ബിവറേജസ് ചില്ലറ മദ്യവിൽപ്പന ശാലയിൽ നിന്ന് ഇഷ്ടക്കാർക്ക് നിയമം ലംഘിച്ച് കുപ്പിക്കണക്കിന് മദ്യം നൽകുന്നുവെന്ന് പരാതി. കുപ്പിയൊന്നിന് 50 രൂപ വരെ അധിക തുക ഈടാക്കിയാണ് മദ്യം നൽകുന്നത്. നിയമപരമായി അനുവദിച്ചിട്ടുള്ള അളവിൽ ജവാൻ ബ്രാൻഡ് ചോദിക്കുകയോ വാങ്ങുകയോ ചെയ്യുന്നവർക്ക് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ മഫ്ടിയിൽ എത്തി ഭീഷണി മുഴക്കുന്നുവെന്നും ആരോപണം. താഴേവെട്ടിപ്രത്തെ ഔട്ട്ലെറ്റിനെതിരേ മേക്കോഴൂർ സ്വദേശിയായ യുവാവ് എക്സൈസ് മന്ത്രി, കമ്മിഷണർ, ബിവറേജസ് കോർപ്പറേഷൻ എം ഡി, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ, വെയർഹൗസ് മാനേജർ എന്നിവർക്ക് പരാതി നൽകി. തങ്ങളുടെ ഇഷ്ടക്കാരല്ലാത്തവർ ആരെങ്കിലും വന്ന് മൂന്ന് ഫുൾ ജവാൻ വാങ്ങിയാലുടൻ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് വരും. പിന്തുടർന്ന് പിടികൂടി ഭീഷണി മുഴക്കുകയും ചെയ്യും.
കഴിഞ്ഞ രണ്ടിന് രാവിലെ 10. 30 നും 11 നും ഇടയ്ക്ക് താഴേവെട്ടിപ്രം ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് മൂന്ന് ഫുൾ ജവാൻ വാങ്ങി മടങ്ങിയ തനിക്കുണ്ടായ ദുരനുഭവം യുവാവ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സ്കൂട്ടറിൽ മദ്യവുമായി മടങ്ങിയ തന്നെ എസ് പി ഓഫീസിന് മുൻവശം വച്ച് ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേർ തടഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥർ ആണെന്ന് പരിചയപ്പെടുത്തിയതിന് ശേഷം വാഹനം തുറന്ന് വസ്ത്രങ്ങൾ മാറ്റി ശരീര പരിശോധനയും നടത്തി. നിങ്ങൾ മദ്യക്കച്ചവടക്കാരനാണെന്നും പരാതിയുണ്ടെന്നും പറഞ്ഞായിരുന്നു പരിശോധന. നിയമ പ്രകാരം മദ്യം വാങ്ങിയതിന്റെ ബിൽ തന്റെ കൈവശമുണ്ടെന്നും അല്ലാത്ത പക്ഷം കേസെടുക്കാനും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയവർ പിന്തിരിഞ്ഞു പോയി. പൊതുജനമധ്യത്തിൽ തനിക്ക് ഈ സംഭവം വലിയ മാനക്കേടുണ്ടാക്കിയെന്ന് പരാതിയിലുണ്ട്.
താഴേവെട്ടിപ്രത്തെ ഔട്ട്ലെറ്റിൽ ജവാൻ മദ്യം സ്റ്റോക്കുണ്ടെങ്കിലും നൽകാൻ മടിയാണെന്ന് യുവാവ് പറയുന്നു. ടൗണിലും പരിസരത്തുമുള്ള പ്രമുഖ ബേക്കറികൾക്ക് പലഹാര നിർമാണത്തിനായി കുപ്പിയൊന്നിന് 50 മുതൽ 100 രൂപ വരെ അധികം ഈടാക്കി ആവശ്യത്തിന് മദ്യം നൽകുകയാണ് അധികൃതർ ചെയ്യുന്നത്. ഇതിന് പുറമേ അനധികൃത മദ്യക്കച്ചവടക്കാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ പരിധിയിൽ കവിഞ്ഞ് മദ്യം കൊടുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇതിൽ ഒരു പങ്ക് ചില എക്സൈസ് ഉദ്യോഗസ്ഥരും കൈപ്പറ്റുന്നുണ്ടെന്ന് പരാതിയിൽ യുവാവ് ആരോപിച്ചു. ഇഷ്ടക്കാർക്ക് കുപ്പിക്കണക്കിന് കൊടുക്കേണ്ടതിനാൽ അല്ലാത്തവർ ജവാൻ വാങ്ങാൻ ചെന്നാൽ കൗണ്ടറിലിരിക്കുന്നവർക്ക് മുഖം കറുക്കും. പിന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള ഓപ്പറേഷൻ. അനധികൃതമായി മദ്യ വിൽപ്പന നടത്തുന്ന ജീവനക്കാർക്കെതിരേയും പൊതുജനമധ്യത്തിൽ തന്നെ അവഹേളിച്ച എക്സൈസ് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കണമെന്ന് പരാതിയിലുണ്ട്.
English Summary: Discrimination in Beverages; Excise officials threatens consumers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.