16 September 2024, Monday
KSFE Galaxy Chits Banner 2

വേലിയെ വിളവുതിന്നാൻ അനുവദിക്കരുത്

Janayugom Webdesk
September 2, 2024 5:00 am

ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീം കോടതി നിർദേശാനുസരണം ഓഹരിവിപണി നിയന്താവായ (റെഗുലേറ്റർ) സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിൽ ക്രമവിരുദ്ധമായി, അധ്യക്ഷ മാധബി പുരി ബുച്ച് ഉൾപ്പെട്ടതായി പേരുപറയാൻ വിസമ്മതിക്കുന്ന ബോർഡ് അംഗം വെളിപ്പെടുത്തി. അന്വേഷണ വിഷയത്തിൽ നിക്ഷിപ്ത താല്പര്യമുള്ള അംഗങ്ങൾ അതിൽനിന്നും വിട്ടുനില്‍ക്കണമെന്ന സെബി നിബന്ധനയ്ക്ക് വിരുദ്ധമാണ് ബുച്ചിന്റെ പങ്കാളിത്തം. ജനുവരിയിൽ ഹിൻഡൻബർഗ് പുറത്തുവിട്ട ആദ്യ റിപ്പോർട്ടിൽ അഡാനി കമ്പനികളുടെ ഓഹരിവില പെരുപ്പിച്ചുകാട്ടാൻ ബർമുഡ, മൗറീഷ്യസ് തുടങ്ങിയ നികുതി സ്വർഗങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട വ്യാജ കമ്പനികൾ വഴി നിക്ഷേപങ്ങൾ എത്തിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ആരോപിച്ചിരുന്നു. ഗൗതം അഡാനിയുടെ മൂത്ത സഹോദരൻ വിനോദ് അഡാനി വഴിയാണ് നിയമവിരുദ്ധമായ ആഭ്യന്തര ഓഹരിയിടപാടുകൾ നടന്നതെന്നും റിപ്പോർട്ട് ആരോപിക്കുകയുണ്ടായി. ഹിൻഡൻബർഗ് വെളിപ്പെടുത്തലിനെ തുടർന്ന് സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഒരുപറ്റം പൊതുതാല്പര്യ ഹർജികളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അന്വേഷണം നടത്താൻ ഓഹരിവിപണി നിയന്താവായ സെബിയെ കോടതി ചുമതലപ്പെടുത്തുകയുണ്ടായി. ചുമതലപ്പെടുത്തിയ 24 അന്വേഷണവിഷയങ്ങളിൽ 22 എണ്ണം അവർ പൂർത്തിയാക്കിയതായി 2024 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിൽ പരാമർശിക്കുകയുണ്ടായി. എന്നാൽ ഇനിയും പൂർത്തിയാക്കേണ്ട അന്വേഷണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് ഹിൻഡൻബർഗ് മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ഓഗസ്റ്റ് 10ന് ഹിൻഡൻബർഗ് നടത്തിയ വെളിപ്പെടുത്തൽ സെബി അധ്യക്ഷ ബുച്ചിനും അവരുടെ ഭർത്താവിനും അഡാനി കമ്പനികളുമായി ബന്ധമുള്ള വിദേശ സ്ഥാപനങ്ങളുമായി രഹസ്യ ഇടപാടുകൾ ഉള്ളതായി ചൂണ്ടിക്കാട്ടി. അക്കാരണംകൊണ്ടാണ് അഡാനി കമ്പനികൾക്കെതിരായ അന്വേഷണം അനന്തമായി നീളുന്നതെന്നും അവർ വിലയിരുത്തുന്നു.
ഹിൻഡൻബർഗിന്റെ പുതിയ ആരോപണത്തെ തുടർന്ന് അന്വേഷണത്തിൽനിന്നും അധ്യക്ഷ സ്വയം വിട്ടുനിന്നതായി ഓഗസ്റ്റ് 11ന് ഇറക്കിയ ഒരു പ്രസ്താവനയിൽ സെബി പറഞ്ഞിരുന്നു. സെബിയുടെ ഈ പ്രസ്താവനയ്ക്ക് വിരുദ്ധമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ബോര്‍ഡ് അംഗത്തിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തൽ സെബിയുടെ അന്വേഷണത്തിന്റെ മാത്രമല്ല റെഗുലേറ്റർ എന്ന നിലയിലുള്ള ആ സ്ഥാപനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടുകളെയും ഇപ്പോൾ പേരു വെളിപ്പെടുത്താത്ത സെബി ബോര്‍ഡ് അംഗത്തിന്റെ വെളിപ്പെടുത്തലുകളെയും പറ്റി ‘കാതടപ്പിക്കുന്ന നിശബ്ദത’യാണ് കേന്ദ്രസർക്കാർ അവലംബിക്കുന്നത്. സെബി ബോര്‍ഡ് അംഗങ്ങൾ ആ സ്ഥാനം ഏറ്റെടുക്കുമ്പോൾ തങ്ങളുടെ ഓഹരി ഇടപാടുകൾ വെളിപ്പെടുത്തേണ്ടതുണ്ട്. സെബി അധ്യക്ഷപദവി ഏറ്റെടുത്ത മാധബി പുരി ബുച്ച് അത്തരത്തിൽ നടത്തിയതായി അവകാശപ്പെടുന്ന വെളിപ്പെടുത്തലിൽ ഉള്ളതിലേറെ മറച്ചുവയ്ക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. ഓഹരി വിപണി നിയന്താവിന്റെ ഏറ്റവും പ്രധാനപ്പെട്ട പദവി വഹിക്കുന്ന ഒരാളുടെ ഈ പ്രവൃത്തി വാസ്തവമെങ്കിൽ അത് ഓഹരി വിപണി, ആയിരക്കണക്കിനുവരുന്ന ചില്ലറ നിക്ഷേപകർ തുടങ്ങി രാജ്യത്തിന്റെ സമ്പദ്ഘടനയോടുതന്നെയുമുള്ള കുറ്റകൃത്യമാണ്. അത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ള ഒരാളാണ് അഡാനി കമ്പനികൾ നടത്തിയതായി ആരോപിക്കപ്പെട്ട ഓഹരി കുംഭകോണത്തെപ്പറ്റി അന്വേഷിക്കുന്നതെങ്കിൽ, മിതമായ ഭാഷയിൽ പറഞ്ഞാൽ അത് കള്ളനെത്തന്നെ താക്കോലേല്പിച്ചതിന് തുല്യമാണ്. സെബിയെ പരമോന്നത നീതിപീഠം ഏല്പിച്ച 24 അന്വേഷണങ്ങളിൽ 22 എണ്ണം ജനുവരിയിലും ഒരെണ്ണം മാർച്ചിലും പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതായി അവരുടെ പ്രസ്താവനയിൽ പറയുന്നു. അവശേഷിക്കുന്ന ഒരെണ്ണത്തിലെ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പറയുന്നു. അഡാനിയുമായി ബന്ധപ്പെട്ട വിദേശ സ്ഥാപനങ്ങളുമായി സാമ്പത്തിക ഇടപാടുകൾ ആരോപിക്കപ്പെടുന്ന ഒരാൾ നേതൃത്വം നൽകുന്ന അന്വേഷണം വേലിതന്നെ വിളവ് തിന്നുന്നതിന് സമാനമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഗൗതം അഡാനിയും തമ്മിലുള്ള ചങ്ങാത്തം ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് ഒരു കോർപറേറ്റ് ഭീമന്റെ സാമ്പത്തിക വളർച്ചയ്ക്കുവേണ്ടി എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ മകുടോദാഹരണമാണ് അഡാനിയുടെ കഴിഞ്ഞ ഒരു ദശകക്കാലത്തെ സമാനതകളില്ലാത്ത വളർച്ച. രാജ്യത്തിന്റെയും ഓഹരി വിപണിയുടെയും എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് അഡാനി ആ വളർച്ച കൈവരിച്ചത്. അത് ഇപ്പോൾ എത്തിനിൽക്കുന്നത് ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന അനേകായിരം സാധാരണക്കാരുടെ നിലനില്പിനെയും രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെയും അപകടത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിലാണ്. അഡാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് ക്ഷതംവരുത്തുന്ന ഒരു നടപടിയും മോഡിസർക്കാരിൽ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് രാജ്യത്തെ പരമോന്നത കോടതിയിലേക്കാണ്. സുപ്രീം കോടതിയാണ് സെബിയെ അന്വേഷണത്തിന് നിയോഗിച്ചത്. വിപണി റെഗുലേറ്ററിൽ കോടതി അർപ്പിച്ച വിശ്വാസമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. അഡാനി കമ്പനികളുടെ ഓഹരി ഇടപാടുകളിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നിട്ടുണ്ടങ്കിൽ അത് കണ്ടെത്താനും, കോടതി നിർദേശമനുസരിച്ച് നടന്ന അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവശേഷിക്കുന്ന മാർഗം സുപ്രീം കോടതിയാണ്. കോടതി ആ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും നീതിപീഠത്തോടും നിയമവ്യവസ്ഥയോടുമുള്ള ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.