22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024

ടാറ്റയിൽ നിന്ന് ടാറ്റയിലേക്കുള്ള ദൂരം

കെ ദിലീപ്
നമുക്ക് ചുറ്റും
October 12, 2021 5:01 am

ന്ത്യയിലെ ജനങ്ങളിൽ സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ ശക്തമായി തുടങ്ങിയ അഭ്യസ്തവിദ്യർക്കിടയിൽ രാഷ്ട്രീയ അവബോധം വേരൂന്നി തുടങ്ങിയ 1880 കളിൽ ബോംബെ പ്രസിഡൻസിയിലെ ഏറ്റവും വലിയ പരുത്തി കർഷകരിൽ ഒരാളായ ജംഷഡ്ജി ടാറ്റ രാജ്യത്തുള്ള ആഭിമുഖ്യം പ്രകടമാക്കിയത് വ്യത്യസ്തമായാണ്. സാമ്രാജ്യത്തോട് നേർക്കുനേർ നിൽക്കണമെങ്കിൽ വ്യവസായമേഖലയിൽ ശക്തി പ്രാപിക്കണമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. നിശബ്ദമായി തന്നെ അദ്ദേഹം അത് സ്വന്തം ജീവിതത്തിൽ പകർത്തുകയും ചെയ്തു. 1886 ൽ ബോംബെ പ്രസിഡൻസിയിലെ ഏറ്റവും വലിയ തുണിമിൽ പലരുടെയും എതിരഭിപ്രായം മറികടന്ന് ജംഷഡ്ജി ടാറ്റ ഏറ്റെടുത്ത്, സ്വദേശി എന്ന് പേരിട്ട് വലിയ നവീകരണ പ്രസ്ഥാനങ്ങൾ നടത്തി — രണ്ടുവർഷം കഴിഞ്ഞിട്ടും ലാഭകരമായി പ്രവർത്തിക്കാൻ സാധിക്കാതെ വരികയും ചൈനയിലേക്ക് കയറ്റി അയച്ച നൂൽ തിരികെ വരികയും ചെയ്തപ്പോൾ, സ്വന്തം സ്വകാര്യ സമ്പാദ്യം മുഴുവൻ പണയംവെച്ച് മിൽ ആധുനികവൽക്കരിച്ചു. പത്തു വർഷത്തെ നഷ്ടങ്ങൾക്ക് ശേഷം അധ്വാനം ഫലം കണ്ടു. സ്വദേശി മില്ലിൽ ഉല്പാദിപ്പിച്ച നൂൽ ലങ്കാസ്റ്ററിലെ കോട്ടൺ മില്ലുകളിൽ ഉല്പാദിപ്പിച്ചവയേക്കാൾ വില നേടി. 1867 മുതൽ ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച ജംഷഡ്ജി 1899 ൽ ഇന്ത്യൻ വൈസ്രോയി അധികരിച്ചുവരുന്ന ആവശ്യം പരിഗണിച്ച് നാട്ടുകാർ കൂടി ഖനന കമ്പനികൾ സ്ഥാപിക്കാവുന്ന വിധത്തിൽ ലൈസൻസുകൾ നൽകാൻ തീരുമാനിച്ചപ്പോൾ, 1990 ല്‍ വേനൽക്കാലത്ത് ഇംഗ്ലണ്ടിലെത്തി ഇന്ത്യാ സെക്രട്ടറി ലോർഡ് ഹാമിൽടണെ സന്ദർശിച്ചു. ഖനനാനുമതി തേടി. പിന്നീട് ഹാമിൽടൺ പറഞ്ഞത് ‘രാഷ്ട്രീയബോധമുള്ള ഒരു ഉറച്ച മനുഷ്യൻ, എന്നാണ്. സഹായിക്കാമെന്ന വാഗ്ദാനം നേടിയശേഷം അദ്ദേഹം അമേരിക്കയിലേക്ക് പോയി ലോക പ്രശസ്തനായ മെറ്റലർജിക്കൽ എൻജിനീയർ ജൂലിയൻ കെന്നഡിയുടെ ഉപദേശ പ്രകാരം ചാൾസ് പെറിൻ എന്ന എന്‍ജിനീയറെ ഇന്ത്യയിലെ ഉരുക്കു നിർമ്മാണശാല സ്ഥാപിക്കുന്നതിന് ചീഫ് എൻജിനിയറായി ക്ഷണിച്ചു. പിന്നീട് പെ റിൻ ആ സന്ദർഭം ഇങ്ങിനെ ഓർത്തു “ഞാൻ ആദ്യം അത്ഭുതപ്പെട്ടു. പക്ഷെ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും കാരുണ്യവും സ്പുരിക്കുന്ന മുഖത്ത് നോക്കി ഞാൻ വരാം എന്ന് പറയാൻ മാത്രമേ ആയുള്ളൂ എന്നാണ്. എന്നാൽ ജംഷഡ്ജിയുടെ മനസിൽ ഇന്ത്യയുടെ പ്രശസ്തമായ ഉരുക്കു നിർമ്മാണ പാരമ്പര്യമാണുണ്ടായിരുന്നത്. എഡി 402 ൽ ചന്ദ്രഗുപ്തൻ രണ്ടാമൻ ദില്ലിയിൽ സ്ഥാപിച്ച, ഇന്നും തുരുമ്പെടുക്കാത്ത 6,000 കിലോ ഭാരമുള്ള പ്രശസ്തമായ സ്തൂപത്തിൽ.

 


ഇതുകൂടി വായിക്കൂ: എയര്‍ ഇന്ത്യ: ആകാശ സ്വപ്നങ്ങളുടെ വില്പന


 

ആയിരത്തി തൊള്ളായിരത്തി നാലിൽ വാർധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് ജർമ്മനിയിൽ വെച്ച് മരിക്കുമ്പോഴേക്കും ഉരുക്ക് നിർമ്മാണശാലയുടെ രൂപരേഖ പൂർണമായിരുന്നു. 1907 അദ്ദേഹത്തിന്റെ പുത്രൻ ദെറാബിന്റെയും മാതുലൻ ആർ ഡി ടാറ്റയുടെയും നേതൃത്വത്തിൽ ഉരുക്കു നിർമ്മാണശാല പ്രവർത്തനം തുടങ്ങി

മരിക്കുന്നതിനുമുമ്പ് 1904 ൽ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണം എങ്ങനെയായിരിക്കണമെന്ന് ജംഷഡ്ജി നിർദ്ദേശിച്ചിരുന്നു. അമേരിക്കയിലെ ഇരുട്ടുമൂടിയ ഇടുങ്ങിയ തെരുവുകളും തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടങ്ങളും കൂടിയ വൃത്തിഹീനമായ പ്രദേശം ആവരുത്. വശങ്ങളിൽ മരങ്ങൾ നട്ട് പിടിപ്പിച്ച തെരുവുകൾ തൊഴിലാളികൾക്ക് നല്ല താമസസ്ഥലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, പള്ളികളും അമ്പലങ്ങളും ഉദ്യാനങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു ടൗൺഷിപ്പ്. അക്കാര്യങ്ങൾ അക്ഷരംപ്രതി പിൻഗാമികൾ പാലിച്ചു.

ജംഷഡ്ജി സ്ഥാപിച്ച ആശുപത്രികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കോളർഷിപ്പുകൾ എല്ലാം നന്നായി മുന്നോട്ടു കൊണ്ടുപോയി ലാഭത്തിന്റെ വലിയ വിഹിതം ഇന്ത്യയുടെ പുരോഗതിക്കായി ഉപയുക്തമാക്കി. ടാറ്റാ കമ്പനികളുടെ 66ശതമാനവും ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിലാണ്. 1877 ല്‍ തന്നെ ജീവനക്കാർക്ക് പെൻഷനും 1912 മുതൽ എട്ട് മണിക്കൂർ ജോലി സമയവും 1921 മുതൽ സ്ത്രീ ജീവനക്കാർക്ക് പ്രസവാനുകൂല്യങ്ങളും ടാറ്റയുടെ കമ്പനികൾ നൽകുവാൻ ആരംഭിച്ചു. 1903 ല്‍ ബോംബെയിൽ ഇന്ത്യയിലാദ്യമായി ഇലക്ട്രിസിറ്റിയും ഫാനുകളും എലിവേറ്ററുകളുമുള്ള താജ്മഹൽ ഹോട്ടൽ സ്ഥാപിച്ചത് ടാറ്റ. ആർത്തിപ്പണ്ടാരങ്ങളായ ഇപ്പോഴത്തെ കോർപറേറ്റുകളിൽ നിന്ന് ടാറ്റയെ വ്യത്യസ്തമാക്കുന്നത് ഇത്തരം നിലപാടുകളാണ്.

 


ഇതുകൂടി വായിക്കൂ: എയർ ഇന്ത്യ വില്പന പുനഃപരിശോധിക്കണം: സിപിഐ


 

കറാച്ചിയിൽ നിന്ന് ബോംബെയിലേക്ക് 1932 ഒക്ടോബർ 15ല്‍ നടത്തിയ ആദ്യ വിമാന യാത്രയാണ് ടാറ്റാ എയർലൈൻസിൽ തുടക്കം. 89 വർഷം മുമ്പ് 1940കൾ മുതൽ വാണിജ്യ വിമാനങ്ങൾ സ്ഥിരമായി പറന്നു തുടങ്ങി. 1947 ജൂൺ എട്ടിന് ബോംബെയിൽനിന്ന് ലണ്ടനിലേക്ക് ആദ്യ രാജ്യാന്തര സർവീസ്. 1953 ൽ ജവഹർലാൽ നെഹ്റു വ്യോമഗതാഗതം ദേശസാൽക്കരിച്ചു. ജി ആർ ഡി ടാറ്റ അതിനു എതിരായിരുന്നു. എന്നാൽ നെഹ്റുവിന്റെ നിർദ്ദേശം അനുസരിച്ച് എയർ ഇന്ത്യയുടെ ചെയർമാൻ സ്ഥാനം ഒരു രൂപ പോലും പ്രതിഫലം സ്വീകരിക്കാതെ ഏറ്റെടുക്കുകയും എയർ ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ഒരു വലിയ വിമാന കമ്പനിയായി ഉയർത്താൻ ടാറ്റ പരിശ്രമിക്കുകയും ചെയ്തു. പൊതുവായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വ്യക്തിപരമായ ലാഭനഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും വഴി മാറ്റണമെന്ന നിലപാടിന്റെ ഉത്തമോദാഹരണം ആയിരുന്നു ഇത്. ടാറ്റ എന്ന കോർപറേറ്റ് മായുള്ള കോൺഗ്രസിന്റെ ബന്ധം വിമാനക്കമ്പനി ദേശസാൽക്കരിക്കുന്നതിന് നെഹ്റുവിന് ഒരു തടസമായിരുന്നില്ല. സ്വന്തം കമ്പനിയുടെ ലാഭനഷ്ടങ്ങൾ പരിഗണിക്കാതെയാണ് ജെ ആർ ഡി ടാറ്റ സർക്കാരിന്റെ ക്ഷണം സ്വീകരിക്കാൻ തയാറായത്. രാജ്യതാല്പര്യമായിരുന്നു നെഹ്റുവും ടാറ്റയും പ്രധാനമായി കണ്ടത്.

 

 

1978ല്‍ ബോംബെയിൽ 213 യാത്രക്കാരുമായി എയർ ഇന്ത്യ വിമാനം കടലിൽ തകർന്നുവീണതിന്റെ പേരിൽ മൊറാര്‍ജി ദേശായി ജി ആർ ഡി ടാറ്റയെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കി. 1980 ല്‍ ഇന്ദിര വീണ്ടും അദ്ദേഹത്തെ തിരികെ കൊണ്ടുവന്നു. 1986 വരെ ജെ ആർ ഡി ടാറ്റ 89 വരെ രത്തൻ ടാറ്റയും എയർ ഇന്ത്യ നയിച്ചു. തുടർന്ന് 1990 മുതൽ എയർഇന്ത്യയുടെ കഷ്ടകാലം തുടങ്ങി. തുടർന്നുവന്ന മാനേജ്മെന്റുകളുടെ കെടുകാര്യസ്ഥത അവിഹിതമായ രാഷ്ട്രീയ ഇടപെടലുകൾ 2007 ല്‍ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും യോജിപ്പിച്ച് ഒരു കമ്പനി ആക്കിയതോടെ നഷ്ടം 7,200 കോടിയായി. 16,841 കോടി കടം. 30,000 ജീവനക്കാർ ഒരു വിമാനത്തിന് 286 ജീവനക്കാർ നഷ്ട കണക്കുകൾക്കിടയിലും 111 പുതിയ വിമാനങ്ങൾ വാങ്ങി, 67,000 കോടി രൂപ ഇതോടെ എയർ ഇന്ത്യ കടക്കെണിയിലായി. 2018ല്‍ മോഡി സർക്കാർ കമ്പനി വിൽക്കാൻ തീരുമാനിക്കുമ്പോൾ സഞ്ചിത കടം 33,392 കോടിയിൽ ആയിരുന്നത് 2020 ൽ 60,074 കോടിയായി ഉയർന്നു. വില്പനയ്ക്കുവച്ച എയർ ഇന്ത്യ അവസാനം 1,800 കോടി രൂപക്ക് വീണ്ടും ടാറ്റാ സൺസ് തന്നെ ലേലത്തിൽ എടുത്തിരിക്കുകയാണ്. ദോഷം പറയരുതല്ലോ സ്വന്തം ആവശ്യത്തിന് രണ്ട് b777 വിമാനങ്ങൾ ഏതാണ്ട് 8,400 കോടി രൂപയ്ക്ക് നരേന്ദ്രമോഡി ഇതിനിടയിൽ വാങ്ങുകയും ചെയ്തിരുന്നു. 1953 ൽ സ്വാതന്ത്ര്യം നേടി വെറും അഞ്ചു വർഷം മാത്രം പൂർത്തിയാക്കിയ ഒരു രാജ്യത്തെ കേന്ദ്ര സർക്കാർ ആ രാജ്യത്തെ ഏറ്റവും വലിയ കോർപറേറ്റ് കമ്പനിയുടെ വിമാനകമ്പനി ഏറ്റെടുക്കുവാനുള്ള ധൈര്യം കാണിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. രാജ്യത്തിന് ഉരുക്കു നിർമ്മാണശാലകളും അണക്കെട്ടുകളും അടിസ്ഥാന വ്യവസായശാലകളും വിദ്യാഭ്യാസ‑ആരോഗ്യ സ്ഥാപനങ്ങളുമൊക്കെ ഉണ്ടായിരിക്കണമെന്നും സാംസ്കാരികമായും സാമൂഹികമായും സാമ്പത്തികമായും ജനത ശക്തി പ്രാപിക്കണമെന്നും ഉത്ക്കടമായ അഭിവാഞ്ഛ ഉണ്ടായിരുന്ന ഒരു പ്രധാനമന്ത്രിയുടെ, ജവഹർലാൽ നെഹ്റുവിന്റെ, നിശ്ചയദാർഢ്യത്തിന് മുന്നിൽ രാജ്യത്തെ ഏറ്റവും ശക്തരായ കോർപറേറ്റുകൾ നമിക്കുന്ന കാഴ്ചയാണ് നമ്മൾ 1953 ൽ കണ്ടത്. 69 വർഷങ്ങൾക്കിപ്പുറം 2021 ൽ അനേകം കോർപറേറ്റ് കമ്പനികളുടെ ദയവിനായി തൊഴുതു നിൽക്കുന്ന ഒരു സർക്കാരിനെയും നാം കാണുന്നു.

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.