23 April 2024, Tuesday

Related news

April 22, 2024
March 27, 2024
March 25, 2024
March 20, 2024
March 7, 2024
March 2, 2024
February 6, 2024
February 3, 2024
January 27, 2024
January 27, 2024

ഗവര്‍ണര്‍ പദവിയും കടമയും മറക്കരുത്: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 18, 2022 10:59 pm

അന്തസ് കെടുത്തുന്ന പ്രസ്താവന നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ അധികാര പരിധിയെക്കുറിച്ചുള്ള ഡോ. അംബേദ്കറിന്റെയും സുപ്രീം കോടതിയുടെയും പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായ പ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടനയെന്നും ആരും ആരെയും വിമർശിക്കാൻ പാടില്ല എന്ന നില സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫെഡറൽ സംവിധാനത്തിൽ ഗവർണർ പദവിയുടെയും തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയും കർത്തവ്യവും കടമയും എന്തെല്ലാമാണെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. കോടതിവിധികളിലൂടെ അതിന് കൂടുതൽ വ്യക്തത വന്നിട്ടുമുണ്ട്. മന്ത്രിസഭയുടെ ഉപദേശവും സഹായവും സ്വീകരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറുടെ പൊതുവായ ഉത്തരവാദിത്തമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡോ. അംബേദ്കർ തന്നെ പറഞ്ഞിട്ടുള്ളത് ഗവർണറുടെ വിവേചന അധികാരങ്ങൾ ‘വളരെ ഇടുങ്ങിയതാണ്’ എന്നാണ്. ഡൽഹി സർക്കാരും ലഫ്. ഗവർണറും തമ്മിലുള്ള കേസിൽ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയ കക്ഷിയുടെയോ മുന്നണിയുടെയോ നേതാവിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന മുഖ്യമന്ത്രിയാണ് മന്ത്രിമാരെ നിശ്ചയിക്കുക. മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണർക്ക് കൈമാറുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്. ഇതെല്ലാം ഭരണഘടനയുടെ കൃത്യമായ വ്യവസ്ഥകളും രാജ്യത്ത് സംശയരഹിതമായി പാലിക്കപ്പെടുന്ന രീതികളുമാണ്. ഇതൊന്നുമല്ല നമ്മുടെ ഭരണഘടനയെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി അങ്ങനെ പറഞ്ഞാൽ അത് ഭരണഘടനാവിരുദ്ധമാകുമെന്നും കൂട്ടിച്ചേർത്തു.
കേരള സർവകലാശാല ചാൻസിലർ എന്ന നിലയിൽ ആരോഗ്യകരമായ നടപടികളാണ് ഉണ്ടാകേണ്ടിയിരുന്നത്. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അടക്കമുള്ള ഗവർണറുടെ നടപടികൾ സാധുവായ നടപടിയല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു; സെനറ്റ് അംഗങ്ങള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. 15 സെനറ്റ്‌ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ ആവശ്യം ചട്ടവിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 11ന്‌ വിസി വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 പേരെ പിൻവലിക്കുന്നതായി അറിയിച്ച്‌ ശനിയാഴ്ചയാണ്‌ ഗവർണർ വിസിക്ക്‌ കത്തയച്ചത്‌. പുതിയ വിസിയെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്ന അംഗങ്ങൾക്കെതിരെയായിരുന്നു ഗവർണറുടെ അസാധാരണ പ്രതികാര നടപടി.
നാല് വകുപ്പ് മേധാവിമാരും രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങളും പിൻവലിക്കപ്പെട്ടവരിൽ ഉൾപ്പെടും. ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്ന് സെനറ്റ് അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

Eng­lish Summary:Don’t for­get the title and duty of Gov­er­nor: Chief Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.