
2025‑ലെ അവസാന ഫിഫ പുരുഷ ലോക റാങ്കിങ്ങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തി. ലോക ചാമ്പ്യന്മാരായ അർജന്റീനയെ പിന്നിലാക്കിയാണ് സ്പെയിൻ ഈ വർഷം അവസാനിപ്പിക്കുന്നത്. നിലവിൽ 1877.18 പോയിന്റോടെയാണ് സ്പെയിൻ ഒന്നാമതുള്ളത്. തൊട്ടുപിന്നിൽ അർജന്റീനയും ഫ്രാൻസും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ തുടരുന്നു.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ ജോർദാനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ അറബ് കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു, എന്നാൽ ഈ മിന്നും വിജയത്തിന് ശേഷവും റാങ്കിങ്ങിൽ 11-ാം സ്ഥാനത്ത് തന്നെ തുടരുകയാണ് ആഫ്രിക്കൻ കരുത്തര്‍. പത്താം സ്ഥാനത്തുള്ള ക്രൊയേഷ്യയെക്കാൾ വെറും 0.54 പോയിന്റ് മാത്രം പിന്നിലാണ് അവർ. 1998‑ന് ശേഷം ആദ്യമായി ആദ്യ പത്ത് റാങ്കിനുള്ളിൽ എത്താനുള്ള സുവര്‍ണാവസരമാണ് നേരിയ പോയിന്റ് വ്യത്യാസത്തിൽ മൊറോക്കോയ്ക്ക് നഷ്ടമായത്.
അറബ് കപ്പ് ഫൈനലിൽ പൊരുതി വീണ ജോർദാൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 64-ാം റാങ്കിലെത്തി. 2025‑ൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് യൂറോപ്യൻ രാജ്യമായ കൊസോവോയാണ്. ഈ വർഷം കളിച്ച മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടിയ അവർ 19 സ്ഥാനങ്ങൾ മുകളിലേക്ക് കയറി 80-ാം റാങ്കിലെത്തി. നോർവേ, സുരിനാം, വിയറ്റ്നാം, സിംഗപ്പൂർ എന്നീ രാജ്യങ്ങളും ഈ വർഷം റാങ്കിങ്ങിൽ പുരോഗതി രേഖപ്പെടുത്തി.
ലോക ഫുട്ബോളിലെ മേധാവിത്വം ഇത്തവണയും യൂറോപ്പിന് തന്നെയാണ്. ആദ്യ 50 റാങ്കിലുള്ള ടീമുകളിൽ 26 എണ്ണവും യൂറോപ്പിൽ നിന്നുള്ളവയാണ്. ആഫ്രിക്കയില്‍ നിന്നും ദക്ഷിണ അമേരിക്കയില്‍ നിന്നും ഏഴ് ടീമുകള്‍ ഇടം നേടി.
ഏഷ്യയില്‍ നിന്നുള്ള അഞ്ച് ടീമുകളും വടക്കേ അമേരിക്കയില്‍ നിന്നും അഞ്ച് ടീമുകളും 50 റാങ്കിനുള്ളിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.