിഎം ഇടപാടുകളില്‍ 10.37 ശതമാനം വര്‍ധന

മുംബൈ: മെട്രോ നഗരങ്ങളില്‍ ശരാശരി പണം പിന്‍വലിക്കലില്‍ 10.37 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ പ്രതിമാസം 5.51 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സിഎംഎസ് കണ്‍സംപ്ഷന്‍ റിപ്പോര്‍ട്ട് പറയുന്നു.
2023–24 സാമ്പത്തിക വര്‍ഷത്തില്‍ മെട്രോ നഗരങ്ങളില്‍ ശരാശരി പണം പിന്‍വലിക്കലില്‍ 10.37 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. പട്ടണ‑ഗ്രാമീണ മേഖലയില്‍ 3.94 ശതമാനത്തിന്റെയും വര്‍ധനയുണ്ടായി.
2023–24 സാമ്പത്തിക വര്‍ഷം കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശരാശരി പിന്‍വലിക്കല്‍ നടന്നത്. ഒരു എടിഎമ്മില്‍ നിന്ന് ശരാശരി 1.83 കോടി. ഡല്‍ഹി (1.82 കോടി), പശ്ചിമ ബംഗാള്‍ (1.62 കോടി) എന്നീ സംസ്ഥാനങ്ങളാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

Eng­lish Sum­ma­ry: Cur­ren­cy exchange rose again, demon­eti­sa­tion and the dig­i­tal rev­o­lu­tion went to waste

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.