22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 20, 2024
July 13, 2024
June 4, 2024
June 4, 2024
June 2, 2024
June 1, 2024
April 26, 2024
April 14, 2024
April 8, 2024
March 19, 2024

അധികാര രാഷ്ട്രീയ ചൂതാട്ടമായി മാറുന്ന തെരഞ്ഞെടുപ്പ്

Janayugom Webdesk
June 2, 2022 5:00 am

രാജ്യസഭയിലെ അമ്പത്തിയേഴ് സീറ്റുകളിലേക്ക് ജൂൺ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിനെ അധികാര രാഷ്ട്രീയ ചൂതാട്ടവും കുതിരക്കച്ചവടവുമാക്കി മാറ്റുകയാണ് നരേന്ദ്രമോഡി സർക്കാരും ബിജെപിയും. രാജ്യത്തെ പതിനഞ്ച് സംസ്ഥാനങ്ങളിൽനിന്നാണ് പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുക. അതിൽ ഏറ്റവുമധികം അംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും അവരുടെ അംഗബലത്തിന് ആനുപാതികമായി ബിജെപിക്ക് 21 സീറ്റുകളിൽ വിജയിക്കാനാവും. കോൺഗ്രസിന് അവരുടെ പത്ത് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള അംഗബലമുണ്ട്. എന്നാൽ, അംഗബലത്തിന് അതീതമായി ബിജെപി മഹാരാഷ്ട്രയിലും കർണാടകത്തിലും അധിക സ്ഥാനാർത്ഥികളെ രംഗത്തിറക്കിയും ഹരിയാനയിലും രാജസ്ഥാനിലും സ്വതന്ത്രന്മാരെ നിർത്തിയും രാഷ്ട്രീയ അട്ടിമറിക്കുള്ള നീക്കമാണ് നടത്തുന്നത്. സ്ഥാനാർത്ഥി നിര്‍ണയത്തെത്തുടർന്നു കോൺഗ്രസ് പാളയത്തിൽ ഉടലെടുത്തിരിക്കുന്ന ആശയക്കുഴപ്പത്തെയും ചേരിതിരിവുകളെയും മുതലെടുത്ത് നാലുസംസ്ഥാനങ്ങളിൽനിന്നും കോൺഗ്രസിന്റെ സീറ്റുകൾ പിടിച്ചെടുക്കുകയോ വിലയ്ക്കെടുക്കുകയോ ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഐടിവി ശൃംഖലയുടെ മേധാവിയും മുൻ കോൺഗ്രസ് നേതാവ് വിനോദ് ശർമയുടെ മകനും മാധ്യമ മുതലാളിയുമായ കാർത്തികേയ ശർമയെ ഹരിയാനയിലും സീ ടിവി ഗ്രൂപ്പ് മേധാവി സുഭാഷ് ചന്ദ്രയെ ഹരിയാനയിൽനിന്ന് രാജസ്ഥാനിലേക്കു മാറ്റിയും മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം നൽകുന്ന സന്ദേശം സുവ്യക്തമാണ്. രണ്ടിടത്തും കോൺഗ്രസ്‌പാർട്ടിയിലെ ഭിന്നതകളും സ്ഥാനാർത്ഥികളുടെ പണക്കൊഴുപ്പും തെരഞ്ഞെടുപ്പുഫലം തങ്ങൾക്ക് അനുകൂലമാക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പുകളിൽ പണക്കൊഴുപ്പിന്റെ സ്ഥാനം എന്തെന്ന് മറ്റാരേക്കാളും നന്നായി അറിയുന്നവരാണ് ബിജെപി. പണക്കൊഴുപ്പുകൊണ്ട് രാജ്യസഭാ സീറ്റ് ഉറപ്പാക്കുന്നത് രാജ്യത്ത് ഇത് ആദ്യമല്ലതാനും. കോൺഗ്രസിന്റെയും ജനതാദളിന്റെയും അധികവോട്ടുകൾ വിലയ്ക്കുവാങ്ങി രാജ്യസഭയിൽ എത്തിയ ഒരു പ്രമുഖ മലയാളി സംരംഭകൻ ഇന്ന് മോഡി മന്ത്രിസഭയിൽ അംഗമായി വിരാജിക്കുന്നത് നമുക്കുമുന്നിലുണ്ട്. തെരഞ്ഞെ ടുപ്പിൽ പണക്കൊഴുപ്പും പേശീബലവും അധാർമികമായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞുപോയി. പോരെങ്കിൽ തെരഞ്ഞെടുപ്പിൽ പണത്തിന്റെ പ്രാമുഖ്യം തെരഞ്ഞെടുപ്പ് ബോണ്ടെന്നപേരിൽ മാന്യതയും നിയമസാധുതയും കൈവരിച്ചിരിക്കുന്നു.


ഇതുകൂടി വായിക്കാം; സപ്തതി ആഘോഷിക്കുന്ന ഇന്ത്യൻ പാർലമെന്റ്


എന്നാൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനർഹനേട്ടം ഉണ്ടാക്കാൻ അവസരം ഒരുക്കിനൽകിയതിന് അവർ മറ്റാരേക്കാളും കോൺഗ്രസിനോട് നന്ദിയുള്ളവരായിരിക്കണം. കോൺഗ്രസ്‌മുക്ത ഭാരതത്തിനു ബിജെപി ഏറെ അധ്വാനിക്കേണ്ടതില്ലെന്നും അത് തങ്ങൾതന്നെ ഭംഗിയായി നിർവഹിച്ചുകൊള്ളാമെന്നും കോൺഗ്രസുകാർതന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആശയങ്ങൾക്കോ രാഷ്ട്രീയ പ്രതിബദ്ധതയ്ക്കോ കോൺഗ്രസിൽ സ്ഥാനമില്ലെന്നും നേതൃകുടുംബത്തോടുള്ള സമ്പൂർണ വിധേയത്വമാണ് നേതൃപദവികൾക്കും സ്ഥാനാർത്ഥിത്വത്തിനുമുള്ള മുഖ്യമാനദണ്ഡമെന്നും രാജ്യസഭാ സ്ഥാനാർത്ഥിപട്ടിക സാക്ഷ്യപ്പെടുത്തുന്നു. വിധേയത്വംപോലും നേതൃകുടുംബത്തിന്റെ ചിത്തവൃത്തിയെ ആശ്രയിച്ചിരിക്കുന്നു എന്നത് കുടുംബത്തിന്റെ ദീർഘകാല വിശ്വസ്തരുടെ ഒരു നീണ്ട നിരയുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തുറന്നുകാട്ടുന്നു. ഇന്ത്യന്‍ പാർലമെന്ററി ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെയും ശൈഥില്യത്തെയുമാണ് ഈ തെരഞ്ഞെടുപ്പ് ചൂതാട്ടം അടയാളപ്പെടുത്തുന്നത്. ഭരണഘടനയെയും നിയമ സംവിധാനത്തെയും നിയമനിർമ്മാണ പ്രക്രിയയിലൂടെ എങ്ങനെ തകർക്കാമെന്ന് രാജ്യത്തിന് കാട്ടിത്തന്നുകൊണ്ടിരിക്കുകയാണ് മോഡി ഭരണകൂടവും ബിജെപിയും. പാർലമെന്ററി സംവിധാനത്തെ പാർലമെന്ററി മാർഗത്തിലൂടെ എങ്ങനെ ശിഥിലീകരിക്കാമെന്ന് പരീക്ഷിക്കുകയാണ് അവര്‍ ഈ തെരഞ്ഞെടുപ്പിലൂടെ ചെയ്യുന്നത്. പാർലമെന്റിനെയും നിയമവ്യവസ്ഥയെയും ദുരുപയോഗം ചെയ്താണ് ഇറ്റലിയിലും ജർമ്മനിയിലും ഫാസിസ്റ്റുകൾ അവിടങ്ങളിലെ ജനാധിപത്യ വ്യവസ്ഥയെയും ലോകസമാധാനത്തെയും തകർക്കുന്നതിന് ശ്രമിച്ചത്. അവിടെയും പ്രതിപക്ഷത്തിന്റെ അനൈക്യവും മുഖ്യ പ്രതിപക്ഷ പാർട്ടികളുടെ ദൗർബല്യവുമാണ് അവർക്ക് സഹായകമായത്. ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ പതനത്തെ തടഞ്ഞുനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കേണ്ട കോൺഗ്രസിനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും തകർന്നടിയുകയാണ്. രാജ്യത്തെ ഇടതുപക്ഷപാർട്ടികളും കോൺഗ്രസിതര ജനാധിപത്യ, മതനിരപേക്ഷ, പ്രാദേശിക പാർട്ടികളും ഇപ്പോഴത്തെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണ് ജനങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.