27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ ഒളിച്ചുകളിക്കരുത്: സുപ്രീംകോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
March 15, 2024 10:54 pm

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) തുടരുന്ന ഒളിച്ചുകളിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. കോടതി ഉത്തരവു പ്രകാരം എസ്ബിഐ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ രേഖകളില്‍ ബോണ്ടുകളുടെ രഹസ്യനമ്പരുകള്‍ മറച്ചുവച്ചതാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. എസ്ബിഐക്ക് നോട്ടീസയയ്ക്കാന്‍ കോടതി ഉത്തരവായി. തിങ്കളാഴ്ച ബാങ്ക് മറുപടി നല്‍കണമെന്നും ഉത്തരവിലുണ്ട്.

ബോണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആല്‍ഫാ ന്യൂമറിക്കല്‍ സവിശേഷ നമ്പറുകള്‍ മറച്ചുവച്ച നടപടിയെ കോടതി അതീവ ഗൗരവത്തോടെയാണ് വിലയിരുത്തിയത്. ഈ നമ്പറുകള്‍ ലഭ്യമെങ്കില്‍ ആരാണ് ബോണ്ടു വാങ്ങിയത്, ഗുണഭോക്താവ് ഏത് പാര്‍ട്ടി തുടങ്ങിയ വിവരങ്ങള്‍ പുറത്തുവരും. ഇത് ഒഴിവാക്കാനാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയ രേഖകളില്‍ ഈ വിവരം പൂഴ്ത്തിയത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കി ഫെബ്രുവരിയിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ഏപ്രില്‍ 12 മുതല്‍ അഞ്ചു വര്‍ഷത്തെ ബോണ്ട് വില്പന വിവരങ്ങള്‍, ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്ര തുക ലഭിച്ചു, ആരാണ് വാങ്ങിയത്, എത്ര തുകയുടെ ബോണ്ടുകളാണ് വാങ്ങിയത്, ഏതൊക്കെ പാര്‍ട്ടികള്‍ എത്ര തുകയുടെ ബോണ്ടുകള്‍ ഏത് തീയതിക്ക് പണമാക്കി മാറ്റി, ഉള്‍പ്പെടെ സമഗ്ര വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കാന്‍ എസ്ബിഐയോട് കോടതി നിര്‍ദേശിച്ചിരുന്നു.
മാര്‍ച്ച് ആറിനകം വിവരങ്ങള്‍ കൈമാറാനും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ അവസാനം വരെ സമയം വേണമെന്ന അപേക്ഷയുമായി എസ്ബിഐ വീണ്ടും കോടതിയിലെത്തി. എന്നാല്‍ അപേക്ഷ തള്ളിയ സുപ്രീം കോടതി ബോണ്ടുകളുടെ സമഗ്ര വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കഴിഞ്ഞ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഇതോടെ മാര്‍ച്ച് 12 ന് ബാങ്ക് ബോണ്ട് വിവരങ്ങള്‍ കമ്മിഷന് കൈമാറി. കമ്മിഷന്‍ വ്യാഴാഴ്ച തന്നെ ഇവ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ ബോണ്ടുകള്‍ ആര്‍ക്ക് ലഭിച്ചുവെന്ന് വ്യക്തമാകുന്ന സവിശേഷ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് എസ്ബിഐ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ഇതിനെതിരെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.

17 നകം പ്രസിദ്ധീകരിക്കണം:മുദ്രവച്ച കവറുകള്‍ കൈമാറും

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബോണ്ട് വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ മുദ്രവച്ച കവറില്‍ സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിരുന്നു. രേഖകളുടെ പകര്‍പ്പ് കമ്മിഷന്റെ കൈവശമില്ലെന്നും അതിനാല്‍ ഈ വിവരങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ മാര്‍ഗമില്ലെന്നും ചൂണ്ടിക്കാട്ടി കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചു.
രേഖകളുമായി ബന്ധപ്പെട്ട കമ്മിഷന്റെ അപേക്ഷ അംഗീകരിച്ച കോടതി രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലൈസ് ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായ ശേഷം അവ കമ്മിഷന് മടക്കി നല്‍കുമെന്ന് വ്യക്തമാക്കി. രേഖകള്‍ കോടതി കമ്മിഷന് മടക്കി നല്‍കുന്ന മുറയ്ക്ക് കമ്മിഷന്‍ ഈ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. മാര്‍ച്ച് 17നുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണം. യഥാര്‍ത്ഥ രേഖകളുടെ ഡിജിറ്റല്‍ പകര്‍പ്പുകളും കമ്മിഷന്‍ അഭിഭാഷകന്‍ അമിത് ശര്‍മ്മയ്ക്ക് കൈമാറണമെന്നും കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.

47.46 ശതമാനം ബിജെപിക്ക്

തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള സംഭാവനകളില്‍ പകുതിയോളം ലഭിച്ചത് ബിജെപിക്ക്. 47.46 ശതമാനമാണ് ബിജെപിക്ക് ലഭിച്ച സംഭാവന. ആകെ 6,060.50 കോടി രൂപയാണ് ഇതുവരെ ബിജെപി സ്വന്തമാക്കിയത്. ഒരു കോടിയുടെ 5,854 ബോണ്ടുകളും 10 ലക്ഷത്തിന്റെ 1994 ബോണ്ടുകളും ഒരു ലക്ഷത്തിന്റെയും 10,000ത്തിന്റെയും ബോണ്ടുകള്‍ക്കു പുറമേ 1000 രൂപയുടെ 31 ബോണ്ടുകളും പാര്‍ട്ടി പണമാക്കി.
രണ്ടാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസ് 1,609.50 കോടി (12.60 ശതമാനം) യും കോണ്‍ഗ്രസ് 1,421.90 (11.14) കോടിയും നേടി. ഭാരത് രാഷ്ട്രസമിതിയാണ് തൊട്ടടുത്ത സ്ഥാനത്തുള്ളത്. 1,214.70 കോടി രൂപ (9.51ശതമാനം)യാണ് ബിആര്‍എസിന് ലഭിച്ചത്. ബിജു ജനതാദള്‍ 775.50 (6.07ശതമാനം) കോടിയും ഡിഎംകെ 639.00 (5.00 ശതമാനം) കോടിയും നേടി.
3,275 ഇലക്ടറല്‍ ബോണ്ടുകളാണ് തൃണമൂല്‍ കോണ്‍ഗ്രസ് പണമാക്കി മാറ്റിയത്. ഇതില്‍ 1,467 എണ്ണം ഒരു കോടി രൂപ മൂല്യമുള്ളതാണ്. 10ലക്ഷത്തിന്റെ 1,384 ബോണ്ടുകളും പണമാക്കി മാറ്റിയെടുത്തു. കോണ്‍ഗ്രസ് 3,141 ഇലക്ടറല്‍ ബോണ്ടുകളാണ് മാറ്റിയെടുത്തത്. ഇതില്‍ 1,318 എണ്ണം ഒരു കോടിയുടെയും 958 എണ്ണം 10 ലക്ഷത്തിന്റെയുമാണ്. സിപിഐ, സിപിഐ(എം) പാര്‍ട്ടികള്‍ ബോണ്ടിലൂടെ സംഭാവന സ്വീകരിച്ചിട്ടില്ല.

Eng­lish Summary:Do not hide in elec­toral bond infor­ma­tion: Supreme Court
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.