27 April 2024, Saturday

Related news

February 14, 2023
December 2, 2022
February 22, 2022
February 10, 2022
January 23, 2022
January 17, 2022
January 8, 2022
December 26, 2021
December 19, 2021
December 14, 2021

എത്രമാത്രം സന്തോഷത്തോടെ ചിരിച്ചോ, അതിന്റെ നൂറിരട്ടി വേദനയോടെ മണി കരഞ്ഞു; ഓര്‍മ്മകള്‍ പങ്കിട്ട് വിനയൻ

Janayugom Webdesk
February 14, 2023 10:19 pm

നടൻ കലാഭവൻ മണിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകൻ വിനയൻ. “വാസന്തിയും ലഷ്മിയും പിന്നെ ഞാനും” എന്ന തന്റെ സിനിമയിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ലഭിക്കും എന്ന് ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന മണിയെ ഓര്‍മ്മിപ്പിക്കുകയാണ് വിനയൻ.

അവാര്‍ഡ് തനിക്ക് കിട്ടിയില്ലെന്ന് അറിഞ്ഞപ്പോള്‍ മണി പൊട്ടിക്കരയുന്നത് കണ്ട് താൻ പതറിപ്പോയി എന്നും വിനയൻ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർത്ഥ ചിത്രവും ഉടൻ താൻ പങ്കുവയ്ക്കുമെന്ന് അറിയിച്ചുകൊണ്ടാണ് വിനയൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഈ ജീവിതയാത്രയിലെ ഒാർമ്മച്ചിന്തുകൾ കുത്തിക്കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്… പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളിൽ കുറച്ചു സമയം ആ എഴുത്തുകൾക്കായി മാറ്റിവയ്കാറുണ്ട്.. അതിൽ നിന്നും ചില വരികൾ ഇങ്ങനെ fbയിൽ പങ്കു വയ്കാനും ആഗ്രഹിക്കുന്നു.. കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെൻെറ കണ്ണു നിറഞ്ഞു പോയി എന്നതാണു സത്യം… ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും.. ചെറിയ സന്തോഷങ്ങളിൽ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു മണി.. ആ മണി 2000ലെ നാഷനൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷ്യൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ ബോധം കെട്ടു വീണതിൻെറ സത്യമായ
കാരണം എന്താണ്.. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിൻെറ യഥാർത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല..
ചിലരൊക്കെ അതു തമാശയാക്കി എടുത്തു ചിലരൊക്കെ മണിയെ കളിയാക്കി..“വാസന്തിയും ലഷ്മിയും പിന്നെ ഞാനും”
എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സുപ്പർഹിറ്റായി ഒാടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്… പക്ഷേ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്കു പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട… നമ്മളാ ജെനുസിൽ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രുപത്തിൽ ഞാൻ പറയുമായിരുന്നു..

പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാൻ ആ കമ്മിറ്റിയിൽ ആരെങ്കിലും ഉണ്ടായാൽ അതു ഭാഗ്യം എന്നും ഞാൻ പറഞ്ഞിരുന്നു.. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിൻെറ അത്ഭുതദ്വീപിനും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്..
അതിൽ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാൻ പോയിട്ടുമില്ല..കാരണം നമ്മളാ ജെനുസ്സിൽ പെട്ട ആളല്ലല്ലോ?😂

2000 ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ് മെൻറ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിർബ്ബന്ധപുർവ്വം ഞാൻ മണിയോടു പറഞ്ഞെങ്കിലും എൻെറ അവാർഡ് ഉറപ്പാസാറെ.. എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ..അതു സത്യമാ സാറെ.. സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല…
പക്ഷേ എൻെറ മനസ്സൂ പറഞ്ഞപോലെ തന്നെ മണിക്കു അവാർഡു കിട്ടിയില്ല…

ആശ്വാസ അവാർഡ് പോലെ സ്പെഷ്യൽ ജൂറി അവാർഡും… ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡും ആ സിനിമയ്കു തന്നു..
ആ അവാർഡു പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിൻെറ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി…

എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിൻെറ യഥാർത്ഥ ചിത്രവും ഒക്കെ എൻെറ ഒാർമ്മക്കുറിപ്പുകളിൽ പിന്നിടു നിങ്ങൾക്കു വായിക്കാം…

Eng­lish Sum­ma­ry: direc­tor vinayan about actor kal­ab­ha­van mani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.