3 May 2024, Friday

തീപിടുത്തം: എംവി കവരത്തിയെ ആന്ത്രോത്തിലെത്തിച്ചു

സ്വന്തം ലേഖകന്‍
കൊച്ചി
December 2, 2021 8:07 pm

ലക്ഷദ്വിപിലേക്കുള്ള യാത്രാ മധ്യേ തീപിടുത്തമുണ്ടായ യാത്രാ കപ്പലായ  എംവി കവരത്തിയെ ഇന്നലെ കോസ്റ്റ് ഗാര്‍ഡ് കപ്പലായ ഐ സി ജെ എസ് സമര്‍ത്ഥ്  കെട്ടിവലിച്ച് ആന്ത്രോത്ത് ദ്വീപിലെത്തിച്ചു.  ഈ കപ്പലിനെ കെട്ടിവലിച്ച് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്  ലക്ഷദ്വീപ് തുറമുഖ വകുപ്പ്. തീ പിടുത്തത്തെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന യാത്രികരില്‍ ചിലര്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടെങ്കിലും കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതോടെ ആരോഗ്യ നില തൃപ്തികരമായതായി അധികൃതര്‍ അറിയിച്ചു.

യാത്രക്കാരായ പ്രായമായവര്‍ക്കാണ് കൂടുതലായി ശ്വാസ തടസം അനുഭവപ്പെട്ടത്. തീപിടുത്ത മുണ്ടായ ഉടനെ ഉപ്പുവെള്ളം സ്‌പ്രേ ചെയ്തതാണ് കപ്പലിന്റെ രണ്ടാമത്തെ എഞ്ചിന്‍ നിന്ന് പോകാന്‍ കാരണമെന്നാണ് അനുമാനം. നിയന്ത്രണം വിട്ട കപ്പല്‍ കൂറേ നേരം ഒഴുകി നടന്നു. 624 യാത്രികരും 85 ജീവനക്കാരുമായി  കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയിലാണ് എം വി കവരത്തി  ലക്ഷദ്വീപിലേക്ക് തിരിച്ചത്. ബുധനാഴ്ച രാവിലെ കവരത്തിയിലെത്തി പകുതിയോളം പേരെ അവിടെ ഇറക്കിയ ശേഷം ആന്ത്രോത്തിലേക്ക്  പോകുന്നതിനിടെ 29 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ഉച്ചക്ക് പന്ത്രണ്ടരയോടെ എന്‍ഞ്ചിനില്‍ നിന്ന് തീ പടരുകയായിരുന്നു. അപകട വിവരം അറിഞ്ഞ്  ലക്ഷദ്വീപ് തീരത്തുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് ആദ്യം എത്തിയത്.

കൊച്ചിയില്‍ നിന്ന് നാവികസേനയുടെ കപ്പലായ ഐഎന്‍എസ് ഷാര്‍ദുലും  സ്ഥലത്തെത്തി.  ലക്ഷദ്വീപ് തുറമുഖ വകുപ്പിന്റെ മറ്റൊരു യാത്രാകപ്പലായ എം വി കോറല്‍ എന്ന കപ്പലില്‍ യാത്രികരെ സുരക്ഷിതമായി ഇന്നലെ രാവിലെയോടെ ആന്ത്രോത്തില്‍ എത്തിച്ചു. അതേസമയം അപകടമുണ്ടായി ആറുമണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതെന്നും എസിയോ ഫാനോ പ്രവര്‍ത്തിക്കാത്തതിനാല്‍ ഏറെ ദുരിതത്തിലായിരുന്നുവെന്നും തങ്ങളെന്നും യാത്രക്കാര്‍ പറഞ്ഞു. രോഗികളായ കുട്ടികളും കപ്പലിലുണ്ടായിരുന്നു.

ചിത്രം:  എന്‍ വി കൃഷ്ണപ്രകാശ്

Eng­lish Sum­ma­ry: fire attack; MV Kavarathi to  Andhra Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.