26 April 2024, Friday

അവശേഷിക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്കായി കടിപിടി കൂടുന്ന കോണ്‍ഗ്രസ്

Janayugom Webdesk
August 30, 2021 4:05 am

ന്ത്യന്‍ ജനാധിപത്യം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഏറ്റവും കഠിനമായ വെല്ലുവിളികളെ നേരിടുന്ന വേളയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ നിര്‍ണായക ഉത്തരവാദിത്തം നിര്‍വഹിക്കേണ്ട കോണ്‍ഗ്രസിലെ സംഭവവികാസങ്ങള്‍ അത്യന്തം നിരാശാജനകമാണ്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറികളും ചേരിതിരിഞ്ഞുള്ള അഭിമുഖീകരണവും ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ശൈഥില്യത്തിന്റെ ആഴം അളക്കാന്‍ പോന്നവയാണ്. നാളിതുവരെ കേരളം കണ്ടു പരിചയിച്ച സമവാക്യങ്ങളാകെ മാറിമറിയുന്നതും ഗ്രൂപ്പുക­ള്‍ക്ക് അതീതമായി മുന്‍കാല നേതൃത്വം ഒന്നടങ്കം പുതിയ നേതൃത്വത്തിന് എതിരേ തുറന്ന യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും നിശബ്ദസഹയാത്രികരും മാത്രമല്ല ജനാധിപത്യ പ്രക്രിയയില്‍ ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത സാമാന്യ ജനങ്ങളും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്. ജില്ലാ അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ പാര്‍ട്ടി നേതൃത്വത്തിലെ പ്രമുഖര്‍തന്നെ അത് കേരളത്തിലെ പാര്‍ട്ടിയുടെ തകര്‍ച്ചയുടെ ആരംഭമാണെന്ന പ്രവചനവുമായി രംഗത്തുവന്നു. പാര്‍ട്ടിയുടെ സര്‍വനാശം മാധ്യമങ്ങള്‍ക്കു മുന്നില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ച രണ്ട് നേതാക്കള്‍ രായ്ക്കുരാമാനം സസ്പെന്‍ഷനിലുമായി. ആ നടപടിക്രമത്തിലെ സാധുത ചോദ്യം ചെയ്യുന്ന ജ­നാധിപത്യ മര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും പേരിലാണെങ്കി­ല്‍ അത്തരമൊന്നിന്റെ തിരുശേഷിപ്പുപോലും ആ പാര്‍ട്ടിയില്‍ അവശേഷിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങള്‍ തികഞ്ഞ പരിഹാസത്തോടെ തിരിച്ചറിയുന്നു. ആശയപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഏത് ജനാധിപത്യ പ്രസ്ഥാനങ്ങളിലും സാധാരണമാണ്. കോണ്‍ഗ്രസില്‍ ഭിന്നിപ്പിനു കാരണമാകുന്ന ഏതെങ്കിലും രാഷ്ട്രീയമോ ആശയമോ അവശേഷിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസുകാരൊഴിച്ച് മാലോകരെല്ലാം അംഗീകരിക്കുന്ന വസ്തുതയാണ്. അധികാരത്തിന്റെയും പദവികളുടെയും അവ നല്കുന്ന ഭൗതിക ആനുകൂല്യങ്ങളുടെയും അപ്പക്കഷ്ണങ്ങള്‍‍ക്കു വേണ്ടിയുള്ള കടിപിടിയാണ് സംഘടനയുടെ അതിര്‍വരമ്പുകളെയും ഭേദിച്ച് തെരുവുകളെയും സമൂഹത്തെയും മലീമസമാക്കുന്നത്.

കോണ്‍ഗ്രസ് പാളയത്തിലെ ഈ കലാപം കേരളത്തിലെ പാര്‍ട്ടിയെ മാത്രം ആവേശിച്ച ദുര്‍ഭൂതമല്ല. കേരളത്തിന് പുറത്തും രാജ്യത്താകെ തന്നെയും ആഭ്യന്തര കലാപം കോണ്‍ഗ്രസില്‍ കൊടി ഉയര്‍ത്തിയിരിക്കുന്നു. ഗാന്ധികുടുംബത്രയത്തില്‍ ഒതുങ്ങിപ്പോയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അവരെ ആശ്രയിച്ചു നില്ക്കുന്ന ഒരു പറ്റം കൊട്ടാര വിദൂഷകരൊഴിച്ച് ആരെങ്കിലും വിലകല്പിക്കുന്നുണ്ടോ എന്ന് സംശയമാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത്‌ സിങ് സിദ്ദുവും രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലും ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭുപേഷ് ഭാഗലും ആരോഗ്യ മന്ത്രി ടി എസ് സിങ്ദേവിന്റെയും നേതൃത്വങ്ങളിലും നടക്കുന്ന നാണംകെട്ട ചേരിപ്പോരുകള്‍ക്ക് മൂകസാക്ഷിയായി നില്ക്കാനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കഴിയുന്നുള്ളു. ശിഥിലമായിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്തിലെ യുദ്ധപ്രഭുക്കളുടെ പങ്കാണ് രാജ്യത്തുടനീളം കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ നിര്‍വഹിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ ദുര്‍ബലവും പരിക്ഷീണവുമായ തട്ടകങ്ങള്‍ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ്. അതിന് കഴിയാത്തവര്‍ ബിജെപി-സംഘ്പരിവാര്‍ പാളയത്തിലേക്ക് ചേക്കേറുകയാണ്. പുതുതായി അവരോധിക്കപ്പെട്ട സേനാനായകര്‍ പഴയ യുദ്ധപ്രഭുക്കളോട് ഒന്നുകില്‍ കീഴടങ്ങി ഒതുങ്ങിക്കഴിയാനോ അല്ലെങ്കില്‍ പുതിയ ലാവണം തേടാനോ നിസംഗതയോടെ കല്പിക്കുന്ന കാഴ്ചയ്ക്ക് കേരളവും സാക്ഷ്യംവഹിക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് വീമ്പിളക്കി അധികാരാരോഹണം നടത്തിയ നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ മാത്രമല്ല പ്രതിപക്ഷ മുന്നണിയിലും പൊതുസമൂഹത്തിലും ശിഥിലീകരണത്തിന്റെ വിത്തുവിതയ്ക്കുന്നത് മാത്രമാണ് കാണുന്നത്. പാര്‍ട്ടിയെ ശാക്തീകരിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ നടത്തിയ സംഘടനാ പുനഃസംഘടനയെന്ന ഒറ്റമൂലി ഒരു രാത്രി വെളുക്കുമ്പോഴേക്കും ‘വെളുക്കാന്‍തേച്ചത് പാണ്ടായി’ എന്ന അവസ്ഥയിലാണ് എത്തിനില്ക്കുന്നത്. കോണ്‍ഗ്രസിന്റെ ശൈഥില്യം അവരുടെ മാത്രം കുടുംബപ്രശ്നമല്ല. അത് ജനാധിപത്യ പ്രതിപക്ഷത്തെ തല്‍ക്കാലത്തേക്കെങ്കിലും ദുര്‍ബലമാക്കും. സ്വയം നശിച്ച് വര്‍ഗീയ പ്രതിലോമ ശക്തികള്‍ക്കും വിധ്വംസക യാഥാസ്ഥിതികത്വത്തിനുമാണ് ഇവര്‍ വഴിയൊരുക്കുന്നത്.

രാഷ്ട്രീയ, പ്രത്യയശാസ്ത്ര ഭിന്നതകള്‍ക്ക് അതീതമായി എല്ലാ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികളും രാജ്യത്തിന്റെയും ജനതയുടെയും ഐക്യത്തിനും നിലനില്പിനും വേണ്ടി ഒരുമിച്ച് കൈകോര്‍ക്കേണ്ട നിര്‍ണായക ചരിത്രസന്ധിയിലാണ് കോണ്‍ഗ്രസ് വിനാശകരമായ ശൈഥില്യത്തെ നേരിടുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനാധിപത്യ ശക്തികള്‍ക്ക് മാത്രമേ കഴിയു. ജനാധിപത്യം എന്നേ കൈമോശം വന്ന കോണ്‍ഗ്രസിന് അത് അതിന്റെ സമഗ്രതയില്‍ തിരിച്ചുപിടിക്കാനാവുന്നില്ലെങ്കില്‍ അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും. അര്‍ത്ഥപൂര്‍ണവും ആത്മാര്‍ത്ഥവുമായ ജനാധിപത്യവല്ക്കരണത്തിലൂടെ മാത്രമേ കോണ്‍ഗ്രസിന് രാജ്യത്തെ മുഖ്യപ്രതിപക്ഷമെന്ന അതിന്റെ പങ്ക് വഹിക്കാനാവു. അതിന് അവര്‍ സത്വരം തയ്യാറാവുന്നില്ലങ്കില്‍ കാലവും ചരിത്രവും അവര്‍ക്കുവേണ്ടി കാത്തുനില്ക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.