ഇടവഴികൾ സുരക്ഷിതം
നെടുമ്പാതകൾ അരക്ഷിതം
അതിരുകളിൽ മതിലുകളാൽ
കെട്ടിനിർത്തിയ രഹസ്യങ്ങളൊക്കെയും
പരസ്യപ്പെട്ട് പുറത്തേക്കൊഴുകിയല്ലോ
വരമ്പിടിഞ്ഞ പുഞ്ചപ്പാടം പോലെ
അകങ്ങളിൽ മൊബൈലുകൾ ഏറിയപ്പോൾ
വേൾക്കുവാൻ തേടിയെത്തി
സകല ഗ്രാമങ്ങളേയും
വിളക്കണച്ചുറങ്ങാത്ത പൊലിമയുള്ള
വികസനമോടി പെരുമപറഞ്ഞ്
കാടിടം നിർമ്മിതികളാൽ നിറയവെ
വീടാകെ മറ്റൊരു കാടായിട്ട്
തിന്മകൾ കുടിയേറി ആളാകും
നന്മകൾ വഴിമാറി പലായനമാകും
വർണനകളിൽ വിളങ്ങിയ പുഴകൾക്കിന്ന്
അക്കാലസൗന്ദര്യമേയില്ലെന്ന് കുറ്റം
പുതുമ പോയ പെണ്ണിനേപ്പോൽ
കാലാന്തരേ പേര് പുതുക്കി
കിതയ്ക്കുന്നു കടൽ നിറയ്ക്കുവാൻ
മാലിന്യവാഹിനി
വയലിടമാകെ
ലാഭക്കണ്ണുകൾ നോട്ടമിട്ട്
തിടുക്കപ്പെടുന്നു നിലമാക്കാൻ
പുതുലോകക്കാഴ്ച പണിയുവാൻ
നാട് വടിച്ചും നമ്മെ മുടിച്ചും
നിലം വിടാതെ പറക്കുവാൻ
പുത്തൻ വേഗപഥങ്ങൾക്കായ് ഉത്സാഹം
ഇനിയുള്ള കാലം നമ്മുടേതല്ലെന്ന തോന്നലിൽ
ഇന്നെല്ലാം നമുക്കെന്ന് കണ്ട്
നാളേയ്ക്കുളള പ്രകൃതിയെ മറക്കുന്നു
പിടിയരിക്കരുതലില്ലാതെ
ഭൂതകാലം കരുതിവെച്ചൊക്കെയും
വരുവാനുളളത് ഇരുളെന്ന ജാഗ്രതയാൽ
അനുഭവിച്ചാസ്വദിച്ച വർത്തമാനം
കുറിക്കുന്നു ഭാവിയുടെ നരകജാതകം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.