തെരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്ന ബിജെപി, അവര്‍ ഭരണത്തിലെത്തിയ ശേഷം വോട്ടിന് വേണ്ടി മാത്രമായി പ്രഖ്യാപിച്ച സൗജന്യങ്ങളുടെ എണ്ണം പരിശോധിച്ചാല്‍ സ്വയം ബോധം കെടാനിടയുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അതാത് സംസ്ഥാനങ്ങളിലെത്തി സഹസ്രകോടികളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്ഥിരം ശെെലിയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവ മറക്കുക എന്നത് അദ്ദേഹത്തിന്റെ ശീലവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോഡിസർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പിഎം കിസാൻ സമ്മാൻ നിധിയുടെ അവസ്ഥയും വ്യത്യസ്തമല്ല. 2019ൽ ആനുകൂല്യം ലഭിച്ച കർഷകരിൽ 67 ശതമാനം പേർ 2022 ആകുമ്പോൾ പദ്ധതിക്ക് പുറത്തായെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സാമ്പത്തിക സഹായം ആവശ്യമുള്ള കർഷക കുടുംബങ്ങൾക്ക് പെൻഷൻ നൽകുന്നതിനായി 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് നൽകുന്നത്. 2,000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് പണം ലഭിക്കുക. 2019 ഫെബ്രുവരിയിൽ ആദ്യ ഗഡുവായി 11.84 കോടി കർഷക കുടുംബങ്ങൾക്ക് ലഭിച്ചു. എന്നാൽ ഇക്കഴിഞ്ഞ മേയ്-ജൂൺ മാസങ്ങളിൽ 11-ാം ഗഡു ലഭിച്ചത് 3.87 കോടി പേർക്ക് മാത്രം. കഴിഞ്ഞമാസമാണ് 12-ാം ഗഡു നൽകേണ്ടത്. ഇതിന്റെ കണക്കുകൾ ലഭ്യമായിട്ടില്ല.
വിവരാവകാശ രേഖകൾ അനുസരിച്ച് ആന്ധ്രാപ്രദേശിൽ ഗുണഭോക്താക്കളുടെ എണ്ണം 55.68 ലക്ഷത്തിൽ നിന്നും 28.2 ലക്ഷമായി കുറഞ്ഞു. ബിഹാറിൽ 83 ലക്ഷത്തിൽ നിന്ന് ഏഴ് ലക്ഷമായി കുറഞ്ഞു. ഛത്തീസ്ഗഡിൽ 11-ാം ഗഡു ലഭിച്ചത് കേവലം രണ്ട് ലക്ഷം കർഷകർക്ക് മാത്രമാണ്. 37 ലക്ഷം പേർക്കായിരുന്നു ഇവിടെ ആദ്യ ഗഡു ലഭിച്ചത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ആദ്യ ഗഡു 63.13 ലക്ഷം കർഷകർക്കും 11-ാം ഗഡു 28.41 ലക്ഷം കർഷകർക്കുമാണ് ലഭിച്ചത്. ഹരിയാനയിൽ 11.73 ലക്ഷമായിരുന്നത് 11.59 ലക്ഷമായി. മഹാരാഷ്ട്രയിൽ 1.09 കോടിയായിരുന്നത് 37.51 ലക്ഷമായി. മധ്യപ്രദേശിൽ 88.63 ലക്ഷമായിരുന്നത് 2022 ആയപ്പോൾ വെറും 12,053 ആയി കുറഞ്ഞു. മേഘാലയയിൽ 1.95 ലക്ഷം കർഷകർക്ക് ആദ്യ ഗഡു ലഭിച്ച സ്ഥാനത്ത് 627 പേർക്ക് മാത്രമാണ് പതിനൊന്നാം ഗഡു ലഭിച്ചത്. പഞ്ചാബിൽ 23.34 ലക്ഷമായിരുന്നത് 11.31 ലക്ഷമായി. ഉത്തർപ്രദേശിൽ 2.6 കോടിയായിരുന്നത് 1.26 കോടിയായി. പശ്ചിമബംഗാളിൽ 45.63 ലക്ഷം കർഷകരാണ് ആദ്യ ഗഡു വാങ്ങിയത്. എന്നാൽ ആറാം ഗഡു മുതൽ ഒരു കർഷകനും പണം കിട്ടിയിട്ടില്ല. കേരളത്തിൽ 12.76 ലക്ഷം കർഷകർ പദ്ധതിയിൽനിന്ന് പുറത്താക്കപ്പെട്ടു. 2019ൽ സംസ്ഥാനത്ത് ആദ്യ ഗഡു കൈപ്പറ്റിയത് 36.99 ലക്ഷം പേരായിരുന്നെങ്കിൽ ഈ വർഷം കുത്തനെ ഇടിഞ്ഞ് 24.23 ലക്ഷത്തിലെത്തി. അതേസമയം, ഇത്രയും പേർ എങ്ങനെ പുറത്തായെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കാത്തത് വൈകാതെ പദ്ധതിക്ക് നിലയ്ക്കുമെന്ന ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ രേഖകൾ ഞെട്ടിക്കുന്നതാണെന്നാണ് ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‍ലേ പറഞ്ഞത്. മൂന്നിൽ രണ്ട് കർഷകരും പദ്ധതിയിൽ നിന്ന് പുറത്തായിരിക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയം പറയുന്നത്.
ഗുണഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതും അത് കേന്ദ്രസർക്കാരിന് കൈമാറുന്നതും സംസ്ഥാന സർക്കാരാണ്. അതിനാൽ പദ്ധതിയിൽ നിന്നും കർഷകർ പുറത്താകുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറയുന്നു. അതേസമയം 2020 നവംബർ 26ന് കർഷക സമരം ആരംഭിച്ചതിന് ശേഷമാണ് ഓരോ സംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കളുടെ എണ്ണത്തിൽ വലിയ തോതിലുള്ള കുറവ് വരാൻ തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. കർഷക സമരത്തോടുള്ള പ്രതികാരമായാണോ പദ്ധതിയിൽ നിന്നും കർഷകരെ പുറത്താക്കിയതെന്നാണ് സംശയമുയരുന്നത്. കേന്ദ്രസർക്കാരിന്റെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെയും മർദ്ദനങ്ങളെയും അതിജീവിച്ചാണ് 13 മാസക്കാലം നീണ്ട കര്‍ഷക സമരം നടന്നത്. തൊഴിലാളികളും പുരോഗമനവാദികളും സമരത്തില്‍ അണിചേർന്നതോടെ മൂന്ന് കരിനിയമങ്ങളും റദ്ദാക്കി. കേന്ദ്രസര്‍ക്കാര്‍ കർഷകരുടെ മറ്റ് ആവശ്യങ്ങൾ നടപ്പിലാക്കാമെന്ന് രേഖാമൂലം ഉറപ്പും നല്‍കി. എന്നാല്‍ കർഷകർക്ക് നൽകിയ എല്ലാ ഉറപ്പുകളും കേന്ദ്രസർക്കാർ ലംഘിച്ചു. ഇന്ധന‑രാസവള‑കീടനാശിനികൾക്കുണ്ടായിരുന്ന സബ്സിഡി വെട്ടിക്കുറച്ചും, വിലവർധിപ്പിച്ചും കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ഒരു വർഷം കൊണ്ട് 35 മുതൽ 50 ശതമാനം വരെയാണ് ഇന്ധന‑രാസവള‑കീടനാശിനികളുടെ വില വര്‍ധിച്ചത്. കർഷകദ്രോഹ നിയമങ്ങൾ അടിച്ചേൽപ്പിച്ച് രാജ്യത്തെ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് അടിയറവയ്ക്കാന്‍ ശ്രമിച്ച കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ സമരത്തിന്റെ ഓർമ്മദിനമായ 26ന് കർഷക സംഘടനകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരം ആരംഭിക്കാനിരിക്കെ ഇനി ഈ പദ്ധതി പൂർണമായും നിർത്തലാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.