4 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

പാര്‍ലമെന്റ് നടപടിക്രമത്തില്‍ വീഴ്ച: മോഡിക്കെതിരെ കുറ്റപത്രം

* ജനാധിപത്യത്തെ അവഹേളിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
February 11, 2024 7:50 pm

പാര്‍ലമെന്റ് നടപടിക്രമത്തിലെ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കുറ്റപത്രവുമായി പൗരസമൂഹവും സന്നദ്ധ പ്രവര്‍ത്തകരും. രാജ്യം ഇതുവരെ ദര്‍ശിക്കാത്ത തരത്തിലുള്ള നടപടിക്രമങ്ങളാണ് മോഡി ഭരണത്തില്‍ അരങ്ങേറിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
സ്വതന്ത്ര ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്ത ഭരണകാലം കടന്നു പോയത്. ഭരണഘടനയുടെ അനുച്ഛേദം 93 അനുസരിച്ച് ലോക്‌സഭയില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും നിര്‍ബന്ധമായി വേണമെന്നിരിക്കെയാണ് മോഡി സര്‍ക്കാര്‍ സഭയുടെ അന്തസ് നശിപ്പിക്കുന്നവിധം പ്രവര്‍ത്തിച്ചത്. സ്പീക്കര്‍ ഭരണപക്ഷത്ത് നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷ അംഗവുമായിരിക്കുമെന്നതാണ് കീഴ്‌വഴക്കം. പ്രതിപക്ഷ ബഹുമാനം പാലിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. 

ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യവസ്ഥകള്‍ ലംഘിച്ചാണ് മോഡി അഞ്ച് വര്‍ഷം ഭരണം നടത്തിയത്. പാര്‍ലമെന്റ് നടപടിക്രമത്തിലെ അടിസ്ഥാന തത്വങ്ങള്‍ പാടെ ലംഘിച്ചുകൊണ്ട്, പ്രധാനപ്പെട്ട ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുന്ന സമീപനവും അരങ്ങേറി. പ്രതിപക്ഷത്തിന്റെ അവകാശം പാടെ വിസ്മരിച്ചായിരുന്നു നടപടിക്രമങ്ങള്‍. പാര്‍ലമെന്റ് സിറ്റിങ്ങുകളുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശം പാലിച്ചില്ല. ഏറ്റവും കുറഞ്ഞ കാലയളവ് മാത്രമാണ് 17-ാം ലോക്‌സഭ സമ്മേളിച്ചത്. 278 ദിവസം മാത്രമാണ് അഞ്ച് വര്‍ഷത്തിനിടെ സമ്മേളിച്ചത്. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 423 ദിവസം സഭ സമ്മേളിച്ചിരുന്നു. 

അവസാന സമ്മേളനത്തില്‍ അജണ്ടയനുസരിച്ച് മൂന്നു ബില്ലുകളാണ് സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതെങ്കിലും മൂന്നു ബില്ലുകള്‍ അജണ്ടയ്ക്ക് പുറത്ത് നിന്നും അവതരിപ്പിച്ചു. 2009 മുതല്‍ 14 വരെ 71 ശതമാനം ബില്ലുകള്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. എന്നാല്‍ 2019ല്‍ കേവലം 16 ശതമാനം ബില്ലുകളാണ് കമ്മിറ്റിക്ക് വിട്ടതെന്ന് കുറ്റപത്രം ഓണ്‍ലൈനായി പ്രകാശനം ചെയ്ത അഹമ്മദാബാദില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകനായ സെഡ്രിക് പ്രകാശ് പറഞ്ഞു. ബില്ലുകള്‍ അംഗങ്ങളുടെ ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ വേഗത്തില്‍ പാസാക്കിയെടുക്കുന്ന പ്രവണത ജനാധിപത്യ സംവിധാനത്തിന്റെ യശ്ശസിന് ഭംഗം വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. 

2014നു ശേഷം കേവലം അഞ്ച് ബില്ലുകള്‍ മാത്രമാണ് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടത്. 2016 മുതല്‍ 2023 വരെ അവതരിപ്പിച്ച ബജറ്റില്‍ 79 ശതമാനവും ചര്‍ച്ച കൂടാതെ പാസാക്കുകയായിരുന്നു. ശീതകാല സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ 146 എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി സര്‍വ ജനാധിപത്യ മര്യാദകളെയും ലംഘിക്കുന്ന വിധത്തിലുള്ളതാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

Eng­lish Summary:Failure in par­lia­men­tary pro­ce­dure: Charge sheet against Modi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.