1 May 2024, Wednesday

കര്‍ഷകസമരം യൂറോപ്പിലും ഇന്ത്യയിലും

എ ജി വെങ്കിടേഷ്
February 18, 2024 4:56 am

ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് പ്രതിഷേധവുമായി വന്ന കര്‍ഷകരെ വഴിയില്‍ മാരകമായ സജ്ജീകരണങ്ങള്‍ ഒരുക്കി തടയാനും വിവിധ രീതിയില്‍ അടിച്ചമര്‍ത്തുവാനും ശ്രമിക്കുകയാണ് പൊലീസും മറ്റ് ഭരണകൂട മര്‍ദന സംവിധാനങ്ങളും. ഇതേസമയത്തുതന്നെയാണ് യൂറോപ്പില്‍ വ്യാപകമായ കര്‍ഷകസമരം ശക്തമായെന്നും നഗരങ്ങള്‍ സ്തംഭിച്ചു എന്നുമുള്ള വാര്‍ത്തകളുമെത്തുന്നത്. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം കര്‍ഷകരെ ഏതുവിധത്തിലാണ് നേരിടുന്നത് എന്നതുനോക്കുമ്പോള്‍ സമരം ചെയ്യാനുള്ള അവകാശം പോലും ഇല്ലാതാകുന്ന ഒരു രാജ്യത്തിന്റെ ദയനീയാവസ്ഥയാണ് ബോധ്യപ്പെടുക. അതേസമയം പേരില്‍ത്തന്നെ വലതുപക്ഷ, സാമ്രാജ്യത്വ ചേരുവകള്‍ അടങ്ങിയിട്ടുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ ഭരണക്കാര്‍ കര്‍ഷക സമരങ്ങളെ ഈ രീതിയിലല്ല നേരിടുന്നത് എന്നതും ശ്രദ്ധേയമാണ്. ജനുവരിയില്‍ ബെല്‍ജിയം, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ ശക്തമായ കര്‍ഷക പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇറ്റലിയില്‍ മിലാന്‍ നഗരത്തിന് പുറത്തും റോമിന് സമീപത്തുമായി കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ ഗ്രീസില്‍ നിന്നാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായാണ് ഫ്രാന്‍സിലും ബെല്‍ജിയത്തിലുമൊക്കെ കര്‍ഷക സമരം ശക്തിപ്പെട്ടത്. വിലക്കയറ്റം, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി, കര്‍ഷകര്‍ക്ക് ദോഷം ചെയ്യുന്ന നിയമനിര്‍മ്മാണങ്ങള്‍ എന്നിവയാണ് പ്രധാനമായും കര്‍ഷക സമരത്തിന്റെ വിഷയങ്ങളായി ഉന്നയിക്കപ്പെട്ടത്. തുറമുഖങ്ങളും നഗരങ്ങളും ട്രാക്ടറുകളും മറ്റുമായെത്തി ഉപരോധിച്ചായിരുന്നു ബെല്‍ജിയത്തിലെ കര്‍ഷകരുടെ സമരം. സീബ്രഗ് തുറമുഖം ട്രാക്ടറുകളുമായി വളഞ്ഞ കര്‍ഷകര്‍ നോര്‍ത്ത് തുറമുഖത്തിന്റെ പ്രവര്‍ത്തനം 36 മണിക്കൂര്‍ നേരമാണ് സ്തംഭിപ്പിച്ചത്. ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നടക്കുന്ന വിവിധ തുറമുഖങ്ങളിലേക്കുള്ള പാതകളും കര്‍ഷക ഉപരോധത്തെ തുടര്‍ന്ന് സ്തംഭിച്ചു. ചരക്കുനീക്കത്തിനെത്തുന്ന ട്രക്കുകളെ യാത്ര ചെയ്യുന്നതിന് പ്രക്ഷോഭകര്‍ അനുവദിച്ചില്ല. ജനറല്‍ ഫാര്‍മേഴ്സ് സിന്‍ഡിക്കേറ്റ് യൂണിയ (എബിഎസ്) നാണ് സമരത്തിന് തുടക്കം കുറിച്ചതെങ്കിലും മറ്റ് സംഘടനകളും ഇതിനൊപ്പം ചേര്‍ന്നു.

 


ഇതുകൂടി വായിക്കൂ: പുതുകാലത്തെ കർഷക രോഷം


പാരിസ് നഗരത്തിന് ചുറ്റും ട്രാക്ടറുകള്‍ നിരത്തിയാണ് ഫ്രാന്‍സിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. ട്രാക്ടറുകള്‍ക്ക് പുറമേ വൈക്കോല്‍ക്കൂനകള്‍ റോഡുകളില്‍ കൂട്ടിയിട്ടതും ഗതാഗത സ്തംഭനത്തിന് കാരണമായി. ജനുവരി അവസാനം ആരംഭിച്ച് ആഴ്ചകള്‍ നീണ്ടുനിന്ന സമരം ഫെബ്രുവരി ആദ്യവാരം അനുകൂല സര്‍ക്കാര്‍ ഉറപ്പുകളെ തുടര്‍ന്നാണ് പിന്‍വലിച്ചത്. വിളകൾക്ക്‌ ഉചിതമായ വില, കാര്‍ഷിക ധനസഹായം, കീടനാശിനി ഉപയോഗത്തിലെ നിയന്ത്രണം പിന്‍വലിക്കല്‍, കുറഞ്ഞ വേതനനിരക്കിലെ വര്‍ധന, പ്രാദേശിക വിപണിയിൽ വിദേശ‑സ്വദേശ കുത്തകകളുടെയും വ്യാപാരികളുടെയും ഇടപെടൽ ഒഴിവാക്കല്‍ തുടങ്ങിയ ആവശ്യങ്ങളായിരുന്നു കര്‍ഷകര്‍ പ്രധാനമായും ഉന്നയിച്ചത്. ഇതില്‍ ചില ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു സമരം നിര്‍ത്തിയത്. സാമ്പത്തിക സഹായം, കീടനാശിനി ഉപയോഗത്തിലെ നിയന്ത്രണം എന്നിവ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതിന് തുല്യമാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. നികുതി ഇളവുകള്‍ സംബന്ധിച്ച് പരിശോധിക്കുമെന്നും ഉറപ്പുണ്ടായി.
ഫ്രാന്‍സിലെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ബെല്‍ജിയത്തിലെ കര്‍ഷകരും പ്രക്ഷോഭത്തിന്റെ പാത തിരഞ്ഞെടുത്തത്. രാജ്യത്തുടനീളം പ്രകടനങ്ങളും ഗതാഗതസ്തംഭന സമരങ്ങളും സംഘടിപ്പിച്ചു. പ്രാദേശികമായി ആരംഭിച്ച പ്രക്ഷോഭത്തെ വിവിധ കര്‍ഷക സംഘടനകള്‍ പിന്തുണച്ചതോടെ സമരം രാജ്യവ്യാപകമായി. ബെല്‍ജിയം വര്‍ക്കേഴ്സ് പാര്‍ട്ടി (പിടിബി)യും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. കർഷകർക്ക് തങ്ങളുടെ അധ്വാനത്തില്‍ നിന്ന് ഉപജീവനം സാധ്യമാകാത്തതാണ് പ്രക്ഷോഭത്തിന് കാരണമെന്നും അവരുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്നും പിടിബി പ്രസിഡന്റ് റൗൾ ഹെഡെബൗ പ്രഖ്യാപിച്ചു.

കാര്‍ഷിക സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും വൈദ്യുതി നികുതി ഉയര്‍ത്തുകയും ചെയ്തതിനെതിരെയാണ് ജര്‍മ്മനിയിലെ കര്‍ഷക പ്രക്ഷോഭം. സാമ്രാജ്യത്വ യുദ്ധങ്ങള്‍ക്ക് പണം നിര്‍ലോഭം ചെലവഴിക്കുമ്പോഴാണ് കാര്‍ഷിക സബ്സിഡി കുറച്ചും വൈദ്യുതി നിരക്ക് ഉയര്‍ത്തിയും ജനങ്ങളെ ദ്രോഹിക്കുന്നത് എന്നാണ് കര്‍ഷകരുടെ പ്രധാന ആരോപണം. ജർമ്മൻ ഫാർമേഴ്സ് അസോസിയേഷൻ (ഡിബിവി), അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ കണക്ട്സ് ജർമ്മനി (എൽഎസ്‌വി) തുടങ്ങിയ സംഘടനകൾ ആരംഭിച്ച പ്രതിഷേധത്തിൽ ട്രാക്ടർ റാലികളും റോഡ് തടയലുമൊക്കെ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി ആദ്യം വടക്കൻ ജർമ്മനിയിലെ ഒരു തീരത്ത് എത്തിയ വൈസ് ചാൻസലറും ധനകാര്യ മന്ത്രിയുമായ റോബർട്ട് ഹാബെക്കിനെ കർഷകർ തടഞ്ഞ സംഭവവുമുണ്ടായി. പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ കാർഷിക, വനമേഖലാ വാഹനങ്ങൾക്ക് നികുതി ഇളവ് തുടരാനുള്ള സന്നദ്ധത സർക്കാർ പ്രഖ്യാപിക്കുകയും കാർഷിക ഇന്ധനത്തിനുള്ള സബ്‌സിഡി അടുത്ത രണ്ടുവര്‍ഷംകൊണ്ട് ഘട്ടംഘട്ടമായി മാത്രമേ കുറയ്ക്കൂ എന്ന് വാഗ്ദാനം നല്‍കുകയും ചെയ്തുവെങ്കിലും പൂര്‍ണമായും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകള്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുകയും ബെര്‍ലിന്‍ നഗരത്തില്‍ ഉള്‍പ്പെടെ വന്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വിവിധ തൊഴിലാളി സംഘടനകളും ഇതില്‍ പങ്കെടുത്തു. ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി (ഡികെപി)യും കര്‍ഷക സമരത്തിന് ഐക്യപ്പെട്ട് രംഗത്തെത്തി. തൊഴിലാളിവർഗം, ചെറുകിട വ്യവസായികൾ, കരകൗശല തൊഴിലാളികൾ, കർഷകർ എന്നിവര്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്പിക്കുന്ന സര്‍ക്കാര്‍, ആയുധ വ്യവസായം ശക്തിപ്പെടുത്തുകയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പാട്രിക് കോബെലെ പ്രസ്താവനയിൽ പറഞ്ഞു. ജർമ്മനിയിൽ നിന്നുള്ള ആയുധ കയറ്റുമതിയിൽ 40 ശതമാനം വർധനയുണ്ടായി. യുദ്ധവും ആയുധങ്ങളും നിരാശരും കോപാകുലരുമായ കർഷകരെയുമല്ല രാജ്യത്തിനാവശ്യമെന്നും ആയുധങ്ങള്‍ക്കുപകരം ട്രാക്ടറുകളും സംതൃപ്തരായ കര്‍ഷകരുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികാവശ്യത്തിന് നികുതിരഹിത ഇന്ധനം അനുവദിക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക, കന്നുകാലി തീറ്റയ്ക്ക് സബ്സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുമായി ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഗ്രീസില്‍ കര്‍ഷക സമരം ആരംഭിച്ചത്. ഫെബ്രുവരി 13ന് പ്രധാനമന്ത്രി കിരിയാക്കോസ് മിത് നിര്‍ദേശിച്ചതനുസരിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് സമരം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.


ഇതുകൂടി വായിക്കൂ: രാഷ്ട്രീയ സമരമായി മാറുന്ന കര്‍ഷക പ്രക്ഷോഭം


 

 

ഗ്രീസിലുടനീളമുള്ള പ്രധാന പാതകളില്‍ റാലികളും ഉപരോധങ്ങളും ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തത്. അതുകൊണ്ട് അടുത്ത ചൊവ്വാഴ്ച കർഷക സംഘടനകളെ സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രീസും (കെകെഇ), തൊഴിലാളി സംഘടനയായ ഓൾ വർക്കേഴ്സ് മിലിറ്റന്റ് ഫ്രണ്ടും (പിഎഎംഇ) കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിവര്‍ഷം നിരവധി കോടി യൂറോയുടെ വിഹിതമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പൊതു കാര്‍ഷിക നയത്തിന്റെ കീഴില്‍ അതാത് രാജ്യങ്ങളിലെ ബജറ്റില്‍ നീക്കിവയ്ക്കുന്നത്. കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുകയും ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പുവരുത്തുകയുമാണ് നയത്തിന്റെ ഊന്നലെങ്കിലും കാര്‍ഷിക വ്യവസായങ്ങളുമായി ബന്ധപ്പെട്ട വന്‍കിടക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ഹെക്ടര്‍ അടിസ്ഥാനത്തിലാണ് ആനുകൂല്യ വിതരണമെന്നതിനാല്‍ ചെറുകിടക്കാര്‍ പുറത്താകുകയും വന്‍കിട ഭൂവുടമകള്‍ക്ക് ആനുകൂല്യങ്ങള്‍ കയ്യടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സബ്സിഡി തുകയുടെ 80 ശതമാനവും ഏറ്റവും വലിയ കാര്‍ഷിക കമ്പനികളിലേക്കാണ് പോകുന്നത്. ഭൂമി സ്വന്തമായുള്ളവര്‍ക്കും ഉല്പാദനം നടത്തുന്നില്ലെങ്കിലും സബ്സിഡി ലഭ്യമാകുന്ന രീതിയാണ് നിലവിലുള്ളത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണമായതിനാല്‍ യഥാര്‍ത്ഥ ചെറുകിട കര്‍ഷകര്‍ക്കാകട്ടെ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ പോലും സാധിക്കാതെ വരുന്നു. ഈവിധത്തില്‍ അസംതൃപ്തിയും ജീവിതദുരിതങ്ങളും രോഷാകുലരാക്കിയ കര്‍ഷകരാണ് യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. ട്രാക്ടറുകളും വൈക്കോല്‍ക്കൂനകളും നിറയുന്ന നഗരങ്ങളില്‍ കര്‍ഷക പ്രതിഷേധത്തിന്റെ പുതിയ പരമ്പരകളാണ് യൂറോപ്പിലെമ്പാടും കാണുന്നത്. 2011ല്‍ യുഎസില്‍ നിന്നാരംഭിച്ച ഒക്കുപ്പൈ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് സമാനമായ കര്‍ഷക സമരമാണ് യൂറോപ്പിലാകെ പടരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.