22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 25, 2024
July 23, 2024
July 23, 2024
July 23, 2024
July 20, 2024
February 6, 2024
February 5, 2024
October 8, 2022
April 27, 2022
February 2, 2022

പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ്

Janayugom Webdesk
February 2, 2022 5:00 am

രാജ്യത്തെ 90 ശതമാനം വരുന്ന സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതയാഥാർത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും അവരെ അപ്പാടെ അവഗണിക്കുകയും ചെയ്‌ത ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. അത് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതായി. പ്രധനമന്ത്രി നരേന്ദ്രമോഡിയോ അദ്ദേഹം നയിക്കുന്ന ഭരണകൂടമോ ഒരിക്കലും സാമ്പത്തികനീതിയെപ്പറ്റി രാജ്യത്തിനോ ജനങ്ങൾക്കോ യാതൊരു മിഥ്യാധാരണയും ഒരിക്കലും നല്കിയിട്ടില്ല. അവർ എല്ലായ്പ്പോഴും പരസ്യമായി അതിസമ്പന്നർക്കും അവരുടെ കോർപറേറ്റ് താല്പര്യങ്ങൾക്കും ഒപ്പമായിരുന്നു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് അതിന്റെ ആവർത്തിച്ചുറപ്പിക്കൽ ആയിരുന്നു. കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിൽ എത്തിനിക്കുമ്പോൾ രാജ്യത്തെ മരണസംഖ്യ ഏതാണ്ട് അഞ്ചുലക്ഷത്തോളം എന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. അത് ബ്രസീൽ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ഉയർന്ന മരണസംഖ്യ ആണ്. അതാവട്ടെ യഥാർത്ഥ മരണസംഖ്യയുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് സ്വതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു. മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനവും രാജ്യത്തെ പരമദരിദ്രരുടെ എണ്ണത്തിൽ നിരവധികോടികളുടെ വർധനവാണ് ഉണ്ടാക്കിയത്. ആ ജനവിഭാഗങ്ങൾക്ക് പ്രതീക്ഷ നൽകുന്ന യാതൊന്നും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. ഭക്ഷ്യ സബ്സിഡി ഇനത്തിൽ കഴിഞ്ഞവർഷത്തെ അത്ര തുകപോലും ഇത്തവണ വകയിരുത്തിയിട്ടില്ല. കഴിഞ്ഞവർഷം അത് 2,99,354.6 കോടി രൂപ ആയിരുന്നിടത്തു ഇത്തവണ അത് 2,07,291.1 കോടിയായി കുറയ്ക്കുകയാണ് ഉണ്ടായതു. അഭൂതപൂർവമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലും ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നതു കഴിഞ്ഞ വർഷം ചെലവിട്ടതിലും കുറഞ്ഞ തുക മാത്രം. കോവിഡ് മഹാമാരിയുടെ പ്രഭാവം ഇനിയും കെട്ടടങ്ങാതെ തുടരുകയും ജനിതകമാറ്റം വന്ന പുതിയ വകഭേദത്തെകുറിച്ചുള്ള ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽപോലും രാജ്യത്തെ ആരോഗ്യപരിപാലനത്തിനും വൈദ്യശാസ്ത്ര ഗവേഷണത്തിനും ആവശ്യമായ തുക വകയിരുത്താത്ത ബജറ്റ് ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കല്പിക്കുന്നത്. കോവിഡിനെ തുടർന്ന് താറുമാറായ വിദ്യാഭ്യാസ രംഗത്തെ പുനരുദ്ധരിക്കാൻ മതിയായ പരിഗണന നൽകാത്ത ബജറ്റ് ഭാവി തലമുറയോട് ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്.


ഇതുകൂടി വായിക്കാം;കേന്ദ്ര ബജറ്റ്: പരിഗണന ലഭിക്കാതെ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം 


സംസ്ഥാനങ്ങളുടെ നികുതി പിരിക്കാനുള്ള ഭരണഘടനപരമായ അവകാശം കവർന്നെടുത്ത ചരക്കുസേവന നികുതി പരിഷ്കാരം അവര്‍ക്കുണ്ടാക്കുന്ന നഷ്ടം നികത്താനുള്ള നഷ്ടപരിഹാരത്തുകയുടെ കാലാവധി നീട്ടണം എന്നുള്ള കൂട്ടായ ആവശ്യം ബജറ്റ് നിരാകരിക്കുന്നു. ആ നടപടി അക്ഷരാർത്ഥത്തിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനെ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും തള്ളിവിടുക. അത് സഹകരണാത്മക ഫെഡറൽ തത്വങ്ങളുടെ നിഷേധമാണ്. വരുമാനസ്രോതസുകൾ തുലോം തുച്ഛമായ കേരളത്തിന് കേന്ദ്രത്തിന്റെ ഈ നിലപാട് കനത്ത സാമ്പത്തിക ആഘാതം ആയിരിക്കും സൃഷ്ടിക്കുക. കേരളത്തിന്റെ റയിൽവേ വികസനം സംബന്ധിച്ച ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് ബജറ്റ് അവലംബിക്കുന്നത്. സംസ്ഥാനത്തിന് സ്വന്തമായ റയില്‍വേസോൺ അടക്കം സുപ്രധാന ആവശ്യങ്ങളും നിരാകരിക്കപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ പൊതുമേഖലാ ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയിൽ നിര്‍ണായകവും, ദീർഘകാലമായി ഉന്നയിച്ചുവരുന്നതുമായ എയിംസ് എന്ന ആവശ്യവും നിഷേധിക്കപ്പെട്ടിരിക്കുന്നു. മൂലധനനിക്ഷേപത്തിനു ഏറെ ഊന്നൽ നൽകുന്ന ബജറ്റ് എന്ന് കൊണ്ടാടപ്പെടുന്നതെങ്കിലും റയിൽവേ, ദേശീയപാതകൾ, വിമാനത്താവളം, തുറമുഖങ്ങൾ, പൊതുമേഖലാ വ്യവസായ നിക്ഷേപങ്ങൾ എന്നിവയുടെ കാര്യത്തിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമോ എന്ന ആശങ്ക അവശേഷിക്കുന്നു. കേന്ദ്ര ബജറ്റ് അടിസ്ഥാന സൗകര്യ വികസനരംഗത്തു വൻ നിക്ഷേപ വാഗ്ദാനങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. 25000 കിലോമീറ്റർ ദേശീയപാത, 2000 കിലോമീറ്റർ രാജ്യാന്തര നിലവാരമുള്ള റയിൽപാത എന്നിവ അവയിൽ ഉൾപ്പെടുന്നു. അത്തരം മൂലധന നിക്ഷേപങ്ങൾ ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുനൽകുമെന്നാണ് സങ്കല്പം. വികസന രംഗത്തെ ഈ നിക്ഷേപം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് അനിവാര്യവും, അതുകൊണ്ടു തന്നെ സ്വാഗതാര്‍ഹവുമാണ്. എന്നാൽ മേല്പറഞ്ഞ നിക്ഷേപവും വികസനവും ഈ ബജറ്റ് കാലയളവിൽ പൂർത്തീകരിക്കാനുള്ളവ അല്ലെന്നും അവയിൽ പലതും പൂർത്തീകരിക്കാൻ വർഷങ്ങൾ തന്നെ വേണ്ടിവരുമെന്നുമുള്ള സൂചന ധനമന്ത്രി തന്നെ നല്കുന്നത് നിക്ഷേപത്തെയും വികസനത്തെയും തൊഴിലിനേയും വരുമാനത്തെയും പറ്റിയുള്ള പ്രതീക്ഷകൾക്ക് തെല്ലൊന്നുമല്ല മങ്ങൽ ഏല്പിക്കുന്നത്.

You may also like this video;

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.