8 May 2024, Wednesday

മനുഷ്യത്വമാണ് ഇന്ത്യ ഭരിക്കേണ്ടത്

അജിത് കൊളാടി
വാക്ക്
December 18, 2021 6:30 am

പണ്ട് നെഹ്രു പഠിപ്പിച്ച ഒരു കാര്യം ഉണ്ട്, ഇന്ത്യ മരിച്ചാൽ നമ്മൾ ജീവിക്കുകയില്ല, നമ്മൾ ജീവിക്കണമെങ്കിൽ ഇന്ത്യ ജീവിക്കണം. മഹത്തായ സം സ്കാരമാണ് ഈ രാഷ്ട്രത്തിന്റേത്. മറ്റൊരു രാജ്യത്തും കണ്ടുമുട്ടാൻ കഴിയാത്ത പല സവിശേഷതകളും നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ഭാരതീയ സംസ്കാരത്തോടു തോളോത്തുനില്കാവുന്ന പല വിശിഷ്ട സംസ്കാര വിശേഷങ്ങളുടെയും കഥകൾ തദ്ദേശീയർക്കു പറഞ്ഞു കൊടുത്തതു ഭൂഗർഭഗവേഷകർ ആണ്. മൂന്നുനാലു സഹസ്രാബ്ദങ്ങളായി ഭാരതത്തിലേക്ക് അലയടിച്ചെത്തിയ നാനാ വിദേശ സൈന്യങ്ങളുടെയും ചിന്തകളുടെയും ആക്രമണങ്ങൾക്കൊന്നും ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുവാനല്ലാതെ പരിക്ഷീണിപ്പിക്കാൻ കഴിഞ്ഞില്ലെന്നതു വിശ്വ ചരിത്രത്തിലെ എക്കാലത്തെയും അത്ഭുതമാണ്. ഗ്രീക്കുകാരും മംഗോളിയരും തുർക്കികളും ഇറാൻകാരും അസീറിയരും, ചൈനക്കാരും പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും മറ്റു പലരും ഇവിടെ സൈനികവും ധിഷണാപരവുമായ എത്രയോ കയ്യേറ്റങ്ങളും ഇടപെടലുകളും നടത്തി. ഭാരതമാകട്ടെ തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും ചെയ്തു കൊണ്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ “ഇക്വിലിബ്രിയ“ത്തിന് ഊന്നം തട്ടാതെ നിലനിന്നു പോന്നു. കാലാതിവർത്തിയായ പ്രക്രിയയായിരുന്നു അത്. ഗഹനമായ ചിന്തകളുടെ നാടാണ് ഇന്ത്യ. ബഹുസ്വരതയുടെ ജന്മഭൂമിയാണ്. ഭാരതത്തിലെ തത്വചിന്തയെ പഠിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നു തത്വചിന്തകർ വന്നു. അലക്സാണ്ടർ ഏഷ്യൻ ആക്രമണത്തിനു മുതിർന്നപ്പോൾ കൂടെ ഗ്രീക്ക് തത്വചിന്തകരേയും കൊണ്ടുപോകാൻ അരിസ്റ്റോട്ടിൽ നിർദേശിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിലെ തത്വചിന്തയെ മാസിഡോണിയയിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ഇവിടെ വടക്കു ദിക്കിലും തെക്കു ദിക്കിലും ഗഹനചിന്തകൾ ജന്മമെടുത്തു. നമ്മുടെ സാംസ്കാരിക പൈതൃകത്തെ ഭാരതീയ പൈതൃകമെന്ന് വിളിക്കുമ്പോഴും, ആ പൈതൃകം ഒട്ടേറെ ജനപദങ്ങളുടെയും ഭൂവിഭാഗങ്ങളുടെയും സങ്കര പൈതൃകമാണെന്ന വസ്തുത വിസ്മരിക്കണ്ട. പക്ഷെ, ഇന്നു കാണുന്ന ഒരു കാഴ്ചയുണ്ട്. എണ്ണമറ്റ ഇതര ദേശ സംഭാവനകളടക്കം പരിപുഷ്ടവും പുഷ്ക്കലവുമാക്കപ്പെട്ട ഉജ്ജ്വലമായ പൈതൃകത്തെ ദുർവ്യാഖ്യാനിക്കുകയും വികലമാക്കുകയും ചെയ്യുന്നു എന്നതാണ്. ഇത്തരം പ്രവൃത്തികൾ ചരിത്രത്തോടുള്ള പ്രതികാരബുദ്ധിയും സത്യത്തോടുള്ള പരാങ്മുഖ ബുദ്ധിയും വരുംതലമുറകളോടുള്ള വഞ്ചനാ ബുദ്ധിയുമാണ്. അന്ധവും കഠിനവുമായ ദേശീയാവേശത്തിനാണ് ആ മനോഭാവം വഴിമരുന്നിടുക. തീവ്രമായ ദേശീയത ഫാസിസത്തിന്റെ ആമുഖക്കുറിപ്പാണ്. മനുഷ്യവംശത്തെ ഭൂതാവിഷ്ടമാക്കാൻ പോന്ന ഇരുണ്ട ശക്തികളിലൊന്നായി ദേശീയത മാറിത്തീരുമെന്ന് പണ്ടേ രബീന്ദ്രനാഥ ടാഗോർ ചൂണ്ടിക്കാണിച്ചതാണ്. വൈവിധ്യമാർന്നതും എണ്ണമറ്റതുമായ പൈതൃക പടലകളിൽ ഒന്നു മാത്രമായ മതചിന്തയെ പൈതൃകം തന്നെയായി വേഷമണിയിക്കുന്നതാണ് ഈ കാലത്തിന്റെ സവിശേഷത. മതങ്ങളാണ് സംസ്കാരത്തിന് നിദാനം എന്നു ചിന്തിക്കുന്ന ഒരു കാലമായി ഇന്ന്. പ്രാചീന ഭാരതത്തിന്റെ മതമെന്തായിരുന്നു എന്നത് ഇന്നും ഗവേഷണം നടത്തപ്പെടുന്നുണ്ട്. മതമുണ്ടായിരുന്നോ അന്ന്? ആ കാലത്ത് ലോകത്ത് തന്നെ മതമുണ്ടായിരുന്നില്ല. അന്നത്തെ ഭാരതത്തിൽ മതമുണ്ടായിരുന്നെങ്കിൽ അത് ഹിന്ദുമതമായിരുന്നില്ല. ആദ്യകാല ഗ്രീക്ക്, പേർഷ്യൻ വംശജർ സിന്ധു നദീതീരത്ത്, കച്ചവടത്തിന് എത്തിയ കാലത്താണ് വേദോപനിഷൽ പുരാണങ്ങളിലൊന്നിലും കാണാത്ത “ഹിന്ദു” എന്ന പദം ഇന്ത്യയിലെത്തുന്നത്. ആര്യന്മാർ ഇന്ത്യയിലെത്തുന്നതിനു മുമ്പുള്ള ഹാരപ്പൻ സംസ്കാരത്തിന്റെ ഔന്നത്യങ്ങൾ എത്രത്തോളമെന്ന് ഇനിയും പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. വേദോത്തര കാലഘട്ടത്തിലെ ഉപനിഷത്തുകളിൽ ആരേയും അത്ഭുതപ്പെടുത്തുന്ന ചിന്തകളാണ് കാണാൻ കഴിയുക. ഗഹനങ്ങളും പ്രൗഢങ്ങളുമായ വിജ്ഞാനങ്ങൾ പ്രാചീന ഭാരതത്തിൽ നാം ആദ്യമായി കണ്ടുമുട്ടുന്നത് ഉപനിഷത്തുകളിലാണ്. മതങ്ങളെപറ്റി അതു പറയുന്നില്ല. ബുദ്ധ‑ജൈനദർശനങ്ങൾക്കു പുറമെ ആറുദർശനങ്ങൾ പല കാലങ്ങളിലും സ്ഥലങ്ങളിലുമായി മതങ്ങളുടെ പ്രൗഢിയോടെ ഭാരതത്തിൽ നിലനിന്നിരുന്നു. സാംഖ്യ, വൈശേഷിക, യോഗ, വേദാന്ത, ന്യായ, മീമാംസദർശനങ്ങളായിരുന്നു അവ. ഇവയിൽ ന്യായ, വേദാന്ത ദർശനങ്ങളൊഴിച്ച് എല്ലാം നിരീശ്വര പ്രധാനങ്ങളായിരുന്നു എന്ന് അത്ഭുതത്തോടുകൂടി മാത്രമെ കാണാൻ കഴിയു. ഈ രാജ്യത്ത് ഒഴുകി വരുന്ന സിന്ധുവിന്റെയും ഗംഗയുടെയും ബ്രഹ്മപുത്രയുടെയും കാവേരിയുടെയും ഗോദാവരിയുടെയും നിളയുടെയുമായ ജീവിതമുണ്ടല്ലൊ, വളഞ്ഞും തിരിഞ്ഞും പോയിട്ട് അവസാനമത് അതിവിപുലമായ ഒരു സാഗരത്തിൽ ചെന്ന് വലയം പ്രാപിക്കുന്ന ഒരു മഹാ ജീവിതം.

 


ഇതുകൂടി വായിക്കാം; മനുഷ്യത്വം മരവിച്ച ഭരണാധികാരികൾ


ഉന്നതമായ സംസ്കാരം ആണ് അത്. മാനവ ജീവിതവും സമസ്ത കരാംഗുലികളും ചേർന്നു കൊണ്ട് പ്രവർത്തന സന്നദ്ധമായ മനുഷ്യഹസ്തം പോലെ നില്കുന്ന ഒരു ഉദ്ഗ്രഥനത്തിന്റെ ഭാഗമാകുന്നു. ഭാരതത്തിന്റെ ചൈതന്യം തന്നെ ഈ സാക്ഷാത്കാരത്തിലാണ്. ഈയൊരു സത്യമുണ്ടല്ലൊ, ഈ പറഞ്ഞ ജീവിതത്തിന്റെ സത്യം, അതിന്റെ സാക്ഷാത്കാരമാണ് ഇവിടെ ജന്മംകൊണ്ട ചിന്തയും മനുഷ്യജീവിതവും. ഇന്ന് ഇവിടത്തെ മതമൗലികവാദികൾ, ഫാസിസ്റ്റുകൾ, ഇന്ത്യ ഹിന്ദു ഭരിക്കണമെന്നു പറയുന്ന കോൺഗ്രസ് നേതാവും ഇവിടെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ അതികഠിനശ്രമം നടത്തുന്ന സംഘപരിവാർ പ്രഭൃതികളും എന്തെല്ലാം കാണിച്ചാലും, പറഞ്ഞാലും ഈ രാഷ്ട്രം അത്തരം കുത്സിത ചിന്തകളെ അതിജീവിക്കും. ഇന്നത്തെ ഹിന്ദുമതം ഗഹനമായ ചിന്തകളുടെ മൂന്നു സഹസ്രാബ്ദങ്ങളിലേറെക്കാലത്തെ അന്വേഷണവും ഗവേഷണവും ആക്രമണ പ്രതിരോധവും സൃഷ്ടിപരമായ പരിഷ്കാരവും ചേർന്ന പ്രയാണത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ആ മഹത് ധാരയിൽ നിന്ന് വേർപെടുത്താനാണ് സങ്കുചിത മനസുകൾ നിരന്തരം ശ്രമിക്കുന്നത്. ഇത്രയും വൈവിധ്യമുള്ള ഒരു വിശ്വാസ സംവിധാനത്തെ അവർ നിയന്ത്രിക്കുവാൻ ശ്രമിക്കുന്നു. അത് അത്യന്തികമായി സാധ്യമല്ല. ഹൈന്ദവത എന്നത് പ്രായോഗികമായ വിശ്വാസമാണ്. അത് അനുഭവത്തിന്റെയും പരിപാലനത്തിന്റെയും വിശാലമനസ്കതയുടെയും വിശ്വാസമാണ്. അല്ലാതെ അഗാധമായ മതബോധനത്തിൽ അടിയുറച്ച ഒന്നല്ല. ഹിന്ദു എന്ന സംജ്ഞതന്നെ ഒരു കൂട്ടം ദൈവശാസ്ത്രപരമായ വിശ്വാസങ്ങൾക്ക് അപ്പുറത്തോ ഇപ്പുറത്തോ ആയ ഒന്നിനെയാണ് ദ്യോതിപ്പിക്കുന്നത്. അതിന് നിർബന്ധിത വിധിപ്രമാണങ്ങളില്ല. അത് അദ്വൈതവാദം മുതൽ അജ്ഞേയതാവാദം വരെയും പുനർജനി സിദ്ധാന്തം മുതൽ ജാതി വ്യവസ്ഥയിലുള്ള വിശ്വാസം വരെയും ഉള്ളവയിൽ നിന്നും കൈക്കൊണ്ട തത്വങ്ങളുടെ, ആചാരങ്ങളുടെ വിപുലമായ ഒരു സഞ്ചയമാണ്. ഇന്ത്യ നിലനില്കുന്നത് അദൃശ്യമായ മാതൃഹസ്തത്തിന്റെ സ്നേഹലോലങ്ങളായ അംഗുലികളുടെ കൂടി ചേരൽ കൊണ്ടാണ്. അങ്ങിനെ ഒന്നിക്കരുത് എന്ന് നിർബന്ധബുദ്ധ്യാ ആഗ്രഹിക്കുന്നവരാണ് മതമൗലികവാദികളും, മത വിശ്വാസം ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയം കളിക്കുന്നവരും. അത്യപൂർവവും അനന്തമഹിമയാർന്നതുമായ ഒരു സവിശേഷത പൗരാണിക ഭാരതം കാത്തു സൂക്ഷിച്ചിരുന്നു. വൈവിധ്യ ചേതോഹാരിതകളാർന്ന ചിന്താ സൂനങ്ങൾ തങ്ങളുടെ വിജ്ഞാനവാടികളിൽ വിരചിക്കാൻ നമ്മുടെ പ്രപിതാമഹൻമാർ ബദ്ധശ്രദ്ധരായിരുന്നു. അതു കൊണ്ടാണ് നാനാ തത്വചിന്തകൾക്ക് ഒരു കടിഞ്ഞാണുമില്ലാതെ വിഹരിക്കാൻ അവർ കളമൊരുക്കിക്കൊടുത്തത്. ഇന്ന് വ്യത്യസ്ത ചിന്തകൾ പാടില്ല. ഫാസിസ്റ്റുകൾ പറയുന്നത് കേൾക്കുകയും,അവർ കാണാൻ പറയുന്നത് മാത്രം കാണുകയും ചെയ്യുന്ന ഒരു സമൂഹമാണ് അവർ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. വലിയ പ്രതിസന്ധികളിലൂടെ സഞ്ചരിച്ച്, തലയുയർത്തി, ധ്യാനിച്ച്, വീണ്ടും വീണ്ടും പ്രകാശം കാണുവാൻ സാധിച്ച, സൗഭാഗ്യമുണ്ടായ രാഷ്ട്രമാണിത്. പ്രകാശത്തെ, പ്രഭാപൂരത്തെ ഇഷ്ടപ്പെടുന്ന രാജ്യമാണിത്. അവിടെയാണ് ഇന്ന് ഇരുട്ട് വ്യാപിപ്പിക്കാൻ ചെറിയ മനസുള്ളവർ ശ്രമിക്കുന്നത്. ഹിന്ദു ഭരിക്കണമെന്നു പറയുന്നവരും ഹിന്ദുത്വ എന്ന അപകടകരമായ ആശയത്തിലൂടെ ഹിന്ദു രാഷ്ട്രം സ്ഥാപിക്കാൻ വെമ്പൽ കൊള്ളുന്നവരും രാഷ്ട്രത്തിന് ദുരന്തം മാത്രമെ സംഭാവന ചെയ്യുള്ളു. “ചിത്രം ജംബു ദീപം മനോഹരാം മനുഷ്യാണാം ജീവിതം” എന്നു പറഞ്ഞു കൊണ്ടാണ് ബോധോദയത്തിനു ശേഷം ഇന്ത്യയുടെ ഹൃദയത്തിൻ ശ്രീബുദ്ധൻ പ്രകാശം ചൊരിഞ്ഞത് എന്ന് ഓർക്കണം. ഈ കാലത്ത് ഇന്ത്യയുടെ ജീവിതം ദുരിത പൂർണമാക്കുന്ന ആശയങ്ങൾ വ്യാപരിക്കുന്നു. ഒന്നിച്ചു നടക്കാതെ പല വഴിക്ക് നടക്കുന്ന ദുരന്തമുണ്ടല്ലൊ, അതാണ് വർഗീയത. ഏറ്റവും ലളിതമായ അർത്ഥത്തിൽ പറഞ്ഞാൽ അടുത്തിരിക്കുന്നവനെ പേടിക്കുക എന്നതാണ് അതിനർത്ഥം. അടുത്തിരിക്കുന്നവനെ പേടിക്കുമ്പോൾ മനുഷ്യന്റെ ജീവിതം അർത്ഥശൂന്യമാകുന്നു. ഭാരതം പഠിപ്പിച്ചത് അയൽക്കാരനെ കുടുംബമായി കാണാണ്. അങ്ങിനെ കാണുന്ന മതമാണ് ഇവിടെ വേണ്ടത്. ഹിന്ദു മതത്തിൽ പണ്ടു പണ്ടേ ഒരു ചെകുത്താനുണ്ടായിരുന്നു എന്നും അതിന്റെ വിസർജനം ആണ് ജാതിയെന്നും ഗാന്ധിജി പറഞ്ഞു. കാലക്രമേണ ചാതുർവർണ്യം കരുത്താർജിച്ചു. ചാതുർവർണ വ്യവസ്ഥയുടെ സംരക്ഷണത്തിനായി കർമ്മസിദ്ധാന്തം ഉണ്ടായി.

 


ഇതുകൂടി വായിക്കാം; അസമത്വ ലോകവും ഇന്ത്യയിലെ അസമത്വത്തിന്റെ നേർക്കാഴ്ചയും


ചാതുർവർണ്യ വ്യവസ്ഥ ഭാരതത്തിൽ അഗാധമായ സ്വാധീനം ചെലുത്തി. സഹസ്രാബ്ദങ്ങൾ പിന്നിട്ടിട്ടും അത് ശക്തമായി നിലനില്കുന്നു. അത് കണ്ടാണ് ഗാന്ധിജി അങ്ങിനെ പറഞ്ഞത്. ശ്രീനാരായണൻ ‘അംബേദ്കർ, രാമാനന്ദൻ, ചൈതന്യൻ, കബീർ, വിവേകാനന്ദൻ, ഗുരുനാനാക്ക് എന്നിവർ എന്നും സ്മരണീയനാമങ്ങൾ. മനുഷ്യനെ കണ്ടവരാണവർ. യാഥാസ്ഥികത്വത്തിനെ അവർ ശക്തമായി വെല്ലുവിളിച്ചു. ബ്രാഹ്മണമേധാവിത്വത്തിനെതിരെ കാഹളമൂതി. ഭാരതം വ്യത്യസ്ത മതത്തിലുള്ള പ്രശസ്തരായ ചക്രവർത്തിമാർ ഭരിച്ചിട്ടുണ്ട്. ചന്ദ്രഗുപ്ത മൗര്യനും, അശോകനും ചന്ദ്രഗുപ്ത വിക്രമാദിത്യനും കൃഷ്ണദേവരായരും ഹർഷനും കനിഷ്കനും അക്ബറും ജഗാംഹീറും ഷാജഹാനും ഇവിടെ ഭരിച്ചു. ഇവരുടെ കാലഘട്ടം സുവർണ ലിപികളാൽ എഴുതപ്പെട്ടു. ഇവർ ഇവിടെ ജനങ്ങളിൽ ഭേദബുദ്ധി ഉണ്ടാക്കിയില്ല. ഇന്ത്യ ഏതു മതസ്ഥരായ ഭരണാധികാരികളെയും ഉൾക്കൊണ്ടു. ഇപ്പോൾ നേതാക്കൾ പറയുന്നത് ഹിന്ദു ഭരിക്കണം എന്നാണ്. ഭരണാധികാരി, അമ്പലങ്ങളിൽ പൂജ നടത്തുന്നു, ഗംഗാസ്നാനം നടത്തുന്നു, മഥുര ക്ഷേത്രത്തിനടുത്തുള്ള മസ്ജിദിലേക്ക് ഹിന്ദുത്വ വാദികളുടെ പ്രകടനം നടക്കുന്നു, പല സംസ്ഥാനങ്ങളിലും ക്രൈസ്തവ മുസ്‌ലിം പള്ളികൾക്കുനേരെ അക്രമം നടക്കുന്നു. നാട് എവിടെക്കാണ് നടന്നു നീങ്ങുന്നത്. വിശ്വവിജ്ഞാനത്തിന്റെ ഭണ്ഡാഗാരമായ, മതേതര ചിന്തയുടെ ജീവ ചൈതന്യമായ ജവഹർലാൽ നെഹ്രുവിന്റെ പേരക്കുട്ടിയുടെ മകൻ, ഹിന്ദു ഭരിക്കണം എന്ന് പറയുമ്പോൾ, അധികാരം മാത്രം ലക്ഷ്യം ഏവർക്കും എന്ന് എല്ലാവർക്കുമറിയാം. ഡിസ്കവറി ഓഫ് ഇന്ത്യ എഴുതിയ നെഹ്രു എവിടെ,ഇന്നത്തെ കോൺഗ്രസ് എവിടെ? ഒരു കാര്യം ഓർക്കുക. ഹിന്ദുധർമ്മ തത്വം വിശാലമാണ്. അതു ഉപദേശിക്കുന്ന ഈശ്വരനെ പോലെ അതും അനന്തമായിരിക്കും. അതിന്റെ സൂര്യൻ എല്ലാവരുടെയും മേൽ പ്രകാശിക്കും. അത് എല്ലാ മതങ്ങളുടെയും ആകെത്തുകയാണ്. അത് വിശ്വവിശാലതയിൽ സർവ മനുഷ്യരാശിയേയും അതിന്റെ അനന്ത ബാഹുക്കളിലൊതുക്കി ആശ്ലേഷിക്കുന്നു. എല്ലാവരിലും ഉള്ള ചൈതന്യത്തെ അത് അംഗീകരിക്കുന്നു. അതിന്റെ ഉദ്ദേശം മുഴുവൻ മാനവ മാർഗത്തെ അതിന്റെ സത്യവും സഹജവുമായ ദിവ്യസ്വരൂപത്തെ സാക്ഷാത്കരിക്കലാണ്. അത് എല്ലാ മതമൗലികവാദത്തിനും വിഭാഗീയതക്കും വർഗീയതയ്ക്കും എതിരാണ്. അതിന്റെ കർമ്മം ഭരിക്കാൻ ഉള്ളവരെ സൃഷ്ടിക്കലല്ല. അതിന്റെ ഉദാത്തമായ കർമ്മം നിരന്തരം മനുഷ്യനെ സൃഷ്ടിക്കലാണ്, മാനവികതയെ എപ്പോഴും ചേർത്തു പിടിക്കലാണ്. ദിനരാത്രങ്ങളിലൂടെ അനുസ്യൂതമായി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ നിത്യ സൗന്ദര്യ ധാരയുണ്ടല്ലോ, അത് ഭാരതത്തിന്റെ ഹൃദയത്തിൽ എന്നും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. ആ സൗന്ദര്യം ഇല്ലായ്മ ചെയ്ത്, ഭാരത ഹൃദയത്തെ വിരൂപമാക്കാൻ, വികൃതമാക്കാൻ വളരെ സങ്കുചിത മനസുകൾ ദൈനംദിനം ശ്രമിക്കുമ്പോൾ നമ്മൾ അതിശക്തമായി, ഹീനമായ, മനുഷ്യവിരുദ്ധമായ ചിന്തകളെ എതിർത്തേ മതിയാകൂ. ഇന്ത്യ മനുഷ്യത്വമുള്ളവർ ഭരിക്കണം, മഹാ സമസ്ത സൗന്ദര്യം കാണുന്നവർ ഭരിക്കട്ടെ. അതിനുവേണ്ടിയാകണം അനുദിനമുള്ള പോരാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.