27 July 2024, Saturday
KSFE Galaxy Chits Banner 2

ആദ്യമായി ഓൺലൈനിൽ കീം പ്രവേശന പരീക്ഷ; ജൂൺ അഞ്ചിന് തുടക്കം

പരീക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ പുനഃക്രമീകരണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി
സ്വന്തം ലേഖിക
തിരുവനന്തപുരം
May 29, 2024 9:06 pm

സംസ്ഥാനത്ത് ഈ വർഷം മുതൽ കീം എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ ഓൺലൈനായി നടത്തും. ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയില്‍ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായാൽ പുനഃക്രമീകരണം നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. കൂടാതെ, ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

130 സർക്കാർ/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക. ദുബൈ കേന്ദ്രത്തിൽ മാത്രം ആറിനാണ് പരീക്ഷ തുടങ്ങുന്നത്. 1,13,447 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. സി ഡിറ്റാണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വേര്‍ വികസിപ്പിച്ചത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‍വേറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ 24ന് മോക്ക് ടെസ്റ്റും 25 ന് ട്രയൽ പരീക്ഷയും പൂർത്തിയാക്കി. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാം. ഒരു കേന്ദ്രത്തിൽ ഒരേസമയം 126 കുട്ടികൾക്ക് വരെ പരീക്ഷയെഴുതാം. കേന്ദ്രങ്ങളിലെല്ലാം കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മിഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നതായി മന്ത്രി പറഞ്ഞു. മേൽനോട്ടം ജില്ലാ നോഡൽ ഓഫിസർക്കാണ്. 130 കേന്ദ്രങ്ങളിലും പ്രത്യേക കോർഡിനേറ്റർമാരും നിരീക്ഷകരുമുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനാണ്. ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ ആറിന് ഉച്ചക്ക് ശേഷം 3.30 മുതൽ അഞ്ചുമണി വരെ നടക്കും.

കീം ഓണ്‍ലൈന്‍ പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരീക്ഷാര്‍ത്ഥികള്‍ രാവിലെ 7.30ന് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്ത് ബയോമെട്രിക് വിവരങ്ങൾ നൽകണം. 9.30ന് ശേഷം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. 9.45ന് വിദ്യാർത്ഥികളുടെ ലോഗിൻ വിൻഡോയിൽ 15 മിനിട്ടുള്ള മോക്ക് ടെസ്റ്റ്‌ തുടങ്ങും. ടൈമർ സീറോയിൽ എത്തുമ്പോൾ പരീക്ഷ ആരംഭിക്കും. ജൂൺ ആറിന് വൈകിട്ട് 3.30 മുതൽ അഞ്ചുവരെയാണ് ബി ഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ. പരീക്ഷയെഴുതുന്നവർ ഉച്ചയ്ക്ക് ഒന്നിന് റിപ്പോർട്ട് ചെയ്യണം. 

പരീക്ഷയ്ക്കായുള്ള അഡ്മിറ്റ്‌ കാർഡ് കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ അഡ്മിറ്റ്‌ കാർഡിനോടൊപ്പം അഡ്മിറ്റ്‌ കാർഡിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖകൂടി നിർബന്ധമായും ഹാജരാക്കണം. അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Can­di­date Por­tal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെല്പ് ലൈൻ: 0471–2525300.

Eng­lish Summary:First Online KEAM Entrance Test; Begin­ning on June 5
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.