26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 6, 2024
December 1, 2024
November 29, 2024
November 26, 2024
November 26, 2024
November 8, 2024
November 8, 2024
November 6, 2024
October 28, 2024

കർഷക സമരവും ജനാധിപത്യ ഫാസിസവും

അജിത് കൊളാടി
വാക്ക്
February 24, 2024 4:30 am

പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ വാക്കുകളെക്കാൾ, ദരിദ്രരും പാർശ്വവൽക്കൃതരുമായ മനുഷ്യരുടെ ശബ്ദം കേൾപ്പിക്കാൻ കർഷകർ എന്നും ബഹുദൂരം മുന്നിലാണ്. പരമാധികാരത്തിന്റെ ഒരു സ്വഭാവം അതിന് എല്ലാ നിയമങ്ങളെയും ഭരണഘടനയെത്തന്നെയും മാറ്റിമറിക്കാം എന്നതാണ്. കർഷക സമരം ആരംഭിക്കുന്നത് പാർലമെന്റിന്റെ പരമാധികാരത്തെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യംചെയ്തു കൊണ്ടുതന്നെയാണല്ലൊ. പാർലമെന്റ് പാസാക്കിയ നിയമത്തെയാണ് ഇന്ത്യയിലെ കർഷകർ തള്ളിക്കളഞ്ഞത്. സർക്കാർ കായികമായി നേരിടുന്നതിനു മുമ്പുതന്നെ കടുത്ത കാലാവസ്ഥയെ അതിജീവിക്കാനാകാതെ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ട സമരമായിരുന്നു രണ്ടു വർഷം മുമ്പ് ഡൽഹിയിൽ നടന്നത്. സമരത്തോടുള്ള ഭരണകൂടത്തിന്റെ അവഗണനയാണ് കര്‍ഷകമരണങ്ങൾക്ക് കാരണം. ഇത് മൃത്യുരാഷ്ട്രീയത്തിന്റെ മറ്റൊരു ക്രൂരമുഖം തന്നെയാണ്. അത് കേവലമായ ആൾക്കൂട്ട സമരമായിരുന്നില്ല. ചെറുകിട കർഷകരും ധനികകർഷകരും കർഷകത്തൊഴിലാളികളും ചേർന്ന് നടത്തുന്ന ആഗോള മൂലധന വിരുദ്ധ രാഷ്ട്രീയം അതിൽ ഉൾച്ചേർന്നിരുന്നു. ആഗോള മൂലധനവും ഇന്ത്യയടക്കമുള്ള മൂന്നാംലോക കർഷകസമൂഹവും തമ്മിലുള്ള വൈരുധ്യം ഇതിലൂടെ കൂടുതൽ വ്യക്തമാകുന്നു. ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങൾ, ദേശരാഷ്ട്രങ്ങൾക്ക് പുതിയ ആഗോള ക്രമത്തിൽ ഉണ്ടായിട്ടുള്ള രൂപമാറ്റങ്ങൾ, അതിന്റെ ഭാഗമായി സംജാതമായ മൂലധന വിധേയത്വങ്ങൾ, പരമാധികാരത്തിന്റെ മൃത്യുരാഷ്ട്രീയം, അതിൽ ഇടപെടുന്നതിന്റെ പുതിയ പരീക്ഷണങ്ങൾ എല്ലാം ചേർന്ന സമകാല രാഷ്ട്രീയത്തോടുള്ള സർഗാത്മകമായ ഒരു പ്രതികരണമായി കർഷകസമരം മാറി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ ബില്ലുകളാണ് 10 ദിവസം കൊണ്ട് അന്ന് പാസാക്കിയത്.

ബില്ല് പാർലമെന്റിൽ എത്തുന്നതിനു മുമ്പ് തന്നെ സർക്കാർ പ്രകടിപ്പിച്ച തിക്കുംതിരക്കും ആക്രമണോത്സുകതയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സർക്കാർ നേതൃത്വത്തിൽ നടത്തികൊണ്ടിരുന്ന മണ്ഡികളെ നിർവീര്യമാക്കിക്കൊണ്ട് സ്വകാര്യ കുത്തകകളെ കമ്പോളത്തിൽ പ്രവേശിക്കാനനുവദിച്ച നടപടിയെ കർഷകർ കണ്ടത് താങ്ങുവില ഇല്ലാതാക്കാനുള്ള നീക്കമായിട്ടാണ്. സ്വകാര്യ മുതലാളിമാർക്ക് താങ്ങുവില നൽകി കാർഷിക വസ്തുക്കൾ സംഭരിക്കേണ്ട ഉത്തരവാദിത്തമില്ല. പക്ഷേ, താങ്ങുവിലയുണ്ടെങ്കിൽ അവർക്ക് അതിന് താഴെയുള്ള വില നിശ്ചയിക്കാൻ കഴിയില്ല. കൃഷിക്കാരെ വൻകിട കുത്തകകളുടെ ദയാദാക്ഷിണ്യത്തിന് എറിഞ്ഞു കൊടുക്കുന്നതിനെതിരെ കർഷകർ ആരംഭിച്ച പ്രക്ഷോഭം ശക്തമാകുന്നതുകണ്ട സർക്കാർ അതിനെ ദേശവിരുദ്ധ പ്രക്ഷോഭമായി മുദ്രകുത്താൻ ശ്രമിച്ചു. എന്നാല്‍ ഭീഷണി വകവയ്ക്കാതെ ശക്തമായി കർഷകർ മുന്നോട്ടു പോവുകയായിരുന്നു. 1965ലെ ഭക്ഷ്യപ്രതിസന്ധിക്കു ശേഷം ഇന്ത്യൻ കാർഷിക മേഖലയിൽ പൊതുവെ നല്ല പ്രവർത്തനം നടക്കുന്നു. ഭക്ഷ്യോല്പാദനം വർധിച്ചു. ഭക്ഷ്യമേഖല സുരക്ഷിതമാണ്. 55 ശതമാനം ആളോഹരി ഭക്ഷ്യമിച്ചമുണ്ട് എന്ന് കണക്കുകൾ പറയുന്നു. എന്നാൽ കൃഷിക്കാരുടെ സ്ഥിതി ശുഭകരമായില്ല. 1980കളിൽ ഒരു കാർഷികേതര കുടുംബത്തിന്റെ വരുമാനത്തിന്റെ 34 ശതമാനമായിരുന്നു കാർഷിക കുടുംബത്തിന്റെ വരുമാനം. ഇത് 25 ശതമാനമായി. ജലസേചന സൗകര്യമുള്ള ഒരു ഹെക്ടർ ഭൂമിയിൽ നിന്നുള്ള വാർഷിക വരുമാനം 56,710 രൂപ.


ഇതുകൂടി വായിക്കൂ: കര്‍ഷകസമരം യൂറോപ്പിലും ഇന്ത്യയിലും


ജലസേചന സൗകര്യമില്ലാത്തതും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നതുമായ ഒരു ഹെക്ടർ കൃഷിഭൂമിയിൽ ഇത് 35,353 രൂപ. നമ്മുടെ ദേശീയോല്പാദനത്തിന്റെ 17 ശതമാനമായിരുന്നു കാർഷിക മേഖലയുടെ വിഹിതം. മഹാമാരി മൂലം എല്ലാമേഖലയിലും തളർച്ച അനുഭവപ്പെട്ടപ്പോഴും കാർഷിക മേഖല 4.6 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. പ്രസ്തുത വർഷം മൊത്തം ഉല്പാദനം 8.2 ശതമാനം കുറവായിരുന്നു. കാർഷിക മേഖല കൈവരിച്ച വളർച്ച മൂലമാണ് മൊത്തഉല്പാദന രംഗത്തെ തകർച്ചയെ പിടിച്ചുനിർത്താനായത്. തൊഴിൽ സേനയുടെ 64 ശതമാനവും ഉൾക്കൊള്ളുന്നത് കാർഷിക മേഖലയാണ്. എന്നാല്‍ ഇതനുസരിച്ചുള്ള ആനുപാതിക ഉല്പാദനമില്ല. അവസാനം ലഭ്യമായ 2012ലെ ഡാറ്റ അനുസരിച്ച് ഒരു തൊഴിലാളിയുടെ വാർഷിക ഉല്പാദനക്ഷമത 1,71,587 രൂപയാണ്. കാർഷിക മേഖലയിൽ 62,235 രൂപയും. തൽഫലമായി കാർഷിക മേഖലയിലെ തൊഴിൽ സേന കുറയുന്നു. 2005 മുതൽ 2016 വരെ ഏഴ് കോടി തൊഴിലാളികൾ കാർഷിക മേഖല വിട്ടുപോയി. കൃഷിക്കാരുടെ എണ്ണം 17 കോടിയിൽ നിന്ന് 14 കോടിയായി കുറഞ്ഞു. കാർഷിക മേഖലയ്ക്കു പുറത്ത് യാതൊരു തൊഴിൽ നൈപുണ്യവും ഇല്ലാത്ത തൊഴിലാളികള്‍ നഗരത്തിലെ അപ്പാർട്ട്മെന്റുകളിൽ, മാളുകളിൽ, മറ്റു മേഖലകളിൽ തീരെ വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായി. ഇതിനു പുറമെയാണ് രാജ്യത്തെ നടുക്കുന്ന കർഷക ആത്മഹത്യ. ഭക്ഷ്യോല്പാദന മിച്ച രാജ്യമായി മാറിയിട്ടും കർഷക രംഗത്തെ ജനങ്ങൾ ദൈനംദിന ജീവിതം തട്ടിമുട്ടി കൊണ്ടുപോകാനുള്ള തത്രപ്പാടിലാണ്. സാമ്പത്തിക സുരക്ഷയെന്നത് അവർക്ക് കേട്ടുകേൾവിയില്ല. അവർ നിസഹായർ, ദാരിദ്ര്യത്തിൽ തന്നെ തുടരാൻ നിർബന്ധിതരാക്കപ്പെട്ടവർ. സർക്കാരുകൾ പ്രാധാന്യം കൊടുക്കുന്നത്, മൂലധന നിക്ഷേപത്തിനും വ്യാപാര ഉദാരവൽക്കരണത്തിനും കോർപറേറ്റുകളുടെ കടം എഴുതിത്തള്ളുന്നതിനും ബിസിനസ് വട്ടമേശ സമ്മേളനങ്ങൾക്കും ഐപിഒ റേറ്റിങ് ഏജൻസികളുടെ സ്കോറിനും പലിശ നിരക്ക് നിശ്ചയിക്കുന്നതിനും മറ്റുമാണ്. കാർഷിക മേഖലയ്ക്കായി ശ്രദ്ധചെലുത്താൻ അധികാര വരേണ്യർക്ക് തീരെ താല്പര്യമില്ല.

കർഷക ആത്മഹത്യകളെക്കുറിച്ചുള്ള വാർത്തകൾ ഏതാനും മാധ്യമങ്ങളിൽ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുവെന്നല്ലാതെ യാതൊരു ചലനവും ഉണ്ടാക്കാറില്ല. ദരിദ്രനാരായണന്മാരും അടിത്തറ ഇളകി നിൽക്കുന്നവരുമായ ചെറുകിട നാമമാത്ര കൃഷിക്കാരോട്, അവരുടെ സാധനങ്ങൾ ഇ‑പ്ലാറ്റ്ഫോമുകള്‍ വഴി എവിടെയും വിൽക്കാം എന്നു പറഞ്ഞാൽ അവർക്കു മനസിലാകില്ല. അവരിൽ മഹാഭൂരിപക്ഷത്തിനും ഭൂമിക്കുമേൽ ഉടമസ്ഥാവകാശമില്ല. പരിമിതമായ വിഭവങ്ങൾ കൈമുതലായി പരിതാപകരമായ ജീവിത സാഹചര്യത്തില്‍ മുങ്ങിത്താഴുന്ന കഷ്ടപ്പെടുന്നവരെ ക്രൂരന്മാരായ കോർപറേറ്റ് ചെന്നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതിലൂടെ സർക്കാർ കൊടും ക്രൂരത പ്രകടിപ്പിക്കുന്നു. കർഷക സംഘടനകളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കില്ല. 1936ൽ അഖിലേന്ത്യാ കിസാൻ സഭ മുന്നോട്ടുവച്ച അവകാശപത്രികയിൽ ഉന്നയിച്ച ആവശ്യങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ നിൽക്കുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ബോംബെ പ്രസിഡൻസിയിലൂടെ ഇരുന്നൂറു മൈൽ നീണ്ട ഒരു ജാഥ നടത്തി അന്ന് കിസാൻസഭ. ഇന്ന് നടക്കുന്ന സമരം ഇന്ത്യൻ റിപ്പബ്ലിക്ക് ആരുടേതാണെന്ന കാതലായ ചോദ്യമാണ് ഉയർത്തുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധികളും ബിജെപി സർക്കാരിന്റെ ആഭ്യന്തര സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച തകർച്ചകളും അതിവിഷമകരമായ അവസ്ഥയിലാണ് രാജ്യത്തെ എത്തിച്ചിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി ഇന്ത്യയിലെ ജനങ്ങൾക്കുണ്ട് എന്നതിന്റെ സാക്ഷ്യപത്രമാണ് കർഷക സമരം. ഫാസിസ്റ്റ് വിരുദ്ധമുന്നണിയിൽ കക്ഷിഭേദമന്യെ അടിസ്ഥാന മേഖലയിലെ ജനവിഭാഗങ്ങൾ അണിചേരും എന്നതിന്റെ തെളിവാണത്.


ഇതുകൂടി വായിക്കൂ:രാഷ്ട്രീയ സമരമായി മാറുന്ന കര്‍ഷക പ്രക്ഷോഭം


പൊതുസമൂഹത്തിന്റെ ചലനാത്മകത എന്നത് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ, മർദിതരും പാർശ്വവല്‍ക്കൃതരും ചൂഷിതരും അടങ്ങുന്ന ഓരോ ദേശരാഷ്ട്രത്തിലെയും പൗരസമൂഹത്തിന്റെ ചെറുത്തുനില്പുകൾക്ക് ആശയപരമായ ഊർജം പകരുന്ന രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായപ്പോൾ പ്രസിദ്ധ ചരിത്രകാരന്മാർ പറഞ്ഞത് ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളിൽ പുതിയ ഫാസിസം രൂപപ്പെടുന്നുവെന്നത് ‌സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ് എന്നാണ്. ഇതിനെ ജനാധിപത്യ ഫാസിസം എന്നു വിളിക്കുന്നു. ഈ പ്രവണതയെ സൂചിപ്പിക്കുന്നതിനായി ഇറ്റലിയിലെ ബെർലുസ്‌കോണി, ഹംഗറിയിൽ ഓർബൻ, ഫ്രാൻസിൽ സർകോസി, തുർക്കിയിൽ എർദോഗാൻ തുടങ്ങിയവരോടൊപ്പം ഇന്ത്യയിൽ നരേന്ദ്രമോഡിയെയും ചൂണ്ടിക്കാണിക്കുന്നു. കാമറൂണിയൻ ചിന്തകനായ അഷീൽ മെംമ്പെ പറയുന്ന മൃത്യുരാഷ്ട്രീയത്തെ ഇതുമായി ബന്ധപ്പെടുത്തണം. തങ്ങളുടെ മൃത്യുരാഷ്ട്രീയത്തിനുള്ള മറയായി ജനാധിപത്യത്തെ ഫാസിസവും സ്വേച്ഛാധിപത്യവും ഉപയോഗിക്കുന്നു എന്നത് സമകാല രാഷ്ട്രീയ ലോകത്തിൽ പ്രകടമായ വൈരുധ്യമാണ്. പരമാധികാര മൃത്യുരാഷ്ട്രീയത്തെ ശക്തമായി വെല്ലുവിളിക്കുന്നതും മൂലധനത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളെ തുറന്നുകാണിക്കുന്നതുമായ സമരങ്ങൾ ശക്തമായി വളർന്നുവരണം. അത്തരത്തിലുള്ള ശക്തമായ ഫാസിസ്റ്റ് വിരുദ്ധ സമരമാണ് കർഷകര്‍ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.