അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ വ്യവസായ ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നു

Web Desk
Posted on December 24, 2018, 9:48 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യവസായ ശാലകളുടെ പ്രവര്‍ത്തനവും നിര്‍മ്മാണ പ്രവൃത്തികളും നിര്‍ത്തിവയ്ക്കാന്‍ അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു. ഡല്‍ഹിയില്‍ വായു മലിനീകരണവും പുകമഞ്ഞും അപകടകരമായ നിലയിലെത്തിയ സാഹചര്യത്തിലാണ് അതോറിറ്റിയുടെ നിര്‍ദേശം.

വാസിപുര്‍, മുണ്ട്ക, നരേല, ബവാന, സാഹിബാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ ബുധനാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹി, ഫരീദാബാദ്, ഗുരുഗ്രാം, ഗാസിയാബാദ്, നോയിഡ എന്നിവടങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാനും അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച തന്നെ ഉത്തരവ് നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

വാഹനത്തിരക്ക് കൂടുതലുള്ള മേഖലകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ട്രാഫിക് പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ നപടിയെടുക്കാനും മാലിന്യങ്ങള്‍ കത്തിക്കുന്നത് അടക്കം അന്തരീക്ഷ വായു മലിനമാക്കുന്ന എല്ലാത്തരം പ്രവൃത്തികളും തടയുന്നതിന് സത്വരനടപടി സ്വീകരിക്കാനും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങള്‍ക്കു ശേഷം ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമായിരുന്നു. ശനിയാഴ്ച ഇത് അതീവ അപകടകരമായ നിലയിലെത്തി.