29 March 2024, Friday

Related news

May 31, 2023
April 23, 2023
April 18, 2023
February 26, 2023
January 25, 2023
October 2, 2022
September 29, 2022
August 19, 2022
August 18, 2022
August 14, 2022

കള്ളക്കടത്ത് വര്‍ധനയ്ക്കു കാരണം കസ്റ്റംസ് നിയമങ്ങള്‍

കെ രംഗനാഥ്
തിരുവനന്തപുരം
April 24, 2022 9:55 pm

കള്ളക്കടത്ത് വ്യാപകമായി വര്‍ധിക്കുന്നതിനു കാരണം പഴഞ്ചന്‍ കസ്റ്റംസ് നിയമങ്ങളെന്നു വിലയിരുത്തല്‍. നിത്യോപയോഗ സാമഗ്രിയായി മാറിക്കഴിഞ്ഞിരിക്കുന്ന മൊബെെല്‍ ഫോണിനുപോലും കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നു.

ആറുവര്‍ഷം മുമ്പ് ഭേദഗതി ചെയ്ത കസ്റ്റംസ് നിയമപ്രകാരം പുരുഷന്മാര്‍ അരലക്ഷം രൂപ വിലവരുന്ന 20 ഗ്രാം സ്വര്‍ണാഭരണം മാത്രമെ കൊണ്ടുവരാന്‍ പാടുള്ളു. വെറും രണ്ടര പവന്‍. സ്ത്രീയാണ് പ്രവാസിയെങ്കില്‍ അഞ്ച് പവന്റെ ആഭരണങ്ങള്‍ മാത്രം. സ്വര്‍ണത്തിന്റെ അന്നത്തെ വിപണി മൂല്യമനുസരിച്ച് ഇന്ന് പൊന്നിന്റെ വില ഇരട്ടിയോളമായിട്ടും സ്വര്‍ണാഭരണങ്ങളുടെ അളവ് പുതിയ മൂല്യമനുസരിച്ച് മാറ്റിയിട്ടില്ല.

ഇതുമൂലം അഞ്ചോ പത്തോ പവന്‍ സ്വര്‍ണം സ്വകാര്യാവശ്യങ്ങള്‍ക്കു കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥ. നിയമത്തിലെ ഈ യുക്തിരാഹിത്യംമൂലമാണ് സാധാരണക്കാരായ പല പ്രവാസികളും അല്പം സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുന്നതും കുടുങ്ങിപ്പോകുന്നതും.

അതേസമയം വന്‍കിട സ്വര്‍ണക്കടത്ത് മാഫിയകള്‍ക്കും കസ്റ്റംസ് പരിശോധനാ വിഭാഗം കള്ളപ്പൊന്നുമായി പുറത്തേക്കു സുരക്ഷിത പാതയൊരുക്കുകയും ചെയ്യുന്നു. ഇപ്രകാരം 200 ടണ്‍ സ്വര്‍ണമെങ്കിലും സംസ്ഥാനത്ത് കള്ളക്കടത്തായി എത്തുന്നുവെന്ന് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കസ്റ്റംസ് ഒത്താശയോടെ പുറത്തിറങ്ങുന്ന കള്ളക്കടത്തുകാര്‍ സംസ്ഥാന പൊലീസിന്റെ പിടിയിലാവുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് ഈ സാഹചര്യത്തിലാണ്.

ആധുനികകാലത്ത് ജീവിതത്തിന്റെ അവിഭാജ്യഘടകമായ മൊബെെല്‍ ഫോണ്‍ കസ്റ്റംസ് നിയമത്തിന്റെ പുറത്താണ്. സാധാരണയായി ഒരു പ്രവാസി അവധിക്കു വരുമ്പോള്‍ അരലക്ഷം രൂപയുടെ ബാഗേജ് അലവന്‍സാണ് അനുവദിക്കുക. ബാഗേജിലെ സാധനങ്ങളുടെ വിലയാകട്ടെ ആറ് വര്‍ഷം മുമ്പുള്ളതിന്റെ പലമടങ്ങായതിനാല്‍ ബാഗേജ് അലവന്‍സിന് ഒരു ലക്ഷം രൂപയുടെ പരിധിയായെങ്കിലും തുക ഉയര്‍ത്തണമെന്നാണ് ആവശ്യം.

ബാഗേജിനൊപ്പം സ്വകാര്യാവശ്യത്തിനുള്ള ഒരു മൊബെെല്‍ ഫോണ്‍ കൊണ്ടുവന്നാല്‍ കനത്ത കസ്റ്റംസ് തീരുവ അടയ്ക്കണം. അതല്ലെങ്കില്‍ സൗജന്യബാഗേജ് അലവന്‍സ് റദ്ദാക്കി ബാഗേജിന് ഡ്യൂട്ടി ചുമത്തി പ്രവാസികളെ ദ്രോഹിക്കുന്നതാണ് നിലവിലുള്ള നിയമങ്ങള്‍. മൊബെെല്‍ ഫോണ്‍ സര്‍വസാധാരണമാകുന്നതിനു മുമ്പുള്ള കസ്റ്റംസ് നിയമം എടുത്തു പ്രയോഗിക്കുന്നതുമൂലമുള്ള മറ്റൊരു പ്രവാസി ദ്രോഹം.

അതേസമയം ആറ് വര്‍ഷം മുമ്പ് അപൂര്‍വമായിരുന്ന ലാപ്‌ടോപ്പിന്റെ ഉപയോഗം ഇന്നും സര്‍വവ്യാപിയാണ്. പക്ഷെ മൊബെെലിനു തീരുവ ചുമത്തുന്ന കാലഹരണപ്പെട്ട നിയമത്തില്‍ ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ പരിധിയില്ലാതെ കൊണ്ടുവരാമെന്ന വിചിത്രമായ ഇളവുമുണ്ട്.

ലാപ്‌ടോപ്പിനെപ്പോലെ മൊബെെല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിന് ഇളവനുവദിക്കുകയും കൊണ്ടുവരുന്ന മറ്റു സാധനങ്ങളുടെ പഴയ മൂല്യത്തിന് അനുരോധമായി സൗജന്യ ബാഗേജ് അലവന്‍സ് തുക ഒന്നോ ഒന്നരയോ ലക്ഷമായി ഉയര്‍ത്തണമെന്നുമാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യം.

പഴഞ്ചന്‍ കസ്റ്റംസ് നിയമങ്ങള്‍ തിരുത്തിയെഴുതി പ്രവാസികളോട് അനുഭാവപൂര്‍ണമായ നിലപാടെടുക്കണമെന്നഭ്യര്‍ത്ഥിച്ച് ലോക കേരള സഭാംഗവും ഖത്തറിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി കേന്ദ്ര ധനമന്ത്രാലയത്തിനു നിവേദനം സമര്‍പ്പിച്ചുവെങ്കിലും കേന്ദ്രം ഇപ്പോഴും മുഖം തിരിഞ്ഞുനില്പാണ്.

Eng­lish summary;Customs rules are respon­si­ble for the increase in smuggling

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.