21 December 2024, Saturday
KSFE Galaxy Chits Banner 2

ഫാസിസ്റ്റുകളും ജനാധിപത്യവും

കെ ദിലീപ്
നമുക്ക് ചുറ്റും
January 4, 2022 6:00 am

വർത്തമാനകാല ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലെ സംഭവവികാസങ്ങൾ സമാനമായ ചരിത്ര പശ്ചാത്തലങ്ങളിൽ മറ്റു ലോകരാഷ്ട്രങ്ങളിൽ എന്താണ് സംഭവിച്ചത് എന്നു വസ്തുനിഷ്ഠമായി പരിശോധിക്കാതെ മനസിലാക്കാൻ സാധ്യമല്ല. പൊതുവേ ഒരു രാഷ്ട്രത്തിലെ ഭരണകൂടം ദുർബലമാവുകയും സാമ്പത്തികരംഗം അഴിമതിയും അസമത്വവും കാരണം കുത്തഴിഞ്ഞ അവസ്ഥയിലെത്തുകയും ചെയ്യുമ്പോഴാണ് ഫാസിസ്റ്റുകൾക്ക് അവരുടെ ഇരുണ്ട ഇടനാഴിയിൽ നിന്ന് പകൽവെളിച്ചത്തിലേക്ക് കടന്നു വരാൻ അവസരമൊരുങ്ങുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലെ അപമാനകരമായ തോൽവിക്കുശേഷം 1918 നവംബർ 11 ന് വെയ്മർ ഭരണകൂടം സഖ്യകക്ഷികളുമായി വെടി നിർത്തൽ കരാർ ഒപ്പിടുകയും അതിനെത്തുടർന്ന് ജർമ്മനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് അ­ഡോൾഫ് ഹിറ്റ്ലർ നാസി പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ അതിൽ സ്വാഭാവികമായും ജർമ്മനിയിലെ തൊഴിലാളി വർഗത്തെയും സാധാരണക്കാരെയും കൂടാതെ സ്ത്രീകളെയും യോജിപ്പിച്ചുകൊണ്ട് ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് പ്ര­സ്ഥാനവും അതിൽ റോസ ലക്സംബർഗ് അടക്കമുള്ള ധാരാളം നേതാക്കളും ഒരു സോഷ്യലിസ്റ്റ് വിപ്ലവത്തിന് കളമൊരുക്കുകയായിരുന്നു. 1919 ൽ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രഖ്യാപനം മ്യൂണിക്കിൽ വച്ച് നടത്തുകയും ചെയ്തു. നാസികൾ വർഗീയ വിദ്വേഷം ആളിക്കത്തിച്ചുകൊണ്ട് ജർമ്മനിയുടെ എല്ലാ ദുരന്തങ്ങൾക്കും കാരണം ജൂതന്മാർ ആണെന്ന് പ്രചരിപ്പിച്ചപ്പോൾ വർഗ സമത്വത്തിൽ അധിഷ്ഠിതമായ ഒരു സോഷ്യലിസ്റ്റ് ജർമ്മനിക്കായി നിലകൊണ്ട് കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഹിറ്റ്ലറുടെ ഏറ്റവും കടുത്ത എതിരാളികൾ ആയി മാറി. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജർമ്മനി നിലംപരിശായി. ഇതുവഴിയുണ്ടായ തൊഴിലില്ലായ്മയും ദാരിദ്ര്യവും തൊഴിൽ സമരങ്ങളും പൊതുവായ അരക്ഷിതാവസ്ഥയും നിയമരാഹിത്യവും മുതലെടുത്ത് മൂലധനശക്തികൾ വര്‍ധിച്ചതോതില്‍ ചൂഷണം നടത്തി. ഇവയെല്ലാം ചേർന്ന് പൊതുസമൂഹത്തിൽ രൂപപ്പെട്ട അസ്വസ്ഥതകളെ മധ്യവർഗത്തിന്റെയും മൂലധനശക്തികളുടെയും സഹായത്തോടെ തങ്ങൾക്കനുകൂലമായി മാറ്റുകയായിരുന്നു ഫാസിസ്റ്റുകൾ. മൂലധനശക്തികൾ നേരത്തെ സൂചിപ്പിച്ചതുപോലെ റോസാ ലക്സംബർഗിന്റെയും മറ്റും നേതൃത്വത്തിൽ രൂപീകൃതമായ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തിപ്രാപിക്കുന്നത് തടയുക എന്ന ഒരൊറ്റ ഉദ്ദേശത്തോടെയാണ് നാസികളെ പിന്താങ്ങിയത്. നാസികൾക്കും ഫാസിസത്തിനും അന്ന് പിന്തുണ നല്‍കിയവരിൽ പലരും അതിന്റെ പരിണതഫലം എന്തായിരിക്കുമെന്ന് വ്യക്തമായ ധാരണ ഇല്ലാത്തവരായിരുന്നു. 1923 ൽ ബവേറിയയിൽ അധികാരം നേടാനുള്ള ഹിറ്റ്ലറുടെ പാളിപ്പോയ ശ്രമത്തിന് പിന്തുണ നൽകിയ ജർമ്മൻ ജനറൽ ലുഡൻ ഡ്രോഫ് 1933 ൽ അദ്ദേഹത്തിന്റെ സഹ ജനറൽ ജന: ഹിൻഡൻ ബർഗ്, അഡോൾഫ് ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസലറായി അവരോധിച്ചപ്പോൾ ഇങ്ങനെ കത്തയച്ചു; “ഹിറ്റ്ലറെ ജർമ്മനിയുടെ ചാൻസലറായി അവരോധിച്ചതിലൂടെ പാവനമായ ഈ പിതൃരാജ്യത്തെ, വാചകകസർത്തുകൊണ്ട് ജനവികാരം ഇളക്കി ക്ഷുദ്ര രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരുവന്റെ കയ്യിൽ താങ്കൾ എത്തിച്ചിരിക്കുകയാണ്. ഈ ദുഷ്ടനായ മനുഷ്യൻ നമ്മുടെ ദേശത്തിന് അളവില്ലാത്ത ദുഃഖം വരുത്തിവയ്ക്കും. ഭാവി തലമുറകൾ നിങ്ങളുടെ ശവക്കല്ലറയിൽ പോലും ഈ നടപടിക്ക് നിങ്ങളെ ശപിച്ചുകൊണ്ടിരിക്കും”.

 


ഇതുകൂടി വായിക്കാം; മനുഷ്യത്വമാണ് ഇന്ത്യ ഭരിക്കേണ്ടത്


വ്യക്തമായ രാഷ്ട്രീയ സാമ്പത്തിക അജണ്ട ഒന്നുംതന്നെ മുന്നോട്ടുവയ്ക്കാൻ ഇല്ലാതെ അധികാരത്തിലെത്തിയ ഹിറ്റ്ലറും നാസി പാർട്ടിയുമാണ് ജൂതർക്കെതിരെയുള്ള വംശീയാധിക്ഷേപം വഴി ജർമ്മനിയുടെ സകല ദുരന്തങ്ങൾക്കും ഉത്തരവാദികൾ. ഈയൊരു വംശീയ ന്യൂനപക്ഷമാണ് ജൂതരെ ഉന്മൂലനം ചെയ്ത് ആര്യൻ രക്തം ഒഴുകുന്ന ശുദ്ധമായ ജർമ്മൻ വംശജരുടെ ഒരു തലമുറക്ക് മാത്രമേ നഷ്ടപ്രതാപം തിരിച്ചുകൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്ന ഒരൊറ്റ പ്രചാരണ തന്ത്രം ആസൂത്രണം ചെയ്തത്. അതുവഴി ജനാധിപത്യവും പുരോഗതിയും വ്യക്തിസ്വാതന്ത്ര്യവും പ്രത്യേകിച്ച് സ്ത്രീകളുടെ വിദ്യാഭ്യാസവും വോട്ടവകാശവും ജോലിചെയ്യാനുളള അവകാശംപോലും ഇല്ലാതാക്കി. ഇറ്റലിയിൽ ആകട്ടെ പെൺകുട്ടികൾ തത്വശാസ്ത്രവും സാഹിത്യവും പഠിക്കുന്നത് 1927 ജനുവരി 30ന് ഉത്തരവുപ്രകാരം മുസോളിനി നിരോധിച്ചു. ഒപ്പം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഇരട്ടി ഫീസ് നടപ്പിലാക്കുകയും പുതിയ നിയമനങ്ങളുടെ പരസ്യത്തിൽ സ്ത്രീകൾ ഒഴികെ എന്ന നിഷ്കർഷ വേണമെന്ന് 1933 ൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. സ്ത്രീകൾ പുരുഷന്മാരുടെ റൊട്ടി അപഹരിക്കുന്നവർ എന്നായിരുന്നു ഫാസിസ്റ്റ് ന്യായം. ഇന്ന് ഐഎസ്, താലിബാൻ തുടങ്ങിയ മനോനില തെറ്റിയ പ്രാകൃത സംഘങ്ങൾ തേർവാഴ്ച നടത്തുന്ന സിറിയയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും മറ്റു സംഭവിക്കുന്നതുപോലെ. സ്ത്രീകൾ പ്രസവിക്കാനും വംശവർധന നടത്താനും മാത്രമുള്ള യന്ത്രങ്ങളായി കരുതപ്പെടുകയാണ് ഇവിട­ങ്ങളില്‍. ഈ സമ്പ്രദായം ആധുനിക ലോകത്ത് ഉദയംചെയ്തത് ഫാസിസത്തിന്റെ ആവിർഭാവത്തോടെയാണ്. സ്ത്രീകളെ വീരമാതാക്കൾ മാത്രമായി കാണുകയും അവരെ പ്രജനനത്തിനായി മാത്രം സംരക്ഷിക്കുകയാണ് സമൂഹത്തിന്റെ ചുമതല എന്ന് പ്രഖ്യാപിക്കുകയും അതിനായി സ്ത്രീവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തത് മുസോളിനി ആണ്. അഡോൾഫ് ഹിറ്റ്ലർ ഒരിക്കലും വെയ്മർ ഭരണഘടന റദ്ദാക്കുകയോ ദുർബലപ്പെടുത്തുകയോ ചെയ്തില്ല, ഫാസിസ്റ്റ് ഭരണത്തിന് നിയമസാധുത നൽകാൻ അദ്ദേഹം ഭരണഘടനയിൽ ഒരു ഇനേബിളിങ് ആക്ട് സന്നിവേശിപ്പിച്ചു. അതിലെ മൂന്നാം വകുപ്പ് പ്രകാരമാണ് സർക്കാർ നിർമ്മിക്കുന്ന നിയമങ്ങൾ ചാൻസിലർ തീരുമാനിക്കുന്നത് ആയിരിക്കും. നിയമങ്ങൾ ഗസറ്റിൽ പ്രസിദ്ധീകരിച്ച അടുത്ത ദിവസം നിലവിൽ വരുന്നതാണ്. ഭരണഘടനയിലെ 68-ാം വകുപ്പ് മുതൽ 77-ാം വകുപ്പ് വരെ റീഷ് സർക്കാർ നിർമ്മിക്കുന്ന നിയമങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. ഈ നിയമനിർമ്മാണത്തിലൂടെ ഫലത്തിൽ വെയ്മർ ഭരണഘടന നാസികൾ മരവിപ്പിച്ചു. ഇതു നല്‍കുന്ന പാഠം ഭരണഘടനയുടെ ചട്ടക്കൂട് കൊണ്ടുമാത്രം ഒരു ജനാധിപത്യ സമ്പ്രദായം ഫാസിസ്റ്റുകളുടെ കയ്യിലേക്ക് വഴുതിപോകുന്നത് തടയാൻ സാധ്യമല്ല എന്നാണ്. ജനാധിപത്യം, ഭരണകൂടങ്ങളുടെ വളർന്നുവരുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തുക എന്നത് കൂടിയാണ്. ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തന്നെ എങ്ങനെ അതിനെ നിർവീര്യമാക്കാം എന്ന് വെയ്മർ ഭരണഘടനയിലെ ഒരു വകുപ്പു പോലും റദ്ദ് ചെയ്യാതെ കിരാത ഭരണമഴിച്ചുവിട്ടുകൊണ്ട് ഹിറ്റ്ലർ തെളിയിച്ചിട്ടുണ്ട്. നിലവിലുള്ള പീനൽ കോഡിലെ വ്യവസ്ഥകളുപയോഗിച്ചു കൊണ്ടുതന്നെയാണ് വിദ്യാർത്ഥികൾക്കും കർഷകർക്കും സാമൂഹ്യ പ്രവർത്തകർക്കും എതിരെ ഇപ്പോൾ നമ്മുടെ രാജ്യത്ത് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്ഇന്ത്യയിലെ ജനാധിപത്യവാദികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണ് എന്ന് ഈ പുതു വർഷത്തിൽ ഒരിക്കൽകൂടി ഓർമ്മിക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.