18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 11, 2025
February 16, 2025
February 15, 2025
January 18, 2025
December 26, 2024
December 26, 2024
December 15, 2024
December 13, 2024
November 9, 2024
November 6, 2024

വീണ്ടുമൊരുങ്ങുന്ന കർഷകപ്രതിഷേധം

പ്രത്യേക ലേഖകന്‍
January 24, 2024 4:45 am

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡുമായി കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണനനയങ്ങൾക്കെതിരെ പ്രതിഷേധത്തിനാെരുങ്ങുകയാണ് രാ​ജ്യ​ത്തെ കർഷകർ. ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന ജ​നാ​ധി​പ​ത്യം, ഫെ​ഡ​റ​ലി​സം, മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ ത​ത്വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് ക​ർ​ഷ​ക​ർ പ്ര​തി​ജ്ഞ​യെ​ടു​ക്കും. കാർഷികോല്പന്ന വ്യാപാര വാണിജ്യനിയമം, കാർഷിക ശാക്തീകരണ സംരക്ഷണ നിയമം, അവശ്യവസ്തു ഭേദഗതി നിയമം എന്നീ കരിനിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകജനത സംഘടിപ്പിച്ച, ലോകം കണ്ട ഐതിഹാസികമായ കർഷക പോരാട്ടത്തിന്റെ തുടർച്ചയാകും ഇത്. 380 ദിവസക്കാലം നീണ്ടു നിന്ന പ്രക്ഷോഭത്തിൽ 715 കർഷകർ ജീവത്യാഗം ചെയ്തു. സമരത്തിനു മുന്നിൽ മുട്ടുകുത്തിയ മോഡി ഭരണകൂടം കരിനിയമങ്ങൾ പിൻവലിച്ചു. ഇന്ത്യയിലെ തൊഴിലാളി കർഷക ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും ഉജ്വല വിജയമായിരുന്നു ഡൽഹിയിലെ സമരം. കർഷക പോരാട്ടങ്ങൾ അവസാനിച്ച് ഒന്നര വർഷം കഴിഞ്ഞിട്ടും മോഡി സർക്കാർ കരാറിൽ നൽകിയ ഉറപ്പുകൾ ഒന്നുംതന്നെ പാലിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് കർഷകരുടെ ആവശ്യങ്ങൾ സംയുക്ത കിസാൻ മോർച്ച ഉയർത്തിക്കാട്ടുന്നത്.

2020–21ലെ ഡൽഹി ഉപരോധത്തില്‍ ശക്തമായി ഉന്നയിക്കപ്പെട്ട ആദ്യത്തെ ആവശ്യം, സമഗ്രമായ ഉല്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവിലയുടെ (എംഎസ്‌പി) നിയമപരമായ ഉറപ്പാണ്. ഡോ. എം എസ് സ്വാമിനാഥൻ അധ്യക്ഷനായ കർഷകരുടെ ദേശീയ കമ്മിഷന്റെ (എൻസിഎഫ്) അടിസ്ഥാന ശുപാർശകളിൽ ഒന്നായിരുന്നു ഇത്. ഈ തത്വം അംഗീകരിച്ച് നടപ്പാക്കാതെ കാർഷിക പ്രതിസന്ധിയിൽ ഒരു ആശ്വാസവും ഉണ്ടാകില്ലെന്ന് കർഷകർ പറയുന്നു. വിത്ത്, രാസവളങ്ങൾ, കീടനാശിനികൾ, ഡീസൽ, വൈദ്യുതി, വെള്ളം എന്നിവയുടെ വില കുറച്ചുകൊണ്ട് ഉല്പാദനച്ചെലവ് കുറയ്ക്കുക എന്ന നിർണായക പരിഹാരമാണ് ആവശ്യം. ആഭ്യന്തര വിദേശ കോർപറേറ്റ് ലോബിക്കുമേൽ കർശനമായ നിയന്ത്രണവും വേണം. 2014ലെ ബിജെപി പ്രകടനപത്രികയിൽ എംഎസ്‌പി വാഗ്ദാനം ചെയ്തിരുന്നെങ്കിലും മറ്റെല്ലാ വാഗ്ദാനങ്ങളെയും പോലെ ഇതും കാപട്യമായിരുന്നു. അടുത്ത വർഷം തന്നെ, 2015 ഫെബ്രുവരിയിൽ ബിജെപി സർക്കാർ ലജ്ജയില്ലാതെ സുപ്രീം കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിച്ചു. അതിൽ സ്വന്തം എംഎസ്‌പി വാഗ്ദാനം നടപ്പിലാക്കുന്നത് സാധ്യമല്ലെന്നും അത് വിപണിയെ വികലമാക്കുമെന്നും യാതൊരു ഉളുപ്പുമില്ലാതെ പറഞ്ഞു. കർഷകരുടെ മറ്റാെരു പ്രധാന ആവശ്യം കർഷകരെയും കർഷകത്തൊഴിലാളികളെയും കടക്കെണിയിൽ നിന്നും സമ്പൂർണമായി മോചിപ്പിക്കുകയെന്നതാണ്. സമഗ്രമായ വായ്പ എഴുതിത്തള്ളൽ പദ്ധതിയിലൂടെ മാത്രമേ ഇത് സാധ്യമാകൂ. രണ്ട് കേന്ദ്ര സർക്കാരുകൾ നേരത്തെ വായ്പ ഭാഗികമായി എഴുതിത്തള്ളിയിരുന്നു.


ഇതുകൂടി വായിക്കൂ:കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് പെരുകുന്നു


1990ലെ വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരും 2008ലെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരും. കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ വിസമ്മതിച്ച മോഡി സർക്കാർ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വൻകിട കുത്തകകളുടെ 15 ലക്ഷം കോടിയിലധികം രൂപയുടെ വായ്പകൾ എഴുതിത്തള്ളി. വരൾച്ച, വെള്ളപ്പൊക്കം, കാലവർഷക്കെടുതി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് കർഷകരെ പൂർണമായി സംരക്ഷിക്കുന്നതിനുള്ള സമഗ്ര വിള ഇൻഷുറൻസ് പദ്ധതിയാണ് മൂന്നാമത്തെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം ഈ ദുരന്തങ്ങൾ വളരെയധികം തീവ്രമാകുകയാണ്. നിലവിലെ പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) യാകട്ടെ ഉപയോഗശൂന്യവും. ലഭ്യമായ എല്ലാ വിവരങ്ങളും തെളിയിക്കുന്നത് അത് കോർപറേറ്റ് ഇൻഷുറൻസ് കമ്പനികളെ വൻതോതിൽ ലാഭം നേടാനും, ദുരിതത്തിലായ കർഷകരെ ദ്രോഹിക്കാനുമാണ് സഹായിക്കുന്നത് എന്നാണ്. നാലാമത്തെ പ്രധാന വിഷയം കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പ്രതിമാസ പെൻഷൻ എന്നതാണ്. മറ്റ് സുപ്രധാന ഗ്രാമീണ പ്രശ്നം എംജിഎൻആർഇജിഎയുടെ വിപുലീകരണമാണ്. അതുവഴി തൊഴിൽദിനങ്ങൾ ഇരട്ടിയാക്കാനും കർഷകത്തൊഴിലാളികൾക്ക് നൽകുന്ന കൂലി മൂന്നിരട്ടിയാക്കാനും കഴിയും. തലമുറകളായി കൃഷിചെയ്യുന്ന ആദിവാസികളുടെ പേരിൽ വനഭൂമി പതിച്ചുനൽകാൻ വനാവകാശ നിയമം (എഫ്ആർഎ) കർശനമായി നടപ്പാക്കുക, ഭൂമിയുടെ അവകാശങ്ങളും ഭൂമി ഏറ്റെടുക്കലും സംബന്ധിച്ച മറ്റ് പ്രശ്നങ്ങൾ, വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കൽ, വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർത്തുന്ന കർഷക വിരുദ്ധ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കൽ, ജലസേചനത്തിന്റെ വികസനം സംബന്ധിച്ച പ്രധാന പ്രശ്നങ്ങൾ, എല്ലാവർക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം (പിഡിഎസ്) ശക്തിപ്പെടുത്തൽ തുടങ്ങിയവയും കർഷകർ ഉന്നയിക്കുന്നു.

ഡൽഹി പ്രക്ഷോഭത്തെത്തുടർന്ന് കേന്ദ്ര സർക്കാർ കർഷകരുമായുണ്ടാക്കിയ കരാർ നടപ്പിലാക്കുക, എംഎസ്‌പി നടപ്പിലാക്കുക, ഡൽഹി കർഷകസമരത്തിൽ മരണപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, ലഖിംപൂർ ഖേരി കൂട്ടക്കൊല കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കർഷകസമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ജനുവരി 26ന് രാജ്യത്തെ 500 ജില്ലാ കേന്ദ്രങ്ങളിൽ കർഷക റാലി നടക്കും. കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ അന്ന് വൈകുന്നേരം നാലിന് ട്രാക്ടർ റാലി നടക്കും. സംസ്ഥാനത്ത് നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ മുഴുവൻ കർഷകരും രംഗത്തിറങ്ങണമെന്ന് സംയുക്ത കർഷകസമിതി കൺവീനർ വത്സൻ പനോളിയും ചെയർമാൻ സത്യൻ മൊകേരിയും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.