ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കുത്തക കമ്പനികൾക്ക് ലൈസൻസ് നൽകുവാൻ കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള നിതി ആയോഗ് ശാസ്ത്രമേഖലയിലുള്ളവരുടെ ഒരു പ്രധാന യോഗം ഇതിനായി വിളിച്ച് ചേർത്തു. ഗവേഷണ സ്ഥാപനങ്ങളിലെ മേധാവികളെയും ഇതിൽ പങ്കെടുപ്പിച്ചു. കോവിഡ് വ്യാപന നാളുകളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കോണമി നയരേഖയുടെയും മുൻ ബിജെപി. സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റിയുടെയും ശുപാർശകൾ തിരക്കിട്ട് നടപ്പിലാക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നത്.
2014ൽ ബിജെപി സർക്കാർ ഇതേ ലക്ഷ്യത്തോടെ മീനാകുമാരി സമിതിയെ നിയോഗിച്ചിരുന്നു. 908 യാനങ്ങൾക്കൊപ്പം 270 വിദേശ കപ്പലുകൾക്ക് കൂടി അനുവാദം നൽകണമെന്നതായിരുന്നു മീനാകുമാരി സമിതിയുടെ ശുപാർശ. വിവിധ തീരദേശ സംസ്ഥാന സർക്കാരുകള്‍ സമിതിയുടെ ശുപാർശകൾക്കെതിരെ രംഗത്ത് വന്നിരുന്നു. മത്സ്യത്തൊഴിലാളികൾ യോജിച്ച് ശുപാർശകൾക്കെതിരെ സമരം ചെയ്തു. തുടർന്ന് കേന്ദ്ര സർക്കാരിന് ഈ റിപ്പോർട്ട് മരവിപ്പിക്കേണ്ടി വന്നു.
കോവിഡ് നാളുകളിൽ ജനങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം കേന്ദ്ര സർക്കാർ കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതുവാൻ ശ്രമിച്ചതുപോലെ മത്സ്യമേഖലയിലും കോർപറേറ്റുകൾക്ക് പരവതാനി വിരിക്കുവാൻ ശ്രമിച്ചു. ഈ ഗൂഢ ലക്ഷ്യത്തോടെയാണ് ബ്ലൂ ഇക്കോണമി നയരേഖ അവതരിപ്പിച്ചത്. തീരക്കടലും ആഴക്കടലും ഖനനത്തിനായും, കോർപറേറ്റുകളുടെ മത്സ്യക്കൃഷിക്കായും പതിച്ചുനൽകുക തന്നെയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതിന് തുടക്കം കുറിച്ചുകൊണ്ടുള്ള 4,077 കോടിയുടെ പര്യവേഷണ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകിയിരുന്നു.
മത്സ്യോല്പാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുവാൻ തീവ്രമായ സാങ്കേതിക വിദ്യകൾ സ്വീകരിക്കുമെന്ന് രേഖയിൽ പറഞ്ഞിരുന്നു. കടലിൽ മത്സ്യക്കൃഷി നടത്തുകയെന്നതാണ് കേന്ദ്ര സർക്കാർ തീരുമാനം. ലാഭക്കണ്ണോടെ മത്സ്യക്കൃഷിക്ക് എത്തുന്നവരുടെ ലക്ഷ്യം കയറ്റുമതി സാധ്യതയുള്ള ഇനങ്ങളുടെ ഉല്പാദനമാണ്. ഇതിനുള്ള പ്രധാന തീറ്റ ചെറുമത്സ്യങ്ങളാണ്. ഇത്തരം ചെറുമത്സ്യങ്ങളാണ് സാധാരണക്കാർക്ക് പ്രോട്ടീൻ നൽകുന്നത്. ചെറുമത്സ്യങ്ങൾ തീരത്തെത്താതെ ആഴക്കടലിൽ വൻമത്സ്യങ്ങൾക്ക് തീറ്റയായി മാറിയാൽ അത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ തന്നെ ബാധിക്കും. ഒരുകിലോ വൻമത്സ്യം ഉല്പാദിപ്പിക്കുവാൻ വേണ്ടി വരുന്നത് ആറ് കിലോ ചെറിയ മത്സ്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശിക ജനവിഭാഗങ്ങൾ മത്സ്യബന്ധനം നടത്തിയിരുന്ന പൊതുജലാശയങ്ങൾ സ്വകാര്യ മത്സ്യക്കൃഷിക്കായി പതിച്ച് നൽകുകയും അതിനെതിരെ അനാഥരായ ജനങ്ങളുടെ പ്രക്ഷോഭം നടന്നതും സ്മരണീയമാണ്.
ബ്ലൂ ഇക്കോണമി നയരേഖയിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കടൽഖനനമാണ്. ശീർഷകത്തിൽ ഇത് വ്യക്തമായും പറയുന്നുണ്ട്- തീരക്കടൽ മുതൽ ആഴക്കടൽ വരെയുള്ള ഖനനം (Coastel and deep sea mining). ലോകത്തിലെ വികസിത രാജ്യങ്ങൾ പോലും തീരത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി ആഴക്കടൽ ഖനനത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യയിൽ തീരക്കടൽ ഖനനം ഒഴിവാക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. 1991 മുതൽ തീരനിയന്ത്രണ വിജ്ഞാപനം നിലവിലുള്ള നാടാണ് നമ്മുടേത്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരനിയന്ത്രണ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഡോ. സ്വാമിനാഥൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ കടലിലേക്കുള്ള ഭാഗം സിആർഇസഡിന്റെ ഭാഗമാക്കിയത്. അതെല്ലാം തകർത്തെറിഞ്ഞാണ് പുത്തൻ നീക്കം നടത്തുന്നത്.
സൂര്യപ്രകാശം കടലിന്റെ അടിത്തട്ട് വരെയെത്തുന്ന ഈ ഭാഗത്താണ് മത്സ്യപ്രജനനവും നടക്കുന്നത്. ഈ ഭാഗത്തുള്ള ഖനനം മത്സ്യസമ്പത്തിന്റെ സർവനാശത്തിനിടവരുത്തും. കരയിൽ നടത്തുന്ന ഖനനത്തിന്റെ പ്രത്യാഘാതം നേരിട്ടറിയുന്നവരാണ് നമ്മൾ. പല തീരദേശ ഗ്രാമങ്ങളും കടലിലെ ഖനനം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നാടിന്റെ നിലനില്പിനെത്തന്നെ ബാധിക്കും.
കോണ്‍ഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് ലൈസൻസ് നൽകി. അന്ന് നമ്മുടെ നാട് ദർശിച്ച മത്സ്യത്തൊഴിലാളികളുടെ ഐതിഹാസികമായ യോജിച്ച പ്രക്ഷോഭം ഇന്നത്തെ ഭരണാധികാരികൾ ഓർക്കണം. പാർലമെന്റിൽ ഈ ലേഖകൻ നടത്തിയ സമരവും ജനങ്ങൾ ശ്രദ്ധിച്ചു. മുരാരി കമ്മിറ്റിയെ നിയമിച്ചത് ഈ പ്രക്ഷോഭങ്ങളുടെ ഫലമായിട്ടായിരുന്നു. വിദേശ ട്രോളറുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന മുരാരി കമ്മിറ്റിയുടെ ശുപാർശ കോൺഗ്രസ് സർക്കാർ പരിഗണിച്ചില്ല. തുടർന്ന് അധികാരത്തിൽ വന്ന ഐക്യ മുന്നണി സർക്കാരിൽ കൃഷി മന്ത്രിയായിരുന്ന സിപിഐ നേതാവ് ചതുരാനൻ മിശ്രയാണ് വിദേശ ട്രോളറുകളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്നും, മുരാരി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കണമെന്നും തീരുമാനിച്ചത്.
പുതിയ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1991ൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു കൂറ്റൻ ട്രോളറുകൾക്ക് അനുവാദം നൽകിയതിന്റെ രൂപത്തിൽത്തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി കുത്തക കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നീക്കം നടത്തുന്നത്. തീരദേശ ജനതയ്ക്കും, ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയായ ഈ നയത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉയർത്തുവനാണ് എഐടിയുസി തീരുമാനം.
English Summary:
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.