ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയെന്ന് പുരപ്പുറത്ത് കയറി കൂവി വിളിക്കുന്ന, ഒരേയൊരു ജനാധിപത്യ പാര്‍ട്ടി, വസ്തുതാ വിരുദ്ധത ആവര്‍ത്തിച്ച് മൊഴിയുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് കാല്‍നൂറ്റാണ്ടിനുശേഷം തെരഞ്ഞെടുപ്പ് ഫലിതം അരങ്ങേറി. കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റി മുതല്‍ എഐസിസി വരെ നാമനിര്‍ദ്ദേശ കമ്മിറ്റികളാണ്. ഹെെക്കമാന്‍ഡ് എന്നവര്‍ വിശേഷിപ്പിക്കുന്ന കുടുംബത്തിന്റെ പാദസേവകര്‍ക്കും ആ പാദസേവകരുടെ സ്തുതിപാഠകര്‍ക്കും എഐസിസിയിലും പിസിസികളിലും വാതില്‍ മലര്‍ക്കെ തുറന്നുകിട്ടും. എഐസിസിയിലും പിസിസിയിലും കടന്നുകൂടുന്നവര്‍ അവരുടെ അനുചരവൃന്ദത്തെ ഡിസിസികളിലും ബ്ലോക്ക് കമ്മിറ്റികളിലും മണ്ഡലം കമ്മിറ്റികളിലും ബൂത്ത് കമ്മിറ്റികളിലും പ്രതിഷ്ഠിക്കും. ഇതാണ് കോണ്‍ഗ്രസിലെ ജനാധിപത്യം.
അധ്യക്ഷ തെരഞ്ഞെടുപ്പിലെ സമ്മതിദായകരായിരുന്നത് 9,915 പേര്‍ മാത്രം. 9,385 പേരെ വോട്ട് ചെയ്തുള്ളു. ചെയ്യാതിരുന്നവര്‍ക്ക് കോണ്‍ഗ്രസിലെ ഈ ജനാധിപത്യ കെട്ടുകാഴ്ചയില്‍ തരിമ്പും വിശ്വാസമില്ല. വോട്ട് ചെയ്തവരില്‍ 416 പേരുടെ വോട്ട് അസാധുവായി. ചിലര്‍ ‘ലൗ’ ചിഹ്നം വരച്ച് പ്രണയമറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ പോലും തയാറാകാത്ത രാഹുല്‍ഗാന്ധിയുടെ പേര് മറ്റുചിലര്‍ ബാലറ്റില്‍ എഴുതിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയിലുള്ളവരെല്ലാം നോമിനേറ്റഡ് മെമ്പര്‍മാരാണ് എന്നതാണ് കോണ്‍ഗ്രസ് ജനാധിപത്യത്തിലെ വെെചിത്ര്യം.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് എന്ന അലങ്കാരം എണ്‍പത് വയസുകാരനായ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് ചാര്‍ത്തിക്കിട്ടി എന്നതു മാത്രമാണ് ഈ തെരഞ്ഞെടുപ്പ് ഫലിത നാടകത്തിലെ ഏക പ്രത്യേകത. 77-ാം വയസില്‍ പ്രസിഡന്റായ സീതാറാം കേസരിയെ ഖാര്‍ഗെ മറികടന്നു. ഖാര്‍ഗെ അധ്യക്ഷനായെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുടെ കരങ്ങളിലായിരിക്കുമെന്ന് രാഷ്ട്രീയ അജ്ഞതയില്ലാത്ത ഏതൊരാള്‍ക്കുമറിയാം. അവര്‍ കടിഞ്ഞാണിളക്കുന്നതനുസരിച്ച് ‘ആടിക്കളിക്കുന്ന പാവ’യാവാനേ ഖാര്‍ഗെയ്ക്ക് നിര്‍വാഹമുള്ളു. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന പി വി നരസിംഹറാവുവിനെ മാറ്റി സ്വതവേ ദുര്‍ബലനായിരുന്ന സീതാറാം കേസരിയെ അധ്യക്ഷ പദവിയില്‍ വാഴിച്ച ഗാന്ധികുടുംബം പിന്നീട് നടത്തിയ അട്ടിമറി പ്രവര്‍ത്തനം കാലം മായ്ച്ചുകളഞ്ഞിട്ടില്ല. അനുസരണാശീലം മതിയായ നിലയില്‍ ഇല്ലെന്ന് തോന്നിയവേളയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സീതാറാം കേസരിയുടെ കസേരയും തൊപ്പിയും തെറിപ്പിച്ചു. എഐസിസി സമ്മേളനം വിളിച്ചുകൂട്ടി സോണിയാ ഗാന്ധി അധ്യക്ഷയായി. 1996 മുതല്‍ 98 വരെയേ ശരത് പവാറിനെ പരാജയപ്പെടുത്തി അധ്യക്ഷസ്ഥാനത്തെത്തിയ കേസരിക്ക് ഇരിക്കാന്‍ കഴിഞ്ഞുള്ളു. ഈ ചരിത്രപാഠം ഖാര്‍ഗെയെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളാന്‍ പ്രേരിപ്പിക്കും.
രാഹുല്‍ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും അനുമതിയോടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച, ലോക്‌സഭാ സീറ്റ് സമ്മാനമായി കിട്ടിയതുകൊണ്ട് മാത്രം കോണ്‍ഗ്രസുകാരനായ ശശി തരൂരിനെ ഫലത്തില്‍ അവര്‍ വഞ്ചിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ ഗാന്ധികുടുംബം തന്നെ അവരുടെ വിനീതവിധേയനായ ഖാര്‍ഗെയെ കളത്തിലിറക്കി വോട്ട് പിടിച്ചു. വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വവും കള്ളവോട്ടും ബാലറ്റുപെട്ടികളില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ തന്നെ അട്ടിമറിയും നടത്തിയെന്ന് ശശി തരൂരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ആക്ഷേപിക്കുന്നു. ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ സോണിയാ-രാഹുല്‍ ഭക്തി തെളിയിക്കുന്നതിനായി പരിഹാസവര്‍ഷവും അധിക്ഷേപവും പരസ്യമായി നടത്തുന്നു. റിട്ടേണിങ് ഓഫീസറായിരുന്ന മധുസൂദന്‍ മിസ്ത്രി ശശി തരൂരിന് ഇരട്ടമുഖമാണെന്ന് തുറന്നടിച്ചു. കെ മുരളീധരന്‍ എംപിയാവട്ടെ തരൂര്‍ മുഖസൗന്ദര്യമുള്ള ആളായിരിക്കും, പക്ഷെ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്നും തങ്ങളും മുഖസൗന്ദര്യത്തില്‍ മോശക്കാരല്ലെന്നും പരിഹസിച്ചു. തിരുവനന്തപുരം എംപിയെ മണ്ഡലത്തില്‍ കാണാനില്ലല്ലോ എന്ന പത്രക്കാരുടെ ചോദ്യത്തിന് അങ്ങനെയുള്ള ഒരാളെയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് മുരളീധരന്‍ അപഹസിച്ചു. ശശി തരൂരിന് കിട്ടിയത് ‘ഇമ്മിണി ബല്യ’ വോട്ടല്ലെന്നും രാഹുല്‍ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ ശശി തരൂരിന് നൂറ് വോട്ടുപോലും കിട്ടില്ലായിരുന്നുവെന്നും കുത്തിനോവിച്ചത് കൊടിക്കുന്നില്‍ സുരേഷ്. കെ സുധാകരനും രമേശ് ചെന്നിത്തലയും വി ഡി സതീശനുമെല്ലാം ഒളിഞ്ഞും തെളിഞ്ഞും തരൂരിനെ അപഹസിച്ചു.
ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരില്‍ കേരളത്തിലെ ഒരു എംഎല്‍എയുമുണ്ട്. പരിഹാസ്യമായ നിലയില്‍ പാട്ടുപാടിയും അര്‍ത്ഥശൂന്യമായ കവിതകള്‍ രചിച്ചും നൃത്തമാടിയും നാല്‍ക്കാലികളെ ഉമ്മവച്ചും രമിച്ചു നടന്നിരുന്ന എല്‍ദോസ് കുന്നപ്പിള്ളി. രോഗശയ്യയിലായിരുന്നതുകൊണ്ടോ ജനകീയ സമരത്തില്‍ പങ്കെടുത്ത് കാരാഗൃഹത്തിലായിരുന്നതുകൊണ്ടോ അല്ല; ഉമ്മവയ്ക്കല്‍ സ്ത്രീകളിലേക്കും വ്യാപിപ്പിച്ച്, സ്ത്രീ പീഡനം നടത്തി അഭിരമിച്ചതിന്റെ പേരില്‍ കാരാഗൃഹത്തില്‍ പോകാതിരിക്കാന്‍ മുങ്ങുകയായിരുന്നു. പരാതിക്കാരിയായ ഇരയുടെ വീട്ടില്‍ നിന്ന് ഈ ‘മഹാനുഭാവ’ന്റെ ടീഷര്‍ട്ട് പൊലീസ് കണ്ടെടുത്തതോടെ ഈ ‘ബഹുമുഖ പ്രതിഭ’യുടെ വെെഭവം കൂടുതല്‍ വ്യക്തമായി. ഈ എംഎല്‍എക്കെതിരെ പാര്‍ട്ടി നടപടി വെെകിയെന്നു ചൂണ്ടിക്കാട്ടിയ കെ മുരളീധരന്‍ അയാള്‍ക്ക് ‘ഞരമ്പുരോഗ’മാണെന്നും കുന്നപ്പിള്ളിക്ക് മാത്രമല്ല മറ്റു പലര്‍ക്കും ഞരമ്പുരോഗമുണ്ടെന്നും പ്രസ്താവിച്ചു. അവരുടെ പേരുകള്‍ കെ മുരളീധരന്‍ വെളിപ്പെടുത്തുമോ ആവോ…?
അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രവര്‍ത്തകസമിതി അംഗമാവാനും ഭാരവാഹികളാവാനും കൃപാകടാക്ഷം കാത്ത് കേരളത്തിലെയുള്‍പ്പെടെ നേതാക്കള്‍ ഇന്ദ്രപ്രസ്ഥത്തിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ഗാന്ധികുടുംബ പരിസരത്തും ചുറ്റിക്കറങ്ങുകയാണ്. പതനത്തില്‍ നിന്ന് പതനത്തിലേക്ക് പായുന്ന കോണ്‍ഗ്രസിന്റെ ദുരവസ്ഥയില്‍ ആനന്ദതുന്തിലനായാണ് നരേന്ദ്ര മോഡി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അഭിനന്ദനവും ആശംസയും അറിയിച്ചത്. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കോണ്‍ഗ്രസിന്റെ വര്‍ത്തമാനകാല പതനത്തില്‍ ഉള്ളുനോവുന്ന സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് പ്രശ്നമുണ്ടാവും. അവരുടെ നൊമ്പരം കാണാന്‍ ആരോരുമില്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍. ഹോ! എന്തൊരു പതനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.