21 December 2024, Saturday
KSFE Galaxy Chits Banner 2

ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ഇരട്ടി വര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2022 10:38 pm

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ ഇരട്ടി വര്‍ധന. പത്ത് ശതകോടീശ്വരന്മാരുടെ സമ്പത്ത് രാജ്യത്തെ കുട്ടികളുടെ 25 വര്‍ഷത്തേക്കുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പര്യാപ്തമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടിലുള്ളത്. 2021 ൽ 84 ശതമാനം ഇന്ത്യൻ കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞുവെന്നും രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കഴിഞ്ഞ വർഷം 102 ൽ നിന്ന് 142 ആയി ഉയർന്നതായും ഓക്സ്ഫാം ഇന്ത്യ പുറത്തിറക്കിയ വാര്‍ഷിക അസമത്വ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പന്നരായ 10 ശതമാനത്തിന് ഒരു ശതമാനം അധിക നികുതി ചുമത്തിയാൽ രാജ്യത്തിന് 17.7 ലക്ഷം അധിക ഓക്സിജൻ സിലിണ്ടറുകൾ വാങ്ങാന്‍ കഴിയും. കോവിഡ് വ്യാപന കാലയളവില്‍ (മാർച്ച് 2020 മുതൽ നവംബർ 2021 വരെ) ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23.14 ലക്ഷം കോടിയിൽ നിന്ന് 53.16 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. 2020 ൽ മാത്രം 4.6 കോടിയിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്ര്യത്തിലായതായി കണക്കാക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആഗോള ദരിദ്രരിൽ പകുതിയോളം വരുന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ദേശീയ സമ്പത്തിന്റെ ആറ് ശതമാനം മാത്രമാണ് സാധാരണക്കാരുടേതായുള്ളത്.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിലെ അപര്യാപ്തമായ കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം ആരോഗ്യ‑വിദ്യാഭ്യാസ മേഖലയില്‍ നിരക്ക് വര്‍ധിപ്പിക്കുന്നു. ഇതിനാല്‍ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പൂർണവും സുരക്ഷിതവുമായ സാമൂഹിക, സാമ്പത്തിക വീണ്ടെടുക്കൽ സാധാരണ പൗരന് അപ്രാപ്യമായി. വംശീയ ന്യൂനപക്ഷങ്ങളും സ്ത്രീകളുമാണ് സാമ്പത്തിക അസമത്വത്തിന്റെ ഏറ്റവും ഗുരുതരമായ ആഘാതം അനുഭവിക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. തൊഴിൽ നഷ്ടങ്ങളുടെ 28 ശതമാനവും സംഭവിച്ചിരിക്കുന്നത് സ്ത്രീകൾക്കാണെന്നും ലിംഗപരമായ അസമത്വ വിശകലനത്തിലൂടെ ഓക്സ്ഫാം വ്യക്തമാക്കുന്നു. വനിതാ ശിശുവികസന മന്ത്രാലയത്തിനായുള്ള ഇന്ത്യയുടെ 2021‑ലെ ബജറ്റ് വിഹിതം, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ താഴെയുള്ള പത്ത് പേരുടെ മൊത്തം സമ്പത്തിന്റെ പകുതിയിൽ താഴെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തിന് പ്രതിവിധിയായി, രാജ്യത്തെ അതിസമ്പന്നര്‍ക്ക് സമ്പത്ത് നികുതി ചുമത്തണമെന്നാണ് ഓക്സ്ഫാം പഠനത്തിലെ നിര്‍ദേശം.

ENGLISH SUMMARY:Doubling the wealth of billionaires
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.