രാജ്യത്തെ അഭിമാനകരവും പ്രശസ്തവുമായ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നടന്ന നിയമനം വിദ്യാഭ്യാസ വിദഗ്ധരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഉല്‍ക്കണ്ഠപ്പെടുത്തുന്നതാണ്. രാജ്യത്തിനാകെ അഭിമാനകരവും ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രവുമായ, പഠന — അക്കാദമിക മികവില്‍ മുന്നിട്ടു നില്ക്കുന്ന ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്ന എം ജഗദേഷ് കുമാറിനെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി) ചെയർമാനായും പകരം ജെഎന്‍യു വിസിയായി ശാന്തിശ്രീ ഡി പണ്ഡിറ്റിനെയും നിയമിച്ചതാണ് പുതിയ ഉല്‍ക്കണ്ഠ സൃഷ്ടിച്ചിരിക്കുന്നത്. രണ്ടു വ്യക്തികളുടെയും ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ ഇത്തരം സ്ഥാപനമേധാവികളാകുന്നതിന് അനുയോജ്യമാണെന്ന് സാങ്കേതികമായി വിശദീകരിക്കാന്‍ കഴിയുമായിരിക്കും. പക്ഷേ, അവരുടെ മുന്‍കാല നിലപാടുകള്‍ തീവ്ര വലതുപക്ഷ രാഷ്ട്രീയ പക്ഷപാതിത്വങ്ങളോടെയാണ് രേഖപ്പെട്ടുകിടക്കുന്നതെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ജെഎന്‍യു വിസിയായി പ്രവര്‍ത്തിച്ച ഏഴുവര്‍ഷം ജഗദേഷ് കുമാര്‍ വ്യക്തിയെന്ന നിലയില്‍ അത്തരം നിലപാടുകള്‍ സ്വീകരിക്കുകയായിരുന്നില്ല. മറിച്ച് വിസിയെന്ന നിലയില്‍ വലതു തീവ്രശക്തികളുടെ ഇച്ഛാനിഷ്ടങ്ങള്‍ക്കും ഭരണ നിര്‍ദേശങ്ങള്‍ക്കുമൊത്ത് താളംതുള്ളുകയായിരുന്നു. അത് എത്രയോ തവണ ജെഎന്‍യുവിന്റെ അന്തരീക്ഷം കലുഷിതമാക്കുന്നതിലേക്ക് നയിച്ചു. രാജ്യത്തിന്റെയാകെ വിവാദകേന്ദ്രമായി മാറ്റുകയും ചെയ്തു. അദ്ദേഹമാണ് ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കരിക്കുലം ഉള്‍പ്പെടെയുള്ള അക്കാദമികവും ഭരണപരവുമായ നേതൃത്വമെന്ന് വിശേഷിപ്പിക്കാവുന്ന യുജിസിയുടെ അധ്യക്ഷനായി നിയമിക്കപ്പെടുന്നത്. പകരമെത്തുന്ന ജെഎന്‍യു വിസി ശാന്തിശ്രീയെ ആദ്യ വനിതയെന്ന വിശേഷണത്തിന്റെ അകമ്പടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഇവരുടെ ട്രാക്ക് റെക്കോഡിലും വിദ്യാഭ്യാസ യോഗ്യതകള്‍ക്കുമപ്പുറം തീവ്ര നിലപാടുകളോടുള്ള ആഭിമുഖ്യവും കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളുമാണ് മുഴച്ചുനില്ക്കുന്നത്. അതുകൊണ്ടുതന്നെ രണ്ടു പേരും കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത കുബുദ്ധി കേന്ദ്രങ്ങളുടെ കണ്ടെത്തലുകളാണെന്നതില്‍ സംശയമില്ല.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള എട്ടുവര്‍ഷത്തോളമായി ഈ രണ്ട് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവാദത്തിന്റെയും പ്രക്ഷുബ്ധാവസ്ഥയുടെയും ഇടങ്ങളായിരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ കാവിവല്ക്കരിക്കുവാനും തങ്ങളുടെ വലതു — തീവ്ര ഹിന്ദുത്വ നിലപാടുകള്‍ അടിച്ചേല്പിക്കുവാനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ പലപ്പോഴും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളും സൃഷ്ടിച്ചിരുന്നു. പഠന ഗവേഷണ മേഖലകളില്‍ പുലര്‍ത്തുന്ന ഔന്നത്യവും ഇടതു ചിന്തകളുടെയും പുരോഗമനാശയങ്ങളുടെയും സംവാദാന്തരീക്ഷത്തിന്റെയും മികച്ച ഭൂമികയെന്ന പ്രത്യേകതയുമാണ് ജെഎന്‍യുവിനെ വേറിട്ടുനിര്‍ത്തുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന് അവിടെ വേരിറക്കുവാന്‍ സാധിക്കാറില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് 2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ ജെഎന്‍യു പിടിക്കുന്നതിനുള്ള ഗൂഢതന്ത്രങ്ങള്‍ ബിജെപി ആവിഷ്കരിച്ചത്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യപരമായ അവസരം ഉപയോഗിച്ച് അതിനു സാധിക്കില്ലെന്ന് വന്നപ്പോള്‍ വിസി ഉള്‍പ്പെടെയുള്ള ഉന്നതരെയും പൊലീസ് സംവിധാനത്തെയും ഉപയോഗിച്ച് പിടിച്ചടക്കല്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. അതിനും സാധിക്കാതെ വന്നപ്പോള്‍ ദേശദ്രോഹികളുടെ താവളം, വിഘടനവാദ കേന്ദ്രം എന്നൊക്കെയുള്ള പ്രചരണങ്ങളുമായി ജെഎന്‍യുവിനെ സംവാദകേന്ദ്രമെന്ന തലത്തില്‍ നിന്ന് വിവാദ കേന്ദ്രമാക്കി മാറ്റുന്നതിന് ശ്രമിച്ചു. നിരക്കുകള്‍ വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പാവപ്പെട്ടവര്‍ക്കും അടിസ്ഥാന വിഭാഗങ്ങള്‍ക്കും പ്രവേശന നിഷേധം, രാജ്യദ്രോഹ വിവാദം എന്നിങ്ങനെ ജെഎന്‍യുവിനെ അടുത്തകാലത്ത് ശ്രദ്ധാകേന്ദ്രമാക്കിയ എല്ലാത്തിനും ഒത്താശ ചെയ്തു നല്കിയ സ്ഥാപന മേധാവിയായിരുന്നു യുജിസി അധ്യക്ഷനായി പോകുന്ന ജഗദേഷ് കുമാര്‍. ഇദ്ദേഹത്തിന്റെ കാലത്താണ് ഒരുഡസനിലധികം വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ട് ജയിലിലായതും നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥി തിരോഭവിക്കപ്പെട്ടതും.
പകരമെത്തുന്നത് അതിനെക്കാള്‍ കടുത്ത നിലപാടുകളുള്ള ശാന്തിശ്രീ. തങ്ങളുടെ ഇച്ഛയ്ക്കൊത്ത് ഉയരുന്നവര്‍ എന്നതു തന്നെയാണ് ശാന്തിശ്രീക്ക് ജഗദേഷ് കുമാറിന് പകരമായി ജെന്‍യു വിസി സ്ഥാനം ലഭിക്കുന്നതിന് മുഖ്യ കാരണമായത് എന്നാണ് അവരുടെ അക്കാദമിക ബാഹ്യ യോഗ്യതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. വലതുപക്ഷ തീവ്ര സംഘടനകളുടെ എല്ലാ നിലപാടുകളും സമൂഹ മാധ്യമ വേദികളില്‍ ആവര്‍ത്തിച്ചവരാണ് ശാന്തിശ്രീയെന്ന വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ന്യൂനപക്ഷ വിരുദ്ധത മാത്രമല്ല മഹാത്മാ ഗാന്ധിയുടെ വധം ശരിയാണെന്നും ഗോഡ്സെയെ പ്രകീര്‍ത്തിച്ചുമുള്ള പോസ്റ്റുകളും ഇവരുടേതായി പുറത്തുവന്നിട്ടുണ്ട്. കര്‍ഷക പ്രക്ഷോഭ നേതാക്കളെ വ്യക്തിപരമായി ആക്ഷേപിക്കുന്ന അഭിപ്രായ പ്രകടനങ്ങളും ഇവര്‍ നടത്തുകയുണ്ടായി. ഈ രണ്ടു വ്യക്തികളെയും രാജ്യത്തെ സുപ്രധാനമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളാക്കിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സന്ദേശം വ്യക്തമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും വിഭാഗീയ — വിദ്വേഷ പ്രചരണങ്ങള്‍ ആധികാരിക മുദ്രയായി മാറുമെന്നുമാണത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുണ്ടാക്കുവാന്‍ പോകുന്ന പരിക്ക് മാരകമായിരിക്കുമെന്നതില്‍ സംശയമില്ല.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.