12 December 2025, Friday

പോസ്റ്റർ അവതരണത്തിലെ മികവ്

ഷാജി ഇടപ്പള്ളി
June 16, 2025 10:17 pm

ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിക്ക് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹയായതിന്റെ സന്തോഷത്തിലാണ് ദേവിക എം വി. യൂറോപ്യൻ ജിയോ സയൻസ് യൂണിയൻ ജനറൽ അസംബ്ലി 2025ൽ ഏറ്റവും മികച്ച പോസ്റ്റർ അവതരണത്തിലൂടെയാണ് ഈ അംഗീകാരം കരസ്ഥമാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ചിൽ ഗവേഷക വിദ്യാർത്ഥിയാണ് ദേവിക. ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന യൂറോപ്യൻ ജിയോസയൻസ് യൂണിയൻ (ഇജിയു) ജനറൽ അസംബ്ലി 2025ൽ ഔട്ട്സ്റ്റാൻഡിങ് സ്റ്റുഡന്റ് ആന്റ് പിഎച്ച്ഡി കാൻഡിഡേറ്റ് പ്രസന്റേഷൻ (ഒഎസ്‌പിപി) വിഭാഗത്തിൽ കാലാവസ്ഥ; ഭൂതകാലവും വർത്തമാനവും ഭാവിയും എന്ന സെഷനിൽ അവതരിപ്പിച്ച “അപ്പർ ട്രോപ്പോസ്ഫെറിക് ഹ്യുമിഡിറ്റി ആന്റ് ക്ലൗഡ് റേഡിയേറ്റീവ് ഫോർസിങ്: എ ട്രോപ്പിക്കൽ പെർസ്പെക്ടീവ്” എന്ന പോസ്റ്ററാണ് ദേവികയ്ക്ക് ഈ നേട്ടം സമ്മാനിച്ചത്.
പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിലെ പഠനത്തിനിടയിലും സ്കൂൾ ശാസ്ത്രമേളകളിലും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്രാവബോധ പരിപാടികളിലും ദേവിക സജീവമായിരുന്നു. ഏലൂർ ഫാക്ട് ഈസ്റ്റേൺ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച ദേവിക കുറ്റിക്കാട്ടുകര ഗവ യുപി സ്കൂൾ, മുപ്പത്തടം ഗവ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജിൽ നിന്ന് ഫിസിക്സ് ബിരുദം നേടി. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് എംഎസ്‌സി കാലാവസ്ഥാശാലസ്ത്രവും എംടെക് അന്തരീക്ഷ ശാസ്ത്രവും പൂർത്തിയാക്കി. ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയൊറോളജി (ഐഐടിഎം)ൽ ഒന്നര വർഷം പ്രോജക്ട് വർക്ക് ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡോ. അജിൽ കോട്ടയിലിന്റെ കീഴിലാണ് കുസാറ്റ് റഡാർ സെന്ററിൽ ഗവേഷണം നടത്തുന്നത്.
2023 സെ­പ്റ്റംബറിൽ ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയും കാനഡയിലെ സസ്കാച്ചെവൻ യൂണിവേഴ്സിറ്റിയും സ്പാർക്കും സംയുക്തമായി ചെന്നൈയിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഏഷ്യൻ സമ്മർ മൺസൂൺ ആന്റിസൈക്ലോൺ: ഗേറ്റ്‌വേ ഓഫ് സർഫസ് പൊല്യൂട്ടന്റ്സ് ടു ദി സ്ട്രാറ്റോസ്ഫിയർ എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ മികച്ച പ്രബന്ധാവതരണത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്. 2023 നവംബറിൽ ഇന്ത്യൻ മെറ്റിയൊറോളജിക്കൽ സൊസൈറ്റി (ഐഎംഎസ് ) ജയ്പൂർ ചാപ്റ്റർ, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ചുമായി സഹകരിച്ച് സംഘടിപ്പിച്ച ട്രോപ്മേറ്റ് ‑2023 എന്ന ദേശീയ സിമ്പോസിയത്തിലും മികച്ച പോസ്റ്റർ അവതരണത്തിനുള്ള അവാർഡും അവതരണത്തിന് ഐഎംഎസ് — എഫ്ഇആർസിസി അവാർഡും ദേവികയ്ക്ക് ലഭിച്ചിരുന്നു.

പടിഞ്ഞാറേ കടുങ്ങല്ലൂർ മൂവിടത്തു മേച്ചേരി മനയിൽ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ. എം പി വാസുദേവൻ നമ്പൂതിരിയുടെയും ഫാക്ട് ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ എസ് ലതയുടെയും മകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.