22 December 2024, Sunday
KSFE Galaxy Chits Banner 2

എന്നും പൂവിടുന്ന വഴിയരികുകൾ

സുനിത കരിച്ചേരി
July 31, 2022 7:31 pm

പ്രണയ സഞ്ചാരിയുടെ
നിത്യാനന്ദം
പറഞ്ഞറിയിക്കാൻ
കഴിയാത്തതെന്താണെന്ന്
നിലാവിനോട് തന്നെ
ചോദിക്കേണ്ടിവരും
ഉറക്കിനെതിരെ
നീന്തി
ലോകാഭിമുഖം
ഉറങ്ങാത്ത കവിതയായി
ഒഴുകാൻ
നീണ്ട കാലം
തപം ചെയ്തിരിക്കണം
നിലാവ് പൂക്കുന്ന പ്രണയത്തെ
എങ്ങനെയൊക്കെ നിർവ്വചിച്ചാലും
അർത്ഥം മാറുന്നതിന്റെ മനോവേദന
പറയാനറിയാതെ
കുഴങ്ങാറുണ്ട്,
യാത്രകളിൽ
ചോദ്യങ്ങളിൽ
പ്രതിയാക്കപ്പെട്ട
നിരപരാധിയെപ്പോലെ
നിലാവിന്റേത്
എന്ന് പറയാറുള്ള
കളങ്കഭാരം
നെഞ്ചിലേൽക്കാറുണ്ട്
ഇരുവഴിക്ക്
പോകേണ്ടവരാണ് എന്ന്
തിരിച്ചറിഞ്ഞതിന് ശേഷമാണ്
അന്നോളം
കൊണ്ട്നടന്നതിനേക്കാൾ
മനസ്സിൽ ആഴത്തിൽ
നിന്നെ ഞാൻ
പൂഴ്ത്തിവച്ചടച്ചത്
എന്ന് കേട്ടപ്പോൾ
ചിരിച്ചവരുണ്ട്,
അഭിനന്ദിച്ചവരുമുണ്ട്
നീ പോയാലും
എന്നിലെ പ്രണയത്തിൽ
നിലാവ് പൂക്കണമല്ലോ
പ്രണയത്തിൽ ജീവിക്കാൻ
കഴിയുന്നതിനാലാണ് തന്റേത്
ഭാഗ്യജാതകമായതെന്ന്
നിലാവ് തന്നെ പറയാറുണ്ട്
പ്രണയത്തിൽ ഉദാത്തത
എന്നാൽ ഈ അനുഭവിക്കുന്നത്
തന്നെയാണെന്ന്,
നിലാവിൽ കുളിക്കുന്ന
തെങ്ങോലകൾ
ഇളം കാറ്റിനോട് പറയുന്നത്
ഉറങ്ങാൻ വൈകുന്ന
ജനലഴികൾ കേട്ട്
കോരിത്തരിക്കാറുണ്ട്
പ്രണയത്തിൽ പരുവപ്പെടുക എന്നാൽ
ജീവിതത്തിൽ
പരുവപ്പെടുക തന്നെയാണെന്ന്
പൂർണ്ണ നിലാവ് തന്നെ
എത്ര തവണ തെളിയിച്ചിരിക്കുന്നു
സ്നേഹവും
സഹനവും
പരിഹസിക്കപ്പെട്ടിരിക്കുന്നു വെങ്കിൽ
അർഹിക്കുന്ന പരിഗണനകൾ നല്കി
ആ പരിഹാസത്തെ
തള്ളികളഞ്ഞോളു.….
അപവാദങ്ങൾക്ക് കൊടുക്കാൻ
ഉള്ളതല്ല തങ്ങൾ
എന്ന് കാതുകളെ എപ്പോഴും
ബോധ്യപ്പെടുത്തിവച്ചുകൊള്ളു…
പൂത്തുലഞ്ഞ
ആത്മഹർഷം
വൃദ്ധിക്ഷയങ്ങളിൽ
വേലിയേറ്റം തീണ്ടാതെ
കാത്ത് വച്ച കാര്യങ്ങൾ
തനിച്ചുള്ള ദൂരയാത്രകൾ
കഥ വായിക്കുന്ന അനുഭവം തന്ന്
അയവിറക്കുന്ന ചിന്തകളിൽ
കോർത്ത് കിടക്കാറുണ്ട്…
നഷ്ടമെന്ന വിഷയം ഇനിയൊരു നാളും
കവിതയിൽ കേറി വരാതിരിക്കാൻ
മുളയിൽ
മെടഞ്ഞ വേലികെട്ടിന്
മുല്ലവള്ളി പടർന്നതിലും
നിലാവ്പൂത്ത്
തിളക്കമേറുന്നു പ്രണയം…
ഇന്നും,
പ്രണയത്തെക്കുറിച്ച് ചോദിച്ചവരോട്,
അറിയില്ല
പറയാൻ എന്ന്പറഞ്ഞു
പ്രണയമായി
ജീവിക്കാമെന്നല്ലാതെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.