26 May 2024, Sunday

കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തില്‍

സത്യന്‍ മൊകേരി
വിശകലനം
February 1, 2023 4:45 am

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വര്‍ധിക്കുകയാണ്. ഇന്ത്യയിലെ കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വില ലഭിക്കാതെ ഏറെ പ്രയാസം അനുഭവിക്കുന്നു. കാര്‍ഷിക വിപണികള്‍ ഇല്ലാതാക്കി, കാര്‍ഷിക കമ്പോളം പൂര്‍ണമായും മൂലധനശക്തികള്‍ക്ക് കെെമാറുന്നു. ഇന്ത്യന്‍ ഭക്ഷ്യ ഉല്പാദന മേഖല കയ്യടക്കുക എന്നതാണ് ഇപ്പോഴത്തെ നീക്കം. ഉല്പാദനം, സംഭരണം, വിതരണം, സംസ്കരണം തുടങ്ങിയ കാര്‍ഷിക മേഖലയിലെ എല്ലാ തലങ്ങളും കയ്യടക്കുവാനുള്ള ശ്രമം രാജ്യത്ത്‍ നടപ്പിലാക്കുകയാണ്. അതിന് സൗകര്യം ഉറപ്പുവരുത്തുവാനാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെ വളര്‍ന്നു വന്ന ഐതിഹാസിക പ്രക്ഷോഭം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കര്‍ഷകരില്‍ നിന്നും തങ്ങള്‍ ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവിലാണ് രാഷ്ട്രപതി ഒപ്പിട്ട നിയമം, കര്‍ഷകരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി പിന്‍വലിച്ചത്. കര്‍ഷകരുടെ മുമ്പില്‍ നരേന്ദ്രമോഡി മുട്ടുകുത്തുകയായിരുന്നു. കര്‍ഷകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ തയ്യാറായില്ല. കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തത്. കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലാണ്. 2023 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ പ്രകടനം നടത്തി. രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ തെരുവിലിറങ്ങി. സംയുക്ത കര്‍ഷകമോര്‍ച്ച പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ആഗോള വിപണിയില്‍ മത്സരിച്ചു മാത്രമെ നിലനില്‍ക്കാന്‍ കഴിയൂ എന്ന നിലയാണ് ഇപ്പോഴുള്ളത്. ആഗോള കരാറുകളുടെ ദുരിതം ഏറ്റവും ആഘാതം ഏല്പിച്ചിട്ടുള്ളത് സംസ്ഥാനത്തെ കാര്‍ഷിക മേഖലയെയാണ്. കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
സംസ്ഥാനത്തെ 20 ലക്ഷത്തിലധികം ജനങ്ങളുടെ ജീവിതമേഖലയാണ് റബ്ബര്‍. കേരളത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാനപ്പെട്ട പങ്കാണ് റബ്ബര്‍ വഹിക്കുന്നത്. ഒരു കിലോ റബ്ബറിന്റെ വില 134 രൂപയായി കുറഞ്ഞു. ആസിയാന്‍ രാജ്യങ്ങളുമായി സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ കൂടി മത്സരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോട്ടയത്തെ റബ്ബര്‍ മാര്‍ക്കറ്റ്‍ നിയന്ത്രിക്കുന്നത് ആഗോള ടയര്‍ കമ്പനികളാണ്. ലോകത്ത് ഉല്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന്റെ 80 ശതമാനത്തിലധികം ഉപയോഗിക്കുന്നത് ഏതാനും ടയര്‍ കുത്തക കമ്പനികളാണ്. റബ്ബര്‍ വിപണി അവര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ഈ നയം കാരണം കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ദുരിതത്തിലായി. റബ്ബര്‍ ഉല്പാദക രാജ്യങ്ങള്‍ ഒന്നുചേര്‍ന്ന് റബ്ബര്‍ മേഖലയിലെ ദുരിതങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണം. പരിഹാരം നിര്‍ദേശിക്കണം. എണ്ണ ഉല്പാദക രാജ്യങ്ങള്‍ എണ്ണ വില കുത്തനെ കുറയുമ്പോള്‍ ഇടപെടുന്നത് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്. കര്‍ഷകര്‍ റബ്ബര്‍ ഉല്പാദിപ്പിച്ച് വില്പന നടത്തുന്ന സമയത്താണ് ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നത്. സ്വാഭാവിക റബ്ബറിന്റെ വില കുത്തനെ ഇടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. അതിന് കടിഞ്ഞാണിടാന്‍ കേന്ദ്ര ഗവണ്‍മെന്റ് റബ്ബര്‍ സംഭരിക്കണം. അങ്ങനെ സംഭരിക്കുന്ന റബ്ബറിന് 200 രൂപ വില നല്കി കര്‍ഷകരെ സഹായിക്കണം.


ഇതുകൂടി വായിക്കൂ: ഇടുക്കിയിലെ കര്‍ഷക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ


റബ്ബര്‍ കര്‍ഷകരുടെ സംരക്ഷണത്തിനായി രൂപീകരിച്ച റബ്ബര്‍ ബോര്‍ഡ് പ്രവര്‍ത്തന രഹിതമാക്കാനുള്ള നീക്കം കേന്ദ്രം നടത്തുകയാണ്. റബ്ബര്‍ ബോര്‍ഡിനെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുമ്പോഴാണ് റബ്ബര്‍ ബോര്‍ഡ് തന്നെ ഇല്ലാതാക്കുന്നത്.
കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ തെങ്ങുകൃഷിയെയും പ്രതികൂലമായി ബാധിക്കുന്നു. ഇറക്കുമതിയിലൂടെ നാളികേര വിപണി വിദേശ കുത്തകകള്‍ കയ്യടക്കുകയാണ്. വെളിച്ചെണ്ണയുടെയും നാളികേര ഉല്പന്നങ്ങളുടെയും വിപണി വിദേശ കമ്പനികള്‍ കയ്യടക്കുന്നതോടെ നാളികേര കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിക്കുകയാണ്.
ക്ഷീരകര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാകുന്നു. പാലും പാലുല്പന്നങ്ങളും മാംസവും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ ഗ്രാമീണ കമ്പോളത്തില്‍ പോലും എത്തുകയാണ്. ഗ്രാമീണ വിപണി ഉള്‍പ്പെടെ അവര്‍ കയ്യടക്കുന്നു. വിദേശ കമ്പനികളുടെ ഉല്പന്നങ്ങളോട് മത്സരിക്കാന്‍ കഴിയാത്ത കേരളത്തിലെ കര്‍ഷകര്‍ പ്രയാസം അനുഭവിക്കുന്നു. ഇന്ത്യന്‍ പാല്‍ വിപണി കയ്യടക്കുക എന്നതാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. അതിന് സഹായകരമായ നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കുന്നത്.
കാപ്പി, തേയില, ഏലം, കുരുമുളക് തുടങ്ങിയ വിളകളും കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി കേരള സമ്പദ്ഘടനയെ ബാധിക്കുന്ന വിഷയമായി മാറി. കേന്ദ്ര ഗവണ്‍മെന്റിന്റെ കോര്‍പറേറ്റ് മൂലധന ശക്തികളെ സഹായിക്കുന്ന നയങ്ങളാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയെയും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷകരെയും ഗ്രാമീണ ജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്നത്. ഈ നയത്തിനെതിരെ ശക്തമായ സമരമാണ് കേരളത്തിലെയും ഇന്ത്യയിലെയും കര്‍ഷകര്‍ കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി നടത്തിവരുന്നത്. ആ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുകയാണ്.
ബദല്‍വികസന നയങ്ങള്‍ വിവിധ മേഖലകളില്‍ നടപ്പിലാക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ നയത്തില്‍ നിന്നും വ്യത്യസ്തമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കേരളത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1957ല്‍ അധികാരത്തില്‍ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടക്കം കുറിച്ചു. പിന്നീട് അധികാരത്തില്‍ വന്ന അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും പികെവി, നായനാര്‍, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ നയിച്ച ഗവണ്‍മെന്റുകളും കര്‍ഷക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മുന്‍കയ്യെടുത്തു. ഇപ്പോള്‍ അധികാരത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയത് ശ്രദ്ധേയമാണ്.


ഇതുകൂടി വായിക്കൂ: കാര്‍ഷിക മേഖലയില്‍ ജീവനറ്റ പദ്ധതികള്‍


കടക്കെണിയില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുന്നതിനും കടത്തില്‍ നിന്നും മോചിപ്പിക്കുന്നതിനുമായി എല്‍ഡിഎഫ് ഗവണ്മെന്റ് കൊണ്ടുവന്ന കടാശ്വാസ നിയമം ദേശീയ മാതൃകയാണ്. ലക്ഷക്കണക്കിന് കര്‍ഷകരെ കടത്തില്‍ നിന്നു മോചിപ്പിക്കാനും അതിലൂടെ കഴിഞ്ഞു. റബ്ബറിന്റെ വില കുത്തനെ കുറഞ്ഞപ്പോള്‍ മിനിമം വില 150 രൂപയായും പിന്നീട് 170 രൂപയായും വര്‍ധിപ്പിച്ച് വിപണി വ്യത്യാസം ഗവണ്‍മെന്റ് ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുന്ന പദ്ധതി റബ്ബര്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം നല്‍കി.
നാളികേര കര്‍ഷകരെ സംരക്ഷിക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികളും കര്‍ഷകര്‍ക്ക് രക്ഷയായി. ക്ഷീരകര്‍ഷകര്‍, തോട്ടം വിള കൃഷിചെയ്യുന്നവര്‍, ഏലം കര്‍ഷകര്‍ തുടങ്ങി എല്ലാ മേഖലകളിലും കര്‍ഷകരെ സഹായിക്കാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് വിവിധ ഘട്ടങ്ങളിലും മുന്നോട്ടുവന്നു.
കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ നിയമനിര്‍മ്മാണവും അതിന്റെ രൂപീകരണവും കര്‍ഷകര്‍ക്ക് ആവേശകരമായി. ദേശീയാടിസ്ഥാനത്തില്‍‍ തന്നെ കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്നും കര്‍ഷകരില്‍ മിനിമം പെന്‍ഷന്‍ 5000 രൂപ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നുവന്നു. കേരളം ഇവിടെ മാതൃകയാവുകയാണ്. ഇടതുപക്ഷത്തിന്റെ ബദല്‍ നയങ്ങള്‍ കാര്‍ഷികമേഖലയില്‍ നടപ്പിലാക്കുന്നതിനായി പദ്ധതികള്‍ രൂപീകരിച്ചത് കര്‍ഷകരില്‍ നല്ല പ്രതീക്ഷയും ഉണ്ടാക്കി. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില നല്‍കി. വിപണിയില്‍ എത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ പദ്ധതിയും മാതൃകയായി.
കര്‍ഷകര്‍ ഇപ്പോള്‍ അവരുടെ അവശതകളും പ്രയാസങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. കര്‍ഷകരുടെ ചോദ്യങ്ങള്‍ അവര്‍‍ ഉന്നയിക്കുന്നുണ്ട്. കൃഷിക്കാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണം. പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ പോരായ്മകളും കാലതാമസവും കര്‍ഷകര്‍ താഴെത്തട്ടുമുതല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കാര്‍ഷിക മേഖല മുന്നോട്ടു കൊണ്ടുപോകുന്നതിനും ആവശ്യമായ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണം. സംസ്ഥാന ബജറ്റിലും എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലും കാര്‍ഷിക മേഖല ലക്ഷ്യമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തണം.
കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയിലും പ്രയാസങ്ങളിലും സംസ്ഥാന ഗവണ്‍മെന്റിന് പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ അടിയന്തര പരിഗണന നല്‍കി പരിഹാരമുണ്ടാക്കണം. കൃഷിക്കാരില്‍ വളര്‍ന്ന അസംതൃപ്തിക്കും പ്രതിഷേധത്തിനും പരിഹാരംകാണണം. ഗവണ്‍മെന്റിന്റെ ട്രഷറിയില്‍ വരുന്ന പണത്തിന്റെ ന്യായമായ പങ്ക് കാര്‍ഷിക മേഖലയ്ക്ക് നല്‍കണം. കാര്‍ഷിക മേഖലയില്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ തടസപ്പെടാതെ മുന്നോട്ടു കൊണ്ടുപോകണം. നാളികേരം മുഴുവന്‍ സംഭരിക്കുകയും സംഭരണ വില ഉടനെ നല്‍കുകയും വേണം. നെല്ലിന്റെ സംഭരണ സമയത്ത് തന്നെ കര്‍ഷകര്‍ക്ക് സംഭരണ വില ലഭിക്കുന്നില്ല. അതുകാരണം കര്‍ഷകര്‍ പ്രയാസത്തിലാണ്. റബ്ബറിന് 170 രൂപ വില ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. വിപണിയുമായുള്ള വ്യത്യാസം കണക്കാക്കി പണം റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കണം. 2018–19 വരെയുള്ള കാലയളവുവരെയുള്ള കടങ്ങള്‍ കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണം.


ഇതുകൂടി വായിക്കൂ: മണ്ണിൽ പോഷകങ്ങൾ ഇല്ലാതാകുന്നു കാര്‍ഷികരംഗത്ത് തിരിച്ചടി


കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകരില്‍ ഏറെ പ്രതീക്ഷയുണ്ടാക്കി. ബോര്‍ഡ് രൂപീകരിക്കുകയല്ലാതെ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ആവശ്യമായ ഫണ്ട് ബോര്‍ഡിന് കൈമാറണം.
ഹോര്‍ട്ടി കോര്‍പ്പിനെ അതിന്റെ ലക്ഷ്യത്തിനനുസൃതമായി ശക്തിപ്പെടുത്തി കര്‍ഷകരില്‍ നിന്നും ഉല്പന്നങ്ങള്‍ സംഭരിക്കുകയും വിപണിയിലെത്തിക്കുകയും വേണം. ക്ഷീര കര്‍ഷക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നടപടികള്‍ ഉണ്ടാകണം. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ വിവിധ വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ സുരക്ഷിതരാക്കുന്നതിനായി പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കണം.
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്കയിലായ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കേരള ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ അവരില്‍ പ്രതീക്ഷയുണ്ടാക്കിയിട്ടുണ്ട്. അത് മുന്നോട്ടു കൊണ്ടുപോകണം. വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകരും കൃഷിയും ഗുരുതരമായ ഭീഷണി നേരിടുന്നു. നിരവധി കര്‍ഷകര്‍ വന്യമൃഗആക്രമണങ്ങളാല്‍ മരിച്ചു. കൃഷിയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കര്‍ഷകരുടെ ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. അതിന്റെ ഭാഗമായി കര്‍ഷകരുടെ പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും ഗവണ്‍മെന്റിനെയും ശക്തിപ്പെടുത്തേണ്ടത് കേരളത്തിലെ കര്‍ഷകരുടെ ആവശ്യമാണ്. ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തിക്കൊണ്ട് തന്നെ പദ്ധതികള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ പണം കാര്‍ഷിക മേഖലയ്ക്ക് മാറ്റിവയ്ക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും കര്‍ഷകര്‍ തന്നെ മുന്നോട്ടുവരണം. കിസാന്‍സഭയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10 മുതല്‍ ആരംഭിക്കുന്ന കര്‍ഷക പ്രക്ഷോഭ യാത്രയിലും ഫെബ്രുവരി 17ലെ തൃശൂരിലെ കര്‍ഷക റാലിയും ഫെബ്രുവരി 23ല്‍ തിരുവനന്തപുരത്ത് നടക്കുന്ന കര്‍ഷക സംഗമവും അതിന്റെ ഭാഗമാണ്. കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശബ്ദം ഉയര്‍ത്തുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.