28 April 2024, Sunday

ഫാദർസ് ഡെ; അറിയാം ഈ പിതൃദിനത്തിൽ പുരുഷ ആരോഗ്യം

ഡോ. ഇന്ദുജ
ഹോമിയോ ഡോക്ടർ ഹോമിയോ മെഡിക്കൽ സെൻ്റർ , മൂന്ന്പീടിക
June 17, 2023 10:00 pm

സ്ത്രീകളുടെ എന്ന പോലെ തന്നെ പുരുഷന്മാരുടെ ആരോഗ്യവും വളരെ പ്രാധാന്യം ഉള്ളതാണ്. വാർദ്ധക്യം ആസ്വദിക്കാൻ സാധിക്കണം എങ്കിൽ ആരോഗ്യപരമായ യൗവനവും മധ്യ കാലഘട്ടവും അനിവാര്യം ആണ്. ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ ജീവിതശൈലിയിൽ പിരിമുറുക്കങ്ങളും സമ്മർദ്ദവും കൂട്ടുന്നതിന് കാരണമായി. അമിത സമ്മർദ്ദം, ഭക്ഷണ രീതിയിൽ വന്ന മാറ്റങ്ങൾ, ശാരീരിക നിഷ്ക്രിയത്വം എന്നിവ തന്നെ ആണ് ഇന്ന് കണ്ട് വരുന്ന മിക്കവാറും അസുഖങ്ങളുടെ വില്ലൻ. ജീവിത ശൈലിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ നമുക്ക് ഇതിനെ നേരിടാൻ സാധിക്കും.

പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നില്ലേ?

നിങ്ങളുടെ മാനസിക പ്രശ്‌നങ്ങളെ ആരോടും പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടുന്നില്ലേ? ഇത് നിങ്ങളുടെ മാനസികനില തെറ്റിക്കുകയും വിഷാദരോഗത്തിന് അടിമയാക്കുകയും ചെയ്യും. ആവശ്യമില്ലാത്ത ദേഷ്യവും നിങ്ങളുടെ ശരീരത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ നിങ്ങളുടെ പ്രശ്‌നങ്ങളും പിരിമുറുക്കവും ഏറ്റവും അടുപ്പമുള്ള വ്യക്തികളോട് പങ്കുവയ്ക്കൂ. അത് ഒരു കുടുംബാംഗം ആവാം, കൂട്ടുകാരനോ/കൂട്ടുകാരിയോ ആവാം ‚നിങ്ങളുടെ കുടുംബ ഡോക്ടർ ആവാം . ഉള്ളിൽ അമർത്തി പിടിക്കുന്ന സമ്മർദ്ദം നിങ്ങളുടെ ചുറ്റും ഉള്ളവരുടെയും നിങ്ങളുടെയും സമ്മർദ്ദം കൂട്ടാൻ മാത്രമേ സഹായിക്കൂ എന്ന് തിരിച്ചറിയുക.

ഫാസ്റ്റ് ഫുഡ് 

ഫാസ്റ്റ് ഫുഡിനോടാണ് എല്ലാവര്‍ക്കും പ്രിയം. ശരീരത്തിന് ഒരു പ്രയോജനവുമില്ലാത്ത ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കാതിരിക്കുക. ഇത് വണ്ണം വയ്ക്കുന്നതിനും പ്രമേഹ രോഗത്തിനും കാരണമാക്കും. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൻ്റെ ഭാഗം ആക്കുക . നിങ്ങൾക്ക് തുടർച്ചയായി കൊണ്ട് പോകാൻ കഴിയാത്ത ഭക്ഷണ രീതികൾ “diet­ing” എന്ന പേരിൽ ചെയ്യാതിരിക്കുക . പകരം വീട്ടിൽ ഉണ്ടാക്കുന്ന പോഷക സമ്പുഷ്ടായ ആഹാരം മിതമായ രീതിയൽ ശീലിക്കുക.

അമിത മദ്യപാനം/പുകവലി ‚മറ്റ് അഡിക്ഷനുകൾ

മദ്യപിക്കാത്തവര്‍ ആരും ഉണ്ടാകില്ല ഇപ്പോള്‍. എങ്കിലും അമിത മദ്യപാനം നിങ്ങള്‍ ഒരു ശീലമാക്കിയിരിക്കുകയാണോ. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുകയും തടി കൂട്ടുകയും ആരോഗ്യവും മനസികപരവുമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. കുടുംബത്തിന്റെ സ്വസ്ഥത നശിപ്പിക്കുകയും കുട്ടികളുടെ ഭാവി നശിപ്പിക്കുകയും ചെയ്യുന്നതിലുടെ ഒരിക്കലും നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയില്ല എന്ന് തിരിച്ചറിയുക.

മൂത്രത്തിന്റെ നിറത്തിലോ സ്വഭാവത്തിലോ കാണുന്ന മാറ്റങ്ങൾ അവഗണിച്ച് കളയേണ്ടവയല്ല. ചില മുന്നറിയിപ്പ് അടയാളങ്ങൾ ഒരുപക്ഷേ ചില ആരോഗ്യ പ്രശ്നത്തിെൻറ ലക്ഷണങ്ങളാകാം. ഉദാഹരണത്തിന്, മൂത്രത്തിൽ രക്തം കാണപ്പെടുന്നത് ചില അണുബാധയുടെ ലക്ഷണമാകാം. അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിൻ്റെയോ കാൻസറിൻറയോ വൃക്കയിലെ കല്ലുകളുടെയോ ആദ്യ ലക്ഷണങ്ങളിൽ ഒന്നായിരിക്കാം.  മൂത്രസഞ്ചിയിലെ അണുബാധ, മൂത്രാശയ അണുബാധ, പ്രമേഹം എന്നിവയുടെയെല്ലാം ലക്ഷണങ്ങൾ ഇവയിൽ ഉൾപെട്ടിട്ടുണ്ട്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ഹോമിയോ ചികിത്സ വളരെ ഫലപ്രദമായി കണ്ട് വരുന്നു.

ജനനേന്ദ്രിയത്തിന്റ പരിപാലനം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം പ്രത്യുൽപാദന ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നുകൂടി ആണത്. ജനനേന്ദ്രിയത്തിൽ കാൻസറിന് കാരണമായേക്കാവുന്ന മുഴകളോ തടിപ്പോ ഉണ്ടോ എന്ന് പരിേശാധിക്കേണ്ടത് ആവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള അത്തരം ലക്ഷണങ്ങൾ ലിംഗത്തിനോ വൃഷണത്തിന് ചുറ്റുമുള്ള ഏതെങ്കിലും സ്ഥലത്തോ പരിശോധിക്കുേമ്പാൾ ശ്രദ്ധയിൽപെട്ടാൽ വൈദ്യ സഹായം തേടണം.

ഉദ്ധാരണക്കുറവ് അല്ലെങ്കിൽ ലൈംഗിക പ്രകടനത്തെ ബാധിക്കുന്ന ആരോഗ്യ അവസ്ഥകളിൽ വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, കടുത്ത പ്രമേഹം, മാനസിക സമ്മർദ്ദം എന്നിവ മുഖ്യ കാരണമാണ്. മദ്യപാനം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ആസക്തിയും ഈയൊരു അവസ്ഥക്ക് കാരണമായേക്കാം.

ഹെല്‍ത്ത് ചെക്ക് അപ്

ആരോഗ്യകരമായ പരിശോധന നിങ്ങള്‍ക്ക് അത്യാവശ്യമാണ്. നിര്‍ബന്ധമായും നിങ്ങള്‍ ഇടയ്ക്കിടെ ഹെല്‍ത്ത് ചെക്ക് അപ് ചെയ്തിരിക്കണം. 40 വയസ്സിന് മുകളിലുള്ളവരെല്ലാം ആറുമാസം കൂടുമ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾക്ക് വിധേയമാകുന്നത് നല്ലതാണ്. ക്യാൻസർ പോലെ ഉള്ള പല രോഗങ്ങളെയും നേരത്തെ കണ്ടെത്തി നേരത്തെ തന്നെ ചികിത്സിക്കാൻ ഇത് സഹായകം ആണ്.

ആരോഗ്യ പ്രശ്നങ്ങൾ അവഗണിക്കുന്നത് ഒരുവലിയ അപകടം നിങ്ങൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ഓർക്കണം. നമ്മൾ വളരെ നിസ്സാരമായി വിട്ടുകളയുന്ന ശരീരത്തിെൻറ പല ലക്ഷണങ്ങളും ഒരുപക്ഷേ ഭാവിയിൽ നിങ്ങളെ വല്ലാതെ ബാധിച്ചേക്കാം. അതുകൊണ്ട് ആരോഗ്യത്തെ അവഗണിക്കുന്ന സ്വഭാവത്തെ നമുക്ക് മാറ്റി നിർത്താം.

പലപ്പോഴും വയോധികർക്ക് ഒന്നിൽ കൂടുതൽ അസുഖങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. അസുഖങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നുകളുടെ എണ്ണവും കൂടും. ശാരീരിക ബുദ്ധിമുട്ടുകൾ ഓരോന്നായി വന്നുചേരുമ്പോൾ മാനസികസുഖം നഷ്ടമാകുന്നു. പതുക്കെ വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്യാം. വലിയൊരു ശതമാനം വയോജനങ്ങളും ശാരീരികബുദ്ധിമുട്ടുകൾ വന്നാൽ ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചേരാനിടയുണ്ട്. ഓർമക്കുറവ്, കേൾവിക്കുറവ്, കാഴ്ചക്കുറവ്, വിഷാദരോഗം തുടങ്ങിയ അസുഖങ്ങൾ സമയനഷ്ടം കൂടാതെ തിരിച്ചറിയുക. എന്നാൽ ഇതെല്ലാം മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യശാലികളായ വയോധികരെയും നമുക്ക് കാണാൻ സാധിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.