പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ആവിഷ്ക്കാരമാണ് കോഴിക്കോട് പുല്ലുരാംപാറ സ്വദേശിയായ ജോഷി ബെനഡിക്ടിന്റെ ‘എ കോക്കനട്ട് ട്രീ’ എന്ന ആനിമേഷൻ ചിത്രം. വീട്ടുപറമ്പിൽ കാട്ടിൽ മുളച്ചു കിടന്ന തെങ്ങിൻ തൈ അനുയോജ്യമായൊരിടത്ത് നട്ട് വളർത്തി പരിപാലിക്കുന്ന സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കാലം കടന്നുപോകുമ്പോൾ ഒരു മരം എന്നതിലുപരി അതവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. ആ കുടുംബത്തിന്റെയും തെങ്ങിന്റെയും പശ്ചാത്തലത്തിൽ പ്രകൃതിയുമായി മനുഷ്യനുണ്ടാവേണ്ട ഇഴയടുപ്പത്തിന്റെ ആഴങ്ങളിലേക്കാണ് എട്ടര മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ കുഞ്ഞു ചിത്രം സഞ്ചരിക്കുന്നത്. നോൺ ഫീച്ചർ ആനിമേഷൻ വിഭാഗത്തിൽ ദേശീയ തലത്തിൽ എ കോക്കനട്ട് ട്രീ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കാലങ്ങൾ നീണ്ട തന്റെ പ്രയത്നത്തിന് ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് തിരുവമ്പാടി പുല്ലൂരാംപാറ ആക്കാട്ടു മുണ്ടക്കൽ വീട്ടിൽ ജോഷി ബെനഡിക്ട്. ‘പന്നിമലത്ത്,’ ‘കൊപ്രച്ചേവ്’ എന്നീ രണ്ട് ഗ്രാഫിക് നോവലുകളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. 2019 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സിഗ്നേച്ചർ ഫിലം ഒരുക്കിയതും ജോഷി ബെനഡിക്ടായിരുന്നു.
‘എ കോക്കനട്ട് ട്രീ’ യിലേക്കുള്ള യാത്ര
***************************************
കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ട് നാടും നാട്ടുകാരും ഇവിടുത്തെ ജീവിതവുമെല്ലാം എന്നെ സ്വാധീനിച്ചിരിക്കാം. അതുകൊണ്ട് തന്നെയാവണം സ്വതന്ത്രമായൊരു ആനിമേഷൻ ചിത്രമൊരുക്കുമ്പോൾ അത് പ്രകൃതിയിലേക്ക് സഞ്ചരിച്ചത്. തൃശൂർ ഫൈനാർട്സ് കോളജിൽ നിന്നുമാണ് ചിത്രകല പഠനം പൂർത്തിയാക്കിയത്. തുടർന്ന് വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ആനിമേഷൻ വർക്കുകൾ ചെയ്യുമ്പോൾ സ്വന്തമായി ഒരു ചിത്രമൊരുക്കുക എന്നത് വലിയൊരു സ്വപ്നമായിരുന്നു. പിന്നീട് വീട്ടിലിരുന്ന് സ്വതന്ത്രമായി ജോലികൾ ചെയ്യാൻ ആരംഭിച്ചപ്പോഴാണ് എ കോക്കനട്ട് ട്രീ എന്ന ആശയത്തിലേക്കെത്തിയത്. ഇത്തരം സിനിമകൾക്ക് നിര്‍മ്മാതാവിനെ കിട്ടാൻ പ്രയാസമാകും എന്നതുകൊണ്ട് ആ ഉത്തരവാദിത്തവും ഏറ്റെടുത്തു. കൂടുതൽ പേരെ ഉൾപ്പെടുത്തിയാൽ ചെലവുകൾ വർധിക്കുമെന്നതുകൊണ്ട് ചിത്രത്തിലെ ഭൂരിഭാഗം ജോലികളും സ്വന്തമായി തന്നെ ചെയ്തു. ആനിമേഷൻ വർക്കുകൾ ചെയ്തു തീർക്കാൻ ഏഴു മാസത്തോളമെടുത്തു. എല്ലാ കാര്യങ്ങളും തനിയെ ചെയ്യുന്നതുകൊണ്ട് സിനിമയുടെ മൊത്തം ഫീൽ അനുഭവിച്ചുകൊണ്ട് തന്നെ ജോലി ചെയ്യാൻ കഴിഞ്ഞു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചത് ബിജിപാൽ ആണ്. 2021 ൽ പൂർത്തിയായ ഈ ആനിമേഷൻ ചിത്രം 2022 ലാണ് സെൻസർ ചെയ്യുന്നത്. മുംബൈയിലും മറ്റും നടന്ന ഫെസ്റ്റിവെല്ലുകളിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
അപ്രതീക്ഷിതമായ ദേശീയ പുരസ്കാരം
************************************
ചിത്രം അവാർഡിന് അയച്ചെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മത്സരിക്കുന്ന മറ്റ് ചിത്രങ്ങളെക്കുറിച്ച് ധാരണയില്ലാത്തതിനാൽ നമ്മുടെ ചിത്രം എത്രത്തോളം ഉയർന്നു നിൽക്കുന്നു എന്ന് അറിയില്ലായിരുന്നു. പ്രകൃതിയിൽ മനുഷ്യന്റെ കടന്നാക്രണങ്ങൾ വർധിക്കുന്ന കാലമാണിത്. ദുരന്തങ്ങളിലൂടെ പ്രകൃതി മനുഷ്യന് തിരിച്ചടി നൽകുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഭീതി വിതച്ച് നമുക്ക് മുന്നിലുണ്ട്. ഇത്തരമൊരു അവസ്ഥയിൽ പ്രസക്തമായ വിഷയമാണ് ചിത്രം സംസാരിക്കുന്നത്. പരമാവധി മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കാൻ സാധിച്ചു എന്നും വിശ്വാസമുണ്ടായിരുന്നു. ചിത്രത്തെ ജൂറി അംഗീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. രണ്ട് ഗ്രാഫിക് നോവലുകൾ രചിച്ചിട്ടുണ്ടെങ്കിലും ആനിമേഷൻ ചിത്രം ഇതാദ്യമായാണ് തയ്യാറാക്കുന്നത്. ആദ്യമായി പുറത്തിറക്കിയ ചിത്രത്തിന് തന്നെ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം ഉണ്ട്. പുരസ്ക്കാരം മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ഊർജമാകും. ഒരു മലയോര ഗ്രാമത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്.
പന്നിമലത്തും കൊപ്രച്ചേവും
***************************
ഒരു മലയോര ഗ്രാമത്തിന്റെയും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും പറയുകയായിരുന്നു പന്നിമലത്ത് എന്ന ഗ്രാഫിക് നോവൽ. കാശുവെച്ചുള്ള ചീട്ടുകളിയാണ് പന്നിമലത്ത്. ചീട്ടുകളിയുടെ ലഹരിയിൽ അകപ്പെട്ടുപോയ ഒരാളാണ് കഥാനായകൻ ബേബിച്ചൻ. എല്ലാം വിറ്റു തുലച്ച് ചീട്ടുകളിക്കുന്ന ഇയാൾ ഒടുവിൽ ഒരു പന്നിഫാം നടത്താനാരംഭിക്കുന്നു. പറങ്കിമാങ്ങയുടെ മണമുള്ള ചീട്ടുകളി സങ്കേതത്തിൽ നിന്നും രൂക്ഷഗന്ധമുള്ള പന്നിക്കൂട്ടിൽ എത്തപ്പെടുന്ന അയാളുടെ ജീവിതത്തിൽ പുള്ളിമലത്ത് പന്നിമലത്താകുന്നു. തനിക്ക് പരിചയമുള്ള ഒരാളുടെ ജീവിതത്തിൽ നിന്നാണ് കഥാനായകനെ ഞാൻ കണ്ടെടുക്കുന്നത്. ഒരു ചലച്ചിത്ര ക്യാമറാമാന്റെ കണ്ണിലൂടെ കഥ പറയാനുള്ള ശ്രമമായിരുന്നു ഈ ഗ്രാഫിക് നോവൽ. പശ്ചാത്തലത്തിലും കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും ഒരു ചെറുകഥയുടെ വായനാനുഭവം വായനക്കാരന് ലഭിക്കണമെന്നായിരുന്നു കരുതിയിരുന്നത്. സംഭാഷണങ്ങളെക്കാളും ഉയർന്നു നിൽക്കുന്ന മൗനം നോവലിൽ കഥ പറയുന്നു.
2016 ൽ പുറത്തിറങ്ങിയ ഈ ഗ്രാഫിക് നോവൽ പിന്നീട് കെ കെ മുരളീധരൻ ‘ദി പിഗ് ഫ്ലിപ്’ എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോടെയാണ് കൂടുതൽ വായനക്കാരിലേക്കെത്തിയത്. കഥയെ അതിന്റെ സാംസ്ക്കാരിക സൂക്ഷ്മതകൾ നഷ്ടപ്പെടുത്താതെയായിരുന്നു മുരളീധരൻ അതിനെ മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവന്നത്. ഫിക്കി അവാർഡും നോവലിന് ലഭിച്ചു. ഗ്രാഫിക് നോവൽ ഓഫ് ദി ഇയർ എന്ന പുരസ്കാരമാണ് ഇംഗ്ലീഷ് പരിഭാഷയെ തേടിയെത്തിയത്.
ഗ്രാഫിക് നോവലിന്റെ മറ്റൊരു സാധ്യതയായിരുന്നു കൊപ്രച്ചേവിൽ പരീക്ഷിച്ചത്. വാചകങ്ങളേക്കാൾ ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ശൈലിയായിരുന്നു ഈ നോവലിൽ. വെറുതെ വായിച്ചുപോയാൽ ചിലപ്പോൾ രചനയുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലാൻ വായനക്കാരന് കഴിയാതെ വരും. ചിത്രങ്ങൾ കൂടി ശ്രദ്ധിച്ചുകൊണ്ട് വായിക്കുക എന്ന രീതി കൊണ്ടുവരാനായിരുന്നു ഈ നോവലിലൂടെ ശ്രമിച്ചത്.
വടക്കൻ മലബാറിൽ തേങ്ങ വെട്ടി കൊപ്രയാക്കി മാറ്റുന്ന ഇടത്തെയാണ് കൊപ്രച്ചേവ് എന്ന് പറയുന്നത്. ഓടിട്ട ഒറ്റമുറി. കവുങ്ങിന്റെ അലകടിച്ച് തട്ടിട്ടിട്ടുണ്ടാകും. നാളികേരം വെട്ടി ഈ തട്ടിൽ കമഴ്ത്തി അടുക്കി താഴെ തീ കത്തിച്ചാണ് കൊപ്രയാക്കുന്നത്. കൊപ്രച്ചേവ് തീവെച്ച് നശിപ്പിക്കുന്ന ശൗരിച്ചേട്ടനിൽ നിന്നാണ് കഥയുടെ ആരംഭം. ഫ്ലാഷ് ബാക്കിലൂടെയാണ് സംഭവങ്ങൾ പറഞ്ഞു പോകുന്നത്. കാടും പുഴയും പ്രകൃതിയും മനുഷ്യരും വളർത്തുമൃഗങ്ങളുമെല്ലാമാണ് കഥാപാത്രങ്ങൾ. ഇതിനിടയിൽ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള തർക്കവും സംഘർഷവുമെല്ലാം നിറയുന്നു.
ഗ്രാഫിക് നോവൽ ശാഖ
************************
ഗ്രാഫിക് നോവൽ എന്ന ശാഖ സാഹിത്യത്തിൽ ഇടം പിടിച്ചിട്ട് അധികം കാലമൊന്നും ആയിട്ടില്ല. സാധാരണ പത്രമാസികകളിൽ കാണുന്ന കാർട്ടൂൺ രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഴുനീള കഥ പറയുന്ന കാർട്ടൂൺ പുസ്തകം മുന്നോട്ട് വച്ചത് റിച്ചാർഡ് കൈൽ ആണ്. നോവൽ പുസ്തക രൂപത്തിൽ എൺപതുകൾ മുതൽ പാശ്ചാത്യ സാഹിത്യത്തിൽ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിനപ്പുറം കൂടുതലെന്തെങ്കിലും ചിത്രങ്ങളിലൂടെ വായനക്കാരന് നൽകാൻ ഗ്രാഫിക് നോവലുകൾക്ക് സാധിക്കണം. ചിത്രകഥകൾ കുട്ടികൾക്കുള്ളതാണ്. എഴുത്തുകൾക്കുള്ള ചിത്രങ്ങൾ മാത്രമാണ് ചിത്രകഥയിലുണ്ടാവുക. എന്നാൽ മുതിർന്നവരെ ഉദ്ദേശിച്ച് രചിക്കുന്ന ഗ്രാഫിക് നോവലുകൾക്ക് എഴുത്തിനുപരിയായി ചിത്രങ്ങളിലൂടെ സംവേദിക്കാൻ സാധിക്കണം. എഴുത്തിലൊതുങ്ങാത്ത ആശയങ്ങൾ, മാനസികാവസ്ഥകൾ എന്നിവയെല്ലാം വായനക്കാരിലേക്കെത്തിക്കാൻ ഗ്രാഫിക് നോവൽ ആണ് ഫലപ്രദം. രൂപഭദ്രതയുള്ള ഇതിവൃത്തം സൂക്ഷ്മതകൾ ചേർന്നുപോകാതെ അവതരിപ്പിക്കാൻ ഗ്രാഫിക് നോവലിന് കഴിയും.
കുടുംബം
*******
കോഴിക്കോട് തിരുവമ്പാടിയിൽ പുല്ലൂരാംപാറ എന്ന മലയോര ഗ്രാമത്തിലാണ് വീട്. പിതാവ്: പരേതനായ ആക്കാട്ടു മുണ്ടക്കൽ ബെനഡിക്ട്. മാതാവ്: മേരി. അധ്യാപികയായ ആൻസി തോമസാണ് ഭാര്യ. മകൻ: ബെനറ്റ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.