21 June 2024, Friday

ഹിറ്റുകളുടെ ‘ഗോഡ്ഫാദറിന്’ വിട.…

Janayugom Webdesk
കൊച്ചി
August 8, 2023 9:19 pm

കൊച്ചി: പ്രശസ്ത സിനിമ സംവിധായകൻ സിദ്ദിഖ് (68) അന്തരിച്ചു. കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ഇന്നലെ രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുമായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ ഒമ്പതുമുതൽ 11.30 വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും തുടർന്ന് കാക്കനാട് പള്ളിക്കരയിലുള്ള സ്വവസതിയിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കും.
കൊച്ചി പുല്ലേപ്പടി സ്വദേശിയായ സിദ്ദിഖ് കാക്കനാട് നവോദയയിലായിരുന്നു താമസം. കറുപ്പിനുമൂപ്പിൽ വീട്ടിൽ ഇസ്മയിൽ ഹാജി-സൈനബ ദമ്പതികളുടെ മകനായി 1960 ഓഗസ്റ്റ് ഒന്നിന് ജനനം. ഭാര്യ: സജിത. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ മെഹർ, ഷെഫ്സിൻ. 

കൊച്ചിൻ കലാഭവന്റെ മിമിക്രി വേദിയിൽ തിളങ്ങി നിൽക്കെയാണ് സിദ്ദിഖിന്റെ സിനിമാപ്രവേശം. പ്രിയ സുഹൃത്ത് ലാലിനൊപ്പം സംവിധായകൻ ഫാസിലിന്റെ സഹസംവിധായകരായി തുടക്കം.
ഇരുവരും ചേർന്ന് സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) എന്ന ചിത്രത്തിന് തിരക്കഥയും നാടോടിക്കാറ്റ് (1987) സിനിമക്ക് കഥയുമെഴുതി. സിദ്ദിഖ്–ലാൽ സംവിധായക കൂട്ടുകെട്ടിലെ ആദ്യസിനിമ റാംജി റാവു സ്പീക്കിങ് (1989) വൻ ഹിറ്റായി. പിന്നീട്, ഇൻഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയിലും വിജയമാവർത്തിച്ചു. ലാലുമായി വഴിപിരിഞ്ഞശേഷം ഹിറ്റ്ലർ (1996) സിനിമയിലൂടെ സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി. തുടർന്ന് ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആന്റ് ജെന്റിൽമാൻ, ഭാസ്കർ ദി റാസ്കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്ബ്രദർ (2020) ആണ് അവസാന സിനിമ. സിദ്ദിഖിന്റെ സംവിധാനത്തിൽ ബോഡി ഗാർഡ് ഹിന്ദിയിലും തമിഴിലും റീമേക്ക് ചെയ്തു. 

ഫ്രണ്ട്സിനും ക്രോണിക് ബാച്ചിലറിനും തമിഴ് പതിപ്പുകളുണ്ടായി. മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ്, കിങ് ലയർ എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും ഫിംഗർപ്രിന്റ് എന്ന ചിത്രത്തിന് തിരക്കഥയും അയാൾ കഥയെഴുതുകയാണ് ചിത്രത്തിന് കഥയുമെഴുതി. പത്തോളം ചിത്രങ്ങളിൽ ചെറിയ വേഷത്തിലും അഭിനയിച്ചു. രണ്ടു ചിത്രങ്ങൾ നിർമ്മിച്ചു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകനും വിധികർത്താവുമായിരുന്നിട്ടുണ്ട്. ഗോഡ്ഫാദർ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് പുറമെ ക്രിട്ടിക്സ് അവാർഡ്, ഫിലിംഫെയർ അവാർഡ് എന്നിവയും നേടി.
കൊച്ചിൻ കലാഭവൻ 1981 ൽ ആദ്യമായി വേദിയിൽ അവതരിപ്പിച്ച മിമിക്സ് പരേഡിൽ പങ്കെടുത്ത ആറു കലാകാരന്മാരിൽ ഒരാളാണ്. മിമിക്രിയെ പ്രൊഫഷണലായി ചിട്ടപ്പെടുത്തി ജനപ്രിയമാക്കുന്നതിൽ സിദ്ദിഖ് പ്രധാന പങ്കുവഹിച്ചു.

ആന്റോ ജോസഫ്, ബി ഉണ്ണിക്കൃഷ്ണന്‍, ലാല്‍ എന്നിവര്‍ ചേര്‍ന്ന് മരണവിവരം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നു

സംവിധായകന്‍ എന്നതിനുപുറമെ തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1954 ഓഗസ്റ്റ് 1 ന് കൊച്ചിയിൽ ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി ജനിച്ച സിദ്ധിഖ് ഇസ്മായിൽ കളമശ്ശേരി സെന്റ് പോൾസ് കോളജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1984 മെയ് 6‑ന് അദ്ദേഹം സജിതയെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് സുമയ, സാറ, സുകൂൺ എന്നീ മൂന്ന് പെൺമക്കളുണ്ട്.

മലയാള സിനിമാ ചരിത്രത്തില്‍ ഹാസ്യകഥകള്‍ക്ക് ഇത്രയേറെ ആരാധകരുണ്ടെന്ന് തെളിയിച്ച കൂട്ടുകെട്ട്, സിദ്ധിഖ്-ലാലിലെ സിദ്ധിഖ് അരങ്ങൊഴിഞ്ഞു. സിദ്ധിഖ്-ലാല്‍ എന്നത് ഒരാളാണെന്നുവരെ കരുതിയ കാലയളവ് മലയാള സിനിമയ്ക്കുണ്ടായിരുന്നു. സിദ്ധിഖ്-ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളെല്ലാം വൻ വിജയമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഹാസ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രശസ്ത സം‌വിധായകൻ ഫാസിലിനെ സഹായിച്ചുകൊണ്ടാണ് സിദ്ധിഖ് തന്റെ സം‌വിധാന ജീവിതം തുടങ്ങുന്നത്. ആദ്യകാലങ്ങളിൽ കൊച്ചിൻ കലാഭവനിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് ഫാസിൽ സിദ്ധിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.

ലാലിനോടൊപ്പം ചെയ്ത ചിത്രങ്ങൾ

റാംജിറാവ് സ്പീക്കിങ്ങ്
ഇൻ ഹരിഹർ നഗർ
2 ഹരിഹർ നഗർ
ഗോഡ്ഫാദർ
വിയറ്റ്നാം കോളനി
കാബൂളിവാല

ഒറ്റയ്ക്ക് ചെയ്ത ചിത്രങ്ങൾ

ഹിറ്റ്ലർ
ഫ്രണ്ട്‌സ്
ഫ്രണ്ട്‌സ് (തമിഴ്)
ക്രോണിക് ബാച്ച്‌ലർ
എങ്കൾ അണ്ണ (തമിഴ്)
സാധു മിറാൻഡ (തമിഴ്)
ബോഡി ഗാർഡ്
കാവലൻ (തമിഴ്)
ബോഡിഗാർഡ് (ഹിന്ദി)
ലേഡീസ് & ജെന്റിൽമാൻ
ഭാസ്ക്കർ ദ റാസ്ക്കൽ
ഫുക്രി
ബിഗ് ബ്രദർ (2019)

Eng­lish Sum­ma­ry: direc­tor sid­diqe passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.