27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

സൂര്യോദയ സമ്പദ്ഘടന

ജയ്സണ്‍ ജോസഫ്
തിരുവനന്തപുരം
February 5, 2024 6:00 pm

മൂന്നു വർഷത്തിനുള്ളിൽ കുറഞ്ഞത് മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം ഉറപ്പാക്കാനുതകുന്ന പ്രവർത്തനപരിപാടികൾക്ക് ഊന്നൽ നൽകി സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കേന്ദ്രത്തിൽ നിന്ന് ന്യായം ലഭിക്കുന്നതു വരെ കാത്തിരിക്കാനല്ല സംസ്ഥാനത്തിന്റെ സാധ്യതകളാകെ ഉപയോഗിച്ച് പൊതു — സ്വകാര്യ മൂലധന നിക്ഷേപം ശക്തിപ്പെടുത്തി പദ്ധതികൾ അതിവേഗം നടപ്പിലാക്കുകയാണ് ലക്ഷ്യം. 1,38,655 കോടി രൂപ വരവും 1,66,501 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. റവന്യു കമ്മി 27,846 കോടി രൂപ. ധനക്കമ്മി 44,529 കോടിയും. സംസ്ഥാന മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ 2.12 ശതമാനമാണ് റവന്യു കമ്മി. ധനക്കമ്മി ആഭ്യന്തര ഉല്പാദനത്തിന്റെ 3.4 ശതമാനം രേഖപ്പെടുത്തുന്നു.

1970കളുടെ അവസാനത്തിൽ ചൈനയിൽ വൻസാമ്പത്തിക കുതിപ്പിന് വഴിയൊരുക്കിയ “ഡെവലപ്മെന്റ് സോൺ” മാതൃകയാക്കി വിഴിഞ്ഞം അടക്കമുള്ള മേഖലകളുടെ വികസന സാധ്യതകളെ പ്രയോജനപ്പെടുത്തും. പ്രവാസി മലയാളികൾ ഉൾപ്പെടെ സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചും സ്വകാര്യ നിക്ഷേപം ആകർഷിച്ചും കൊണ്ടാകും സ്പെഷ്യൽ ഡെവലപ്മെന്റ് സോണുകൾ സൃഷ്ടിക്കുക.
കേരളത്തിന്റെ സമ്പദ് ഘടന ഒരു സൂര്യോദയ സമ്പദ്ഘടനയായി മാറിക്കൊണ്ടിരിക്കുന്നു എന്ന ആമുഖത്തോടെ തുടങ്ങിയ ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കോടതി ഫീസുകളിൽ ഉൾപ്പെടെ കാലോചിതമായ പരിഷ്കരണം നടപ്പാക്കി അധിക വിഭവ സമാഹരണം ലക്ഷ്യമിടുന്നു. സാധാരണക്കാരുടെ മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കുന്നുമില്ല.

ടൂറിസം, വിദ്യാഭ്യാസം, പരിചരണം, ആരോഗ്യം എന്നി മേഖലകളിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിടുന്നു. എല്ലാ മേഖലകൾക്കും ആവശ്യമായ തുകയും വകയിരുത്തി. റബ്ബറിന്റെ താങ്ങുവില പത്തുരൂപ വർധിപ്പിച്ചു. ജീവനക്കാർക്കായി പുതിയ പെൻഷൻ സ്കീം നടപ്പിലാക്കും. ഏപ്രിൽ ശമ്പളത്തോടൊപ്പം ഒരു ഗഡു ഡിഎ നൽകാനും തീരുമാനമായി. കേരള ലോട്ടറിയുടെ സമ്മാനഘടന പുതുക്കി നിശ്ചയിക്കും.
മുൻകാല റെക്കോഡുകളെ ഭേദിക്കുന്ന തനത് വരുമാനവളർച്ചയാണ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്ന് ധനമന്ത്രി അക്കമിട്ടു. 2020–21ൽ തനത് നികുതിവരുമാനം 47,661 കോടി രൂപയാണ്. 2021–22ൽ അത് 58,380 ആയും 2022–23ൽ 71,968 കോടിരൂപയായും ഉയർന്നു. നടപ്പുവർഷം ഇത് 78,000 കോടി രൂപയിലധികമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ധനകാര്യ വർഷം അവസാനിക്കുമ്പോഴേക്കും ഇത് 2020–21നെ അപേക്ഷിച്ച് തനത് നികുതിവരുമാനം ഏകദേശം ഇരട്ടിയാകും. ഇത് സ്വപ്നതുല്യമായ നേട്ടമാണ്.

അധിക വിഭവസമാഹരണ മാര്‍ഗങ്ങള്‍

നികുതി നികുതിയേതര മേഖലകളില്‍ സാധാരണക്കാര്‍ക്ക് വലിയ ബാധ്യത വരാതെയുള്ള വിഭവ സമാഹരണമാണ് ബജറ്റില്‍ നിര്‍ദേശിക്കുന്നത്. കോടതി നിരക്ക് വർധനവിലൂടെ 50 കോടിയുടെ അധിക വരുമാനം ലക്ഷ്യമിടുന്നു. വൈദ്യുതി തീരുവ യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി വർധിപ്പിച്ചു. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം.
രജിസ്ട്രേഷൻ വിഭാഗത്തിൽ ഡെപ്പോസിറ്റ് ഓഫ് ടൈറ്റിൽ ഡീഡിന്റെ കരാറുകൾ നിർബന്ധമായും ഓൺലൈനായി സബ് രജിസ്ട്രാർ ഓഫിസുകളിൽ ഫയൽ ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്രകാരമുള്ള ഫയലിങ്ങിന് വായ്പാ തുകയുടെ 0. 1 ശതമാനം നിരക്കിൽ പരമാവധി 10, 000 രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഫയലിങ് ഫീസ് ഇനത്തിൽ ഈടാക്കും. പ്രതിവർഷം ഏകദേശം 50 കോടി പ്രതീക്ഷിക്കുന്നു.
സിവിൽ റവന്യു കോടതി, ഗവൺമെന്റ്, കളക്ടർ, മറ്റ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പുറപ്പെടുവിക്കുന്ന വില്പന സർട്ടിഫിക്കറ്റുകൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്നുണ്ട്. ഇത് മറ്റു സിവിൽ ഉദ്യോഗസ്ഥർ പുറപ്പെടുവിക്കുന്ന വില്പനകൾക്കും ബാധകമാക്കും.
സ്ക്രാപ്പിങ് നയത്തിന് രൂപം നല്‍കി ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, കണ്ടം ചെയ്ത വാഹനങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിലൂടെ വിവിധ വകുപ്പുകള്‍ക്ക് ധനം സമാഹരിക്കാന്‍ കഴിയും. 200 കോടി പ്രതീക്ഷിക്കുന്നു.

അവഗണന തുടര്‍ന്നാല്‍ ‘പ്ലാൻ ബി’

കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കിൽ ഒരു ‘പ്ലാൻ ബി‘യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങൾക്കുനൽകുന്ന ആനുകൂല്യങ്ങളിൽ ഒരു കുറവും വരുത്താൻ സർക്കാർ തയ്യാറല്ല.
നികുതിപിരിവിൽ വർധനയുണ്ടായിട്ടും ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര നിലപാടാണ്. 65 രൂപ സംസ്ഥാനം പിരിച്ചെടുത്താൽ 35 രൂപ കേന്ദ്രം തരും എന്നതാണ് ദേശീയ ശരാശരി. എന്നാൽ കേരളം 79 രൂപ പിരിച്ചെടുക്കുമ്പോൾ കേന്ദ്രം തരുന്നത് 21 രൂപയാണ്. നൂറിൽ 21 രൂപ മാത്രമാണ് കേന്ദ്രത്തിന്റെ സംഭാവന. കേന്ദ്ര അവഗണനയ്ക്ക് ഇത് തെളിവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സൂര്യോദയ ഘടകങ്ങള്‍

ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്റിന്റെ ചലനാത്മകതയുടെയും ഉല്പാദന വളര്‍ച്ചയുടെയും മുന്‍നിരയില്‍ നില്‍ക്കുന്ന വികസന ഘടകങ്ങളാണ് സൂര്യോദയ സമ്പദ്ഘടന എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ മറുവശം സൂര്യാസ്തമയ ഘടകങ്ങളാണ്. കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും ഇടിയുന്ന ഡിമാന്റും ഉല്പാദന സ്തംഭനവുമാണ് ഇതിന്റെ ഘടകങ്ങള്‍.

മണൽവാരൽ പുനരാരംഭിക്കും

ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്നും മണൽവാരൽ പുനരാരംഭിക്കും. മണൽ നിക്ഷേപമുള്ള മറ്റ് നദികളിൽ നിന്നും ഘട്ടം ഘട്ടമായി മണൽ വാരും. ഇതിലൂടെ 200 കോടി പ്രതീക്ഷിക്കുന്നു.

ഫെയർവാല്യൂ പരിഷ്കരിക്കും

ഫെയർവാല്യൂ കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി ഏർപ്പെടുത്തും. പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലയ്ക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കും. കേരള മുദ്ര പത്ര നിയമത്തിൽ ഇതനുസരിച്ച് ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു.

Eng­lish Summary:kerala Sun­rise economy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.