സഹദിയയുടെ മൊബൈൽ പിടിച്ചത് കോളേജിൽ വൻ വിവാദമായിരുന്നു. ബി. എ.സോഷ്യോളജി ക്ലാസ്സിലെ ഒതുക്കമില്ലാത്ത കുട്ടിയായ അവളുടെ അടുക്കടുക്കായി ലോക്കിട്ടു വെച്ച മൊബൈൽഫോണിലെ ഫയലുകൾ തുറക്കാൻ ഓഫീസിൽ നിന്നും പഠിച്ചപണി മുപ്പത്താറും നോക്കിയിട്ട് നടന്നില്ല. മൊബൈൽഫോൺ ഒരു സ്വകാര്യ സ്വത്താണെന്നിരിക്കെ അധ്യാപകർ തലങ്ങും വിലങ്ങും അവളോട് പാസ്സ്‌വേർഡ് ചോദിച്ചു. ക്ഷമകെട്ട് അവളെ കല്ല്യാണം ഉറപ്പിച്ചു വെച്ച പയ്യന്റെ വീട്ടുവിളിപ്പേരും ഏതൊക്കെയോ അക്കങ്ങളും ചേർന്ന സ്വകാര്യവാട്സ്ആപ്പ് പാസ്സ്‌വേർഡ് ദേഷ്യത്തോടെ അവളെറിഞ്ഞിട്ടു. “വാട്സ്ആപ്പ് ലോക്ക് ചെയ്യാനും ഓപ്ഷൻ ഉണ്ടോ” എന്ന എന്റെ മണ്ടച്ചോദ്യത്തിന് സഹദിയ ഒഴികെ ബാക്കി എല്ലാവരും ചിരിച്ചു.
സഹദിയക്ക് ആൺസുഹൃത്തുക്കളായിരുന്നു കൂടുതൽ. ആൺകുട്ടികളെ കാണുമ്പോഴുള്ള അവളുടെ മുഖമാറ്റം ഞാൻ മുൻപേ ശ്രദ്ധിച്ചിരുന്നു. മറ്റുകുട്ടികൾ ‘ഇളക്കമുള്ളവൾ’ എന്ന് അവളെ വിളിച്ചു പോന്നു. കാണാൻ കൊള്ളാവുന്ന പിള്ളേരുമായി കാഴ്ചകിട്ടാത്ത മറവുകളിൽ അവളിരിക്കുന്നത് ഞാൻ പലകുറി കണ്ടിട്ടുണ്ട്. അവളുടെ വാട്സ്ആപ്പ് വളരെ മാധുര്യമേറിയതായിരിക്കും എന്ന് മാറ്റാരെക്കാളും എനിക്കറിയാമായിരുന്നു. ഷൗക്കത്ത് മാഷ് മെസ്സേജ് വായിച്ച് മുഖം കനപ്പിച്ചു, ഫോൺ എന്റെ കൈയ്യിൽ തന്നു. സ്വന്തം ശരീരഭാഗങ്ങളും, കുളിസീനുകളും ഫോട്ടോയും, വീഡിയോയുമാക്കി മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നതിന്റെ സീരിയസ്നെസ് ഇനി എന്നാണ് അവൾ മനസ്സിലാക്കുക എന്നോർത്ത് എന്റെ തല പെരുത്തു. പറഞ്ഞാലും മനസ്സിലാവാത്ത അവളുടെ പ്രായമോർത്ത് പേടിച്ചു.
പെൺപേരുകളാൽ സമൃദ്ധമായിരുന്നു അവളുടെ കോൺടാക്ട്സ്. അവയിലേക്ക് അയച്ച സന്ദേശങ്ങൾ പലതും ദ്വയാർത്ഥങ്ങളും, ഉൾപ്പുളകിത ഇംഗ്ലീഷ്സീനുകളുമായിരുന്നു. കണക്കിൽ കവിഞ്ഞ പേശീബലമോ, ഒരു വ്യവസ്ഥാപിത സർവധാകാമന തുളുമ്പുന്ന മനസ്സോ ഇല്ലാത്തതിനാൽ അത്തരം വീഡിയോകൾ എന്നെ സ്വാധീനിച്ചിരുന്നില്ല. ഞാനതൊന്നും തുറന്നില്ല. കല്ല്യാണം ശരിയായ സമയത്ത് ഒരു ദിവസം മെസ്സേജിൽ സുധ്യേട്ടൻ പറഞ്ഞ ഒരേ ഒരു ചീത്ത പ്രയോഗം ഓർമ്മ വന്നു. അന്നൊക്കെ അതായിരുന്നു എന്റെ ഏറ്റവും വലിയ അശ്ലീലം.
‘എന്താ പരിപാടി?’ എന്ന ചോദ്യത്തിന് ‘ഒന്നുമില്ല ‘എന്ന് ഉത്തരം കൊടുത്തു. ‘എപ്പോഴും ചുമ്മാ ഇരിപ്പാണോ പണി ?’ പരസ്പരം അറിയാത്ത രണ്ടുപേരുടെ സൗഹൃദസംഭാഷണത്തിൽ ഈ പെണ്ണിനെ കെട്ടിയാൽ വല്ലോം തിന്നാൻ കിട്ടുമോ എന്ന ആശങ്കയാണ്. ‘ചോറും മീൻകറിയും ഉണ്ടാക്കും ’ ഞാൻ തട്ടിവിട്ടു. ‘ഞാനും ഉണ്ടാക്കും’ സുധ്യേട്ടന്റെ റിപ്ലൈ. എനിക്ക് ആശ്വാസമായി. നളപാചകം നമ്മുടെ പാരമ്പര്യമാണല്ലോ. ‘അമ്മ ഇവിടെ ഉള്ളിവട ഉണ്ടാക്കുകയാ, വേണോ?’ ഞാൻ വെറുതെ ചോദിച്ചു. ‘വേണം’ ‘എന്നാൽ വാ’ ‘വന്നാൽ തരുമോ?’ ‘തരും, അമ്മ നല്ല കുക്കാ ’ ‘തരണം ’ ‘തരും’ ‘ഉള്ളിവടയല്ലേ?’ അതെ, പക്ഷെ അമ്മയുണ്ടാക്കുന്ന ഉള്ളിവടയല്ല ’ ‘പിന്നേ?’ ‘വേറെ ഉള്ളിവട’ സത്യം പറഞ്ഞാ എനിക്കന്ന് ഉള്ളിവടയെന്നാൽ ഉള്ളിവട മാത്രമായിരുന്നു. സുധ്യേട്ടൻ കുറേ ചിരിച്ചു. ഇന്നും ഞാനത് പറഞ്ഞ് കളിയാക്കാറുണ്ട്. ഉള്ളിവട ഒരു ചീത്ത വാക്കാണെന്ന് എനിക്കറിയില്ലായിരുന്നു.
ചില വാക്കുകൾ, ചില അവയവങ്ങൾ മാത്രമെന്താണിങ്ങനെ തെറിയായി വായിക്കാൻ കഴിയുന്നത് എന്നത് സമൂഹത്തിൽ ആശങ്കയുളവാക്കുന്നു. ക്ലാസ്സിൽ കുട്ടികൾ തമ്മിൽ അസഭ്യം പറയുന്നത് കേൾക്കുമ്പോൾ ശുദ്ധമായ മലയാളത്തെ മലയാളികൾ മറന്നു പോകും പോലെ തോന്നാറുണ്ട്. ശരിക്കും എന്താണ് അശ്ലീലം?
ഓർമ്മകൾക്കിപ്പുറം സഹദിയയെ നോക്കുമ്പോൾ അവളൊരു പൊട്ടിയ വളയമായങ്ങനെ മനസ്സും ശരീരവും വേർപെട്ട് നിൽക്കുന്നു. വികാരങ്ങളിൽ ഒരിക്കലും തൃപ്തി വരാത്തവരുണ്ടാകും. പൂർണ്ണതയെത്താൻ അവരെന്തും തേടിക്കൊണ്ടേയിരിക്കും. അതല്ല നേരായ മാർഗം എന്ന് പഠിപ്പിക്കാൻ പോയാൽ സ്വയം വിഡ്ഢികളായി നമുക്ക് മാറിക്കൊടുക്കേണ്ടി വരും. എല്ലാവരാലും വിമർശിക്കപ്പെട്ട അവൾ അന്ന് ഒന്നും മിണ്ടിയില്ല. എന്റെ ഊഴമെത്തിയപ്പോൾ, “ഇതിൽ ആരെയെങ്കിലും നീ മനസ്സ് കൊണ്ട് സ്നേഹിച്ചിട്ടുണ്ടോ?” എന്ന് മാത്രം ഞാൻ ചോദിച്ചു. ഒരു അധ്യാപിക ചോദിക്കാൻ പാടില്ലാത്ത ചോദ്യമാണെങ്കിലും ശുദ്ധസ്നേഹം മനസ്സിലാണ് എന്ന് വിശ്വസിക്കുന്ന ഒരു ‘പെണ്ണിനെ ’ വളമിട്ട് ഞാനെന്റെ ഉള്ളിൽ വളർത്തുന്നതിനാൽ അത്രയെങ്കിലും ചോദിക്കാതെങ്ങനെയാ.. മറുപടി ഉണ്ടായില്ല. ശരിക്കും പറഞ്ഞാ അവളും ശരിയാണ്, ആരാണിവിടെ തെറ്റുകാർ? അവനവനു തോന്നുന്ന ശരികളിൽ അഭിരമിക്കുന്നവരാണല്ലോ നമ്മളെല്ലാം തന്നെ! അവൾക്ക് വീട്ടുകാർ അറിയുന്നതിൽ വലിയ സങ്കടം ഉണ്ട്. പഠിപ്പ് നിൽക്കുമെന്ന് ഉറപ്പാണ്. “ഒന്നും ആരുമറിയാതെ ഉറപ്പിച്ച ചെക്കന്റെ തലേല് തന്നെ കെട്ടിവെക്കണം ടീച്ചറേ ” എന്ന അവളുടെ ഉമ്മയുടെ സംസാരം എന്നെ തളർത്തി. അവനെന്തറിയാൻ! അല്ലെങ്കിലും അറിഞ്ഞിട്ടിപ്പോ എന്തിനാ.. സുഖസുന്ദരമായി നിക്കാഹ് കഴിഞ്ഞു. ബിരിയാണി കഴിക്കാൻ ഞങ്ങൾക്ക് ക്ഷണമുണ്ടായിരുന്നു. ഞാൻ പോയില്ല. പിന്നീട് അവൾ കോളേജിൽ വന്നതുമില്ല. കല്ല്യാണം ഉറപ്പിച്ച പയ്യനെ ഒഴിവാക്കി മാറ്റാരുടെയോ കൂടെ ഒളിച്ചോടിയെന്ന് ചില കുട്ടികൾ കുശുകുശുക്കുന്നത് കേട്ടു. സ്റ്റാഫ്‌റൂമിൽ ഏതൊക്കെയോ ടീച്ചർമാരും സഹദിയ.. നിക്കാഹ്..ഒളിച്ചോട്ടം..തുടങ്ങിയ വാക്കുകൾ.
‘നാറ്റീവ് മീഡിയ ഇൻ ഇംഗ്ലീഷ്’ ന്റെ ടെക്സ്റ്റ് ബുക്കിന് വേണ്ടി ഒരു ദിവസം സേവ് ചെയ്യാത്ത പത്തക്ക നമ്പറായി ഒരു രാത്രി അവൾ വന്നു. ‘മിസ്സേ, സഹദിയയാ’ വെളിച്ചപ്പാടിനെ എല്ലാവരും കാണും, വെളിച്ചപ്പാടിന് കുറച്ചു പേരെയേ കാണൂ എന്ന് പറഞ്ഞ പോലെ, കോളേജ് കഴിഞ്ഞാൽ പല കുട്ടികളെയും ഞാൻ മറന്നു പോകും. ഓർക്കാനുള്ളത് കരുതി വെക്കുന്നവരിലേക്കാണല്ലോ നമ്മുടെ നോട്ടം പെട്ടന്ന് പതിയുക! ഒന്നോ രണ്ടോ സംസാരത്തിനിടയിൽ സഹദിയയെ പെട്ടന്ന് മനസ്സിലായി. ഇംഗ്ലീഷ് സപ്ലിയടിച്ച് ഒരു വകയായിട്ടുണ്ട്. ‘നീയെവിടെയാ?’ ‘കോഴിച്ചെന’ ‘മക്കളായോടാ?’ ‘എന്താ ചെയ്യാ രണ്ട് പെണ്മക്കളാണ്’ ‘അതിനെന്താടാ പെൺകുട്ടികൾ ഐശ്വര്യമല്ലേ ’ അവള് ചിരിച്ചു. ‘ഭർത്താവ്?’ ‘ഗൾഫിലാണ് ’ ഇംഗ്ലീഷ് സംശയം കാരണം അവൾ എന്നും വിളിക്കുമായിരുന്നു. ചിലപ്പോൾ കോളുകൾ ശല്ല്യമായി തോന്നാറുണ്ട്. എന്നാലും അവളുടെ സംശയനിവാരണത്തിന് ഞാൻ കൂട്ടു നിന്നു.
‘മിസ്സേ നിലവിലെനിക്ക് പതിമൂന്ന് കാമുകന്മാരുണ്ട്.’ ‘ചുമ്മാതല്ല നീ ഇംഗ്ലീഷ് തോറ്റത്.’ അവള് പൊട്ടി ചിരിച്ചു. പൊട്ടിച്ചിരിക്കുന്നവരെ കുട്ടിക്കാലത്ത് എനിക്ക് പേടിയായിരുന്നു. അവർക്കൊക്കെ കുറേ മുഖങ്ങളുള്ളതായി തോന്നും. ശരിക്കും നമ്മൾ കാണുന്ന മനുഷ്യർക്കെല്ലാം മൂന്ന് മുഖങ്ങളുണ്ട്.. ആദ്യത്തേത് രണ്ടും കാണാനും ഓർക്കാനും നല്ലത്. രണ്ടും നിലനിർത്തി പറ്റുമെങ്കിൽ സ്നേഹിക്കുക.. ഇല്ലെങ്കിൽ വിട്ടേക്കുക.. മനഃപൂർവം മൂന്നാമത്തേത് അന്വേഷിക്കാത്തതും കണ്ടെത്താൻ ശ്രമിക്കാത്തതുമാണ് നല്ലത്. വെറുക്കപ്പെട്ടവരിലേക്ക് തിരിഞ്ഞു നോക്കുക അത്രയും ബുദ്ധിമുട്ടാണ്. കാരണം അവളിൽ വേരൂന്നിയ കുറേ പ്രേമകഥകൾക്ക് ഒരിക്കലും അന്തമുണ്ടായിരുന്നില്ല.
“മിസ്സ് പ്രേമിച്ചിട്ടുണ്ടോ?” “പ്രേമംന്ന് പറയാൻ പറ്റുമോ ആവോ, ഒരു പ്രത്യേക ഇഷ്ടംണ്ടായിരുന്നു ” “ന്നട്ടോ?” “അയാൾക്ക് എന്നെ കാണുമ്പോഴൊക്കെ ‘ഒരു നറുപുഷ്പമായ്’ എന്ന പാട്ട് ഓർമ്മ വരുമായിരുന്നു.. എനിക്കും ആ പാട്ട് ഇഷ്ടമായിരുന്നു. ബിജുമേനോനും, സംയുക്ത വർമ്മയും ഇരിക്കണ പോലെ കടല് നോക്കി ഇരിക്കാൻ പൂതിയൊക്കെ ഉണ്ടായിരുന്നു.” “എന്നിട്ടെന്ത് പറ്റി?” “പ്രേമിക്കുമ്പോൾ നാം പാട്ട് പാടുന്നു, പാടിപ്പാടി തൊണ്ടയിടറി പ്രേമം വറ്റുന്നു , തിരുമുറിയാതെ പിന്നീട് പാട്ട് മാത്രം പെയ്യുന്നു ” “ഈ മിസ്സിന്റെ സാഹിത്യം എനിക്ക് മനസ്സിലാവണില്ല” അവള് പറഞ്ഞു. ചിരിക്കുന്ന ഇമോജിയിൽഞാൻ പറഞ്ഞു നിർത്തും.
ഒരു അധ്യാപികയോട് പറയാൻ പറ്റാത്ത പലതും അവളെന്നോട് തുറന്നു പറഞ്ഞു. “എങ്ങനെയാടീ നീയിങ്ങനെ പല’മാനിക്’ സഹദിയയായത്?” “അയ്യേ.. നല്ല പേര്! “പല ആണുങ്ങളും പല സ്വഭാവക്കാരാണ്.. സംഭവം രസാണ് ” മെസ്സേജ് സൗഹൃദം പതുക്കെ പതുക്കെ ഞാൻ കുറച്ചു. അവളുടെ സംസാരത്തിന്റെ അമിതമായ പക്വത എനിക്കൊട്ടും രസിച്ചില്ല. മടുത്ത മനസ്സുമായി ചിലർക്ക് ഞാൻ മെസ്സേജ് അയക്കുന്നത് വലിയ പിരിമുറുക്കത്തോടെയാണ്. ‘പറ്റില്ല’ എന്ന് ഒറ്റവാക്കിൽ പറയാൻ കഴിയാത്തതിനാൽ പെട്ടുപോയ അനുഭവങ്ങളിൽ നിന്നും കരുത്താർജിച്ച് സഹദിയ വിളിച്ചാൽ ഞാനിപ്പോൾ എടുക്കാറില്ല. എനിക്കൊട്ടും താല്പര്യമില്ലാത്ത ആ ബന്ധം അറ്റുപോവാൻ ആശിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു തോന്നലുണ്ടാവുന്നത്.
ആരോടെങ്കിലും തുറന്നു പറയാനുള്ള, ഉൾവേവുകളെ പുറം തള്ളാനുള്ള സഹദിയയുടെ ആശ്വാസമാവാം ഞാൻ. പക്ഷെ അവളുടെ കേൾവിക്കാരിയാവുക എന്നതിൽ ഞാനൊട്ടും തൃപ്തയല്ലായിരുന്നു. തൃപ്തിയില്ലായ്മയിൽ നിന്ന് ഇറങ്ങിപ്പോരാനെങ്കിലും പഠിച്ചില്ലെങ്കിൽ സഹദിയയുടെ പല’മാനിക്’ കഥകളിൽ ചിലപ്പോൾ ഞാനറിയുന്ന കുറേ പുരുഷന്മാരുണ്ടാകും. വേണ്ട.. അറിയണ്ട. അവൾ ഡിഗ്രി പാസ്സ് ആയോന്ന് ഞാനൊരിക്കലും ചോദിച്ചില്ല.. എത്ര വിളിച്ചിട്ടും ഫോൺ എടുക്കാത്ത അധ്യാപികയെ അവളിപ്പോൾ വിളിക്കാറില്ല.. അവളെ അറിയാൻ ഞാനിനി ശ്രമിക്കില്ല. അറിവില്ലായ്മയുടെ സുഖം, ഒരു വിദ്വാനും ലഭിക്കില്ലല്ലോ . ക്ഷമിക്കണം പെണ്ണേ. ചിലരില്ലാത്തതാണ് നമ്മുടെ സന്തോഷം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.