22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 8, 2024
November 3, 2024
October 13, 2024
September 14, 2024
April 11, 2024
April 2, 2024
March 6, 2024
March 1, 2024
February 7, 2024

ലോകകപ്പില്‍ മെസി മയം

പന്ന്യൻ രവീന്ദ്രൻ
കളിയെഴുത്ത്
October 16, 2022 10:31 pm

ഫിഫാ ക­പ്പിന് ഇനി മുപ്പത്തിയാ­റ് ദിവസങ്ങൾ മാത്രം. പ­ങ്കെടുക്കുന്ന രാജ്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന രണ്ടു ടീമുകളാണ് അർജന്റീനയും ബ്രസീലും. ഇതിൽ ആരു ജയിക്കുമെന്ന് കൃത്യമായി പ്രവചിക്കുക എളുപ്പമല്ല. പരാജയമെന്തെന്ന് അടുത്തകാലത്തൊന്നും നേരിട്ട് അനുഭവിക്കാത്ത രാജ്യങ്ങളാണ് ഇവരണ്ടും. ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരായ ബ്രസീലും മൂന്നാം സ്ഥാനക്കാരായ അർജന്റീനയും തമ്മിലുള്ള മത്സരം ലോകം ആവേശത്തോടെ കാത്തിരിക്കുന്നുണ്ട്. പക്ഷെ അത് സാധ്യമാകാൻ വിദൂരസാധ്യതയാണ് കാണുന്നത്. മത്സരക്രമം പ്രകാരം സെമിയിൽ മാത്രമേ ഈ വമ്പന്മാര്‍ നേരിൽ കാണു. രണ്ട് രാജ്യങ്ങളും അതിനുമുൻപുള്ള കളികൾ ജയിച്ചു വന്നാലെ അത്തരമൊരു സാഹചര്യവും ഉണ്ടാകു. അതിനുമുൻപുള്ള കടമ്പകൾ കടന്നുവരികയെന്നത് കളിയുടെ ഗതിയെ ആശ്രയിച്ചിരിക്കുന്നു.

അട്ടിമറി ലോകകപ്പിന്റെ കൂടപ്പിറപ്പാണ്. ക്രൊയേഷ്യയും ഇക്വഡോറും ടുണീഷ്യയും ഘാനയും എല്ലാം അട്ടിമറി വിദഗ്ധരാണ്. സ്വിറ്റ്സർലന്‍ഡും പോർച്ചുഗലും പ്രതീക്ഷ പുലർത്തുന്നവരാണ്. ഈ കാര്യം പരിഗണിച്ചുതന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം. ബലാബലം കണക്കിലെടുക്കുമ്പോൾ താരവലിപ്പം ഒരു മുഖ്യഘടകമായി വരുന്നു. ഇത്തവണയോടെ ലോകകപ്പിൽ നിന്നും വിടവാങ്ങുന്ന മെസിക്ക് ലോകതാരപദവി ഇഷ്ടപ്പെട്ട് നൽകിയിട്ടുണ്ടെങ്കിലും ജന്മനാട്ടിനോടുള്ള കടമനിർവഹിക്കുവാനുള്ള അവസരമാണ് അദ്ദേഹത്തിന് ഖത്തറിൽ ലഭിക്കുന്നത്. ഖത്തർ മത്സരത്തിന് മുൻപ് തന്നെ ഇടങ്കാൽകൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മെസിക്ക് അംഗീകാരങ്ങൾ കുന്നുകൂടുകയാണ്. സ്പാനിഷ് ലാലിഗയുടെ ഒന്നര വ്യാഴവട്ടക്കാലത്തെ ചരിത്രത്തിൽ ഏറ്റവുംകൂടുതൽ ഗോൾനേടിയ ഒരാളാണ് മെസി. മൊത്തം 540 മത്സരങ്ങളിൽ 473 ഗോളുകൾ മെസിയുടെ പേരിലാണ്.

പതിനേഴാം വയസിൽ വണ്ടർ കൈന്റ് ബാഴ്സലോണ എന്ന ജൂനിയർ ടീമിൽ തുടങ്ങിയ ഗോളടിമേളം ക്ലബ്ബിന്റെ സീനിയർ ടീമിലേക്കും ലോക തലത്തിലേക്കുമുള്ള തിരമാലയായി. ബാലൻ ഡി ഓർ ഏഴുതവണ അദ്ദേഹത്തെ തേടിയെത്തി. ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ ഫ്രീ കിക്ക് വിദഗ്ധൻ മെസി തന്നെ. ഏത് വിഷമംപിടിച്ച ആങ്കിളിൽനിന്നും ഗോൾനേടാനുള്ള മെസിയുടെ കഴിവ് ലോകത്ത് ഇന്നോളം മറ്റൊരാൾക്കും സ്വന്തമാക്കാനായിട്ടില്ല. അപൂർവങ്ങളിൽ അപൂർവമായ മഴവിൽ ഗോളുകളും മെസിയുടെ കഴിവില്‍ മാത്രം വിരിയുന്നതാണ്. ‘ഫോർ ഫോർ ടു ഫുട്ബോൾ’ എന്ന യൂറോപ്പിൽ പ്രചാരത്തിലുള്ള മാഗസിൻ നടത്തിയ നിരീക്ഷണമാണ് ഫുട്ബോൾ ലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്. ലോക ഫുട്ബോളിൽ ആദ്യകാലംമുതൽ പ്രശസ്തരുടെ പട്ടികയിൽ ഉൾപ്പെടാൻ യോഗ്യരായ നൂറുകളിക്കാരെയും അവരുടെ കളികളും പരിശോധിച്ചുള്ള വിലയിരുത്തല്‍. അതിൽ ഒന്നാം സ്ഥാനക്കാരൻ ലയണൽ മെസിയാണ്. ഖത്തർ ലോകകപ്പിന്റെ ഫലം അറിയുന്നതിന് മുൻപാണ് ഈ പരസ്യപ്രഖ്യാപനം. ഇതിൽ മെസിക്ക് ഒന്നാംസ്ഥാനം നൽകിയപ്പോൾ, ചരിത്രത്തിൽ സകലരും പ്രകീർത്തിച്ച ഫുട്ബോൾ രാജാവായ പെലെക്ക് നാലാം റാങ്കാണ്. രണ്ടാംറാങ്കിൽ ഡീഗോ മറഡോണയും മൂന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡൊയും.

അഞ്ച് സിനദിന്‍ സിദാൻ, ആറ് യോഹാൻ ക്രൈഫ് എന്നിവരും. പ്രസിദ്ധനായ ബെക്കൻബോവർ ഈ ഗണത്തില്‍ എട്ടാം സ്ഥാനത്തുണ്ട്. ഹംഗറിയുടെ ഇതിഹാസതാരം പുഷ്കാസ് ഒൻപതും ബ്രസീലിന്റെ ഫുട്ബോൾ പ്രതിഭ പത്താം സ്ഥാനത്തുമാണ്. ലോകഫുട്ബോളിൽ കറുത്ത ചിലന്തി എന്ന വിളിപ്പേരുള്ള റഷ്യയുടെ ലവ് യാഷിം പോലും ആദ്യത്തെ പത്തിൽ ഇടംപിടിച്ചില്ല. ശാസ്ത്രീയമായ പരിശോധനയിലൂടെയാണ് താരങ്ങളെ കണ്ടെത്തുന്നതെന്നാണ് ജേർണൽ അവകാശപ്പെടുന്നത്. ആധുനിക ഫുട്ബോളിൽ മെസിയുടെ പെർഫോമെൻസ് വിസ്മയിപ്പിക്കുന്നത് തന്നെയാണ്, അതില്‍ സംശയമില്ല. എന്നാൽ നൂറ്റാണ്ടിന്റെ ഇതിഹാസങ്ങളെപ്പോലും പിന്നിലാക്കുന്നത് ചർച്ചകൾക്ക് വഴിമരുന്നാകും. ഇതിനിടെയാണ് ബാഴ്സലോണ ജനറൽബോഡിയുടെ പുതിയ തീരുമാനം പ്രസക്തമാവുന്നത്. അവർ മെസിയെ തിരികെ ക്ലബ്ബിലെത്തിക്കുവാൻ ശ്രമിക്കുകയാണെന്ന വാർത്തകൾവന്നു. കാരണം, മെസിയുടെ മാറ്റം കാരണം ക്ലബ്ബിന്റെ പ്രകടനങളിൽ വലിയ തിരിച്ചടിയുണ്ടായി.

ലാലിഗയിൽ വളരെ പിന്നിലായി. ഇതുവരെ മെസിയുടെ കളിയുടെ അഭാവം നികത്തുവാൻ കഴിഞ്ഞില്ലെന്നു ക്ലബ്ബ് പ്രസിഡന്റ് ഗലോട്ടി പരിതപിക്കുന്നു. മാത്രമല്ല ക്ലബ്ബിന്റെ ജനറൽ ബോഡിയിൽ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ ക്ലബ്ബിന് വേണ്ടി നടത്തിയ പെർഫോമെൻസ് കണക്കിലെടുത്ത് ബാഴ്സലോണയുടെ സ്വന്തം സ്റ്റേഡിയമായ ക്യാമ്പ് നൗവിൽ മെസിയുടെ പ്രതിമ സ്ഥാപിക്കണമെന്നാണ് പുതിയ തീരുമാനമെന്നും വാർത്തയുണ്ട്. മെസി ആരാധകർക്ക് ആഹ്ളാദം നൽകുന്നതാണ് ഈ തീരുമാനം. ഇന്നത്തെ സ്ഥിതിയിൽ ഇതെല്ലാം അർജന്റീനയുടെ വിജയത്തിന് കരുത്തുപകരുന്നതും മെസിയുടെ പ്രശസ്തിക്ക് നിറം പകരുന്നതുമാണ്.

Eng­lish Summary:The FIFA Cup is only thir­ty-six days away
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.