5 July 2024, Friday
KSFE Galaxy Chits

പൊതു ഗ്രന്ഥശാലാ ശൃംഖല കാവിവല്‍ക്കരിക്കാന്‍ അനുവദിക്കരുത്

Janayugom Webdesk
August 10, 2023 5:00 am

സംസ്ഥാനങ്ങളില്‍ സ്വയംഭരണാവകാശത്തോടെ പ്രവർത്തിച്ചുവരുന്ന രാജ്യത്തെ പൊതു ഗ്രന്ഥശാലകളെ കേന്ദ്രസർക്കാരിന്റെയും തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെ പ്രതിരോധം അനിവാര്യമായിരിക്കുന്നു. രാജ്യത്തിന്റെ, വിശിഷ്യ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ചതും തുടർന്നും നിർവഹിക്കുന്നതുമായ ജനകീയ പ്രസ്ഥാനമാണ് ഗ്രന്ഥശാലകൾ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തിലും കേരളത്തിലെ ഗ്രന്ഥശാലകൾ സുപ്രധാന പങ്കാണ് നിർവഹിച്ചിട്ടുള്ളത്. ജാതിവിവേചനത്തിനെതിരെയും സാമൂഹിക പുരോഗതിയിലും കേരളത്തിലെ ഗ്രന്ഥശാലകളും ഗ്രാമീണ വായനശാലകളും നിർണായക സംഭാവനയാണ് നൽകിയിട്ടുള്ളത്. കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്താണ് ഗ്രന്ഥാലയങ്ങൾ എന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രന്ഥാലയങ്ങളുടെ പട്ടികയിലുള്ള അതിന്റെ ഒന്നാംസ്ഥാനം അടയാളപ്പെടുത്തുന്നു. ഇന്ത്യയിലെ രജിസ്റ്റർചെയ്യപ്പെട്ട 46,746 ഗ്രന്ഥാലയങ്ങളിൽ 9,515 എണ്ണം കേരളത്തിലാണ് ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗ്രന്ഥാലയങ്ങൾകൂടി കണക്കിലെടുത്താൽ സംസ്ഥാനത്തെ മൊത്തം ഗ്രന്ഥാലയങ്ങളുടെ എണ്ണം 14,000ത്തിലധികം വരും. ലക്ഷക്കണക്കിന് വായനക്കാർ, പ്രത്യേകിച്ചും പുതുതലമുറ വായനക്കാർ ആശ്രയിക്കുന്ന, ഈ ഗ്രന്ഥാലയങ്ങളെ തങ്ങളുടെ പ്രതിലോമ ആശയങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ദുരുപയോഗം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കാണ് സംഘ്പരിവാറും അവർ നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരും ശ്രമിക്കുന്നത്.


ഇതുകൂടി വായിക്കൂ:  നളന്ദ സര്‍വകലാശാലയെയും കാവിപുതപ്പിക്കുന്നു


രാഷ്ട്ര തലസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടന്ന ‘ഫെസ്റ്റിവൽ ഓഫ് ലൈബ്രറിസി‘ലാണ് ബിജെപി സർക്കാരിന്റെ ഗ്രന്ഥശാലകൾ പിടിച്ചെടുക്കാനുള്ള പദ്ധതി വെളിവായത്. ഭരണഘടനയുടെ ഏഴാം പട്ടികയനുസരിച്ച് പൊതു ഗ്രന്ഥശാലകൾ സംസ്ഥാന വിഷയമാണ്. എന്നാൽ ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രത്തിനുംകൂടി അധികാരം പങ്കുവയ്ക്കാവുന്ന സമവർത്തി പട്ടികയിലേക്ക് പൊതു ഗ്രന്ഥശാലകളെ മാറ്റാനുള്ള നീക്കമാണ് കേന്ദ്ര ബിജെപി സർക്കാർ നടത്തുന്നത്. കൊൽക്കത്ത ആസ്ഥാനമായുള്ള രാജാറാം മോഹൻറോയ് ലൈബ്രറി ഫൗണ്ടേഷന്റെ ഡയറക്ടർ ജനറലായ പ്രൊഫ. അജയ് പ്രതാപ്‌സിങ്ങാണ് കേന്ദ്രസർക്കാരിന്റെ നീക്കം വെ ളിപ്പെടുത്തുകയും കരട് ബിൽ ഫെ സ്റ്റിവൽ പ്രതിനിധികൾക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്തത്. പൊതു ഗ്രന്ഥാലയങ്ങൾക്കുള്ള കേന്ദ്ര ഫണ്ടുകൾ അനുവദിക്കുന്ന കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമാണ് രാജാറാം മോഹൻറോയ് ലൈബ്രറി ഫൗണ്ടേഷൻ. കേരളത്തെ പ്രതിനിധീകരിച്ച് ഫെസ്റ്റിവലിൽ പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും ലൈബ്രറി കൗൺസിൽ അംഗങ്ങളും നിർദേശത്തെ ശക്തമായി എതിർക്കുകയും തികച്ചും ജനാധിപത്യപരമായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ കടന്നുകയറാനുള്ള ഏതുനീക്കത്തെയും പ്രതിരോധിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയുമുണ്ടായി. സർവകലാശാലകളും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുമടക്കം രാജ്യത്തെ വിദ്യാഭ്യാസ മേഖലയെയും പാഠപുസ്തകങ്ങളടക്കം വിദ്യാഭ്യാസ പദ്ധതി അപ്പാടെയും കാവിവൽക്കരിക്കാൻ കേന്ദ്രസർക്കാരും ബിജെപിയും സംഘ്പരിവാറും തുടർന്നുവരുന്ന ഹീനശ്രമങ്ങളുടെ തുടർച്ചയാണ് ഗ്രന്ഥശാലകൾകൂടി കയ്യടക്കാനുള്ള നീക്കം.


ഇതുകൂടി വായിക്കൂ: പുതിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം: കാവിവല്‍ക്കരണം ലക്ഷ്യം


പുരോഗമനാത്മക സാഹിത്യഗ്രന്ഥങ്ങളും ശാസ്ത്രീയ വൈജ്ഞാനിക ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും സാമാന്യ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ജനകീയ പ്രസ്ഥാനമാണ് പൊതു ഗ്രന്ഥശാലാ ശൃംഖല. അത് കയ്യടക്കുകവഴി തങ്ങളുടെ വർഗീയതയും പ്രതിലോമ രാഷ്ട്രീയവും പ്രചരിപ്പിക്കാനുള്ള ഉപകരണമാക്കി പൊതു ഗ്രന്ഥശാലകളെ മാറ്റിത്തീർക്കാനുള്ള ബിജെപി-സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണ് നിർദ്ദിഷ്ട നിയമനിർമ്മാണം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഒന്നൊന്നായി കവർന്നെടുക്കാനുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങൾക്കാണ് രാജ്യവും ജനങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആ പരമ്പരയിലെ ഏറ്റവും പുതിയ ഇനമാണ് ജനകീയ പൊതുഗ്രന്ഥശാലാ പ്രസ്ഥാനത്തെ കാവിവൽക്കരിക്കാൻ നടത്തുന്ന ശ്രമം. അതിൽനിന്നും പൊതുഗ്രന്ഥശാലകളെ സംരക്ഷിക്കാൻ ഗ്രന്ഥശാല പ്രസ്ഥാനവും ജനാധിപത്യ വിശ്വാസികളും കൈകോർക്കേണ്ടത്, രാജ്യത്തെയും ജനങ്ങളെയും പുരോഗതിയുടെ പാതയിൽനിന്നും പിന്തിരിപ്പിക്കാനുള്ള പ്രതിലോമശക്തികൾക്കു തടയിടാൻ, അനിവാര്യമായിരിക്കുന്നു. കേരളത്തിലെ പൊതു ഗ്രന്ഥശാലകളുടെയും വായനശാലകളുടെയും വളർച്ചയിലും വ്യാപനത്തിലും സംസ്ഥാനത്തെ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന രാഷ്ട്രീയത്തിന്റെ കൈയൊപ്പ് കാണാനാവും. അത് മായ്ക്കാൻ ഒരുശക്തിയെയും അനുവദിച്ചുകൂടാ.

TOP NEWS

July 5, 2024
July 5, 2024
July 5, 2024
July 4, 2024
July 4, 2024
July 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.