നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലേറിയിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും മന്ത്രിസഭാ രൂപീകരണത്തിന് കഴിയാതെ ഹിമാചല്‍ കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 12 മന്ത്രിമാരാകാം എന്നതാണ് കീഴ്‍വഴക്കം. മുഖ്യമന്ത്രി സ്ഥാനത്തേക്കു് സുഖ്‌വീന്ദർ സിങ് സുഖുവിനെ നിയോഗിച്ചെങ്കിലും പ്രധാനപ്പെട്ട വകുപ്പുകള്‍ക്കായി വടംവലി നടക്കുന്നതാണ് പ്രതിസന്ധിയായത്.
ഹിമാചൽ പ്രദേശിലെ വിജയം 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന് ആത്മവീര്യം പകരുന്നതാണ്. എങ്കിലും മന്ത്രിസഭാ രൂപീകരണത്തിലെ കാലതാമസം പ്രതിപക്ഷത്തായ ബിജെപി ഉറ്റുനോക്കുകയാണ്. പ്രശ്‌നങ്ങൾ കൂടുതല്‍ വഷളാക്കാനായിരിക്കും അവര്‍ ശ്രമിക്കുക. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ രൂപീകരണം നീണ്ടുപോയാല്‍ അത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കും.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ നിയമസഭാംഗങ്ങളുടെ യോഗം ചേരുന്നതിന് മുമ്പ് തന്നെ സംസ്ഥാന ഘടകത്തിലെ വിള്ളലുകള്‍ വ്യക്തമായിരുന്നു. പതിറ്റാണ്ടുകളായി കോൺഗ്രസ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന മുന്‍മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ വിധവ പ്രതിഭ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആഗ്രഹം പരസ്യമായി അറിയിച്ചിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള സുഖു തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ എന്നതില്‍ ഭൂരിപക്ഷം എംഎല്‍എമാരും ഉറച്ച് നില്‍ക്കുകയായിരുന്നു. സുഖ് വീന്ദർ സിങ്ങിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ പ്രതിഭ സിങ് അനുകൂലികള്‍ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധിച്ചത്.
എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ട് മുഖ്യമന്ത്രിയായ സുഖ്‍വിന്ദറിന് സംഘടനാ തലത്തിലും ഭരണതലത്തിലും കനത്തവെല്ലുവിളിയാണുള്ളത്. വലിയ സാമ്പത്തിക ഭദ്രതയില്ലാത്ത മലയോര സംസ്ഥാനത്ത് പാർട്ടി നൽകിയ ജനപ്രിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റേണ്ട ബാധ്യതയെക്കാള്‍ കടുത്തതാകും പാര്‍ട്ടിയിലെ വിഭാഗീയത. സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു കോൺഗ്രസിന്റെ പ്രധാന വാഗ്ദാനങ്ങൾ. നിലവില്‍ തന്നെ 63,000 കോടിയിലധികം കടബാധ്യതയിലാണ് സംസ്ഥാനം.
English Summary: Departmental divisions were torn apart; There was no cabinet in Himachal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.