26 April 2024, Friday

മത്സ്യമേഖല ദുരിതക്കടലില്‍

ബേബി ആലുവ
കൊച്ചി
June 6, 2022 10:23 pm

ട്രോളിങ് നിരോധനം വ്യാഴാഴ്ച തുടങ്ങാനിരിക്കെ, മാസങ്ങളായി ‘അപ്രഖ്യാപിത ട്രോളിങ് നിരോധന“ത്തിന്റെ കെടുതിയിൽ തീരമേഖല. തുടർച്ചയായ കടൽ ക്ഷോഭം, മത്സ്യ ദൗർലഭ്യം, ഇന്ധന വിലവർധന, മഴക്കെടുതി തുടങ്ങിയ ദുരിതങ്ങൾ മത്സ്യബന്ധന മേഖലയെ വേട്ടയാടുകയാണ്.
600 കിലോമീറ്ററോളം വരുന്ന തീരദേശത്തെ, കടലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന വലിയൊരു ജനസഞ്ചയത്തെ തീരദേശ നിയന്ത്രണ നിയമത്തിലെ പാളിച്ചകളും പുനർഗേഹം പദ്ധതിയനുസരിച്ചുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലും നഷ്ടപരിഹാരത്തിലെ അപര്യാപ്തതയും തുടങ്ങി നടുക്കടലിലേക്കു തള്ളിയിടുന്ന പ്രശ്നങ്ങൾ വേറെയുമുണ്ട്. 

20 വർഷത്തിനിടെ മത്തി ലഭ്യത തീരെ കുറഞ്ഞുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതുമൂലം അഞ്ചു വർഷത്തിനിടയിൽ കോടികളുടെ നഷ്ടമാണുണ്ടായത്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മത്തിക്കുഞ്ഞുങ്ങളെ പിടിക്കുന്നതുമാണ് മുഖ്യ കാരണങ്ങൾ. കേരള തീരത്തെ അമിതമായ ചൂട് മൂലം മത്തിക്കൂട്ടം ശ്രീലങ്കൻ, തമിഴ് നാട് തീരങ്ങളിലേക്കു രക്ഷപ്പെടുന്നതായും ശാസ്ത്രജ്ഞർ പറയുന്നു. പുറങ്കടലിൽച്ചെന്ന് മത്സ്യം പിടിക്കുക ഇന്ധന പ്രതിസന്ധി മൂലം എളുപ്പവും ലാഭകരവുമല്ല. കേരളത്തിൽ കിട്ടുന്ന മത്തികളുടെ മുഖ്യപങ്കും തമിഴ് നാട് ഭാഗങ്ങളിൽ നിന്നെത്തുന്നതാണ്. 

സർക്കാർ കണക്കിൽ മീൻ പിടിത്തത്തിനുള്ള 14,322 മണ്ണെണ്ണ എന്‍ജിനുകൾ പ്രവർത്തിക്കുന്നുണ്ട്. 20 വർഷം മുമ്പ് കേന്ദ്ര വിഹിതമായി കിട്ടിയിരുന്നത് 28,000 കിലോലിറ്റർ മണ്ണെണ്ണയാണ്. എന്നാൽ, മൂന്നു മാസത്തേക്കുള്ള വിഹിതമായി ഏപ്രിലിൽ കിട്ടിയത് 2000 കിലോലിറ്ററും. ഔട്ട്ഡോർ എഞ്ചിൻ യാനങ്ങൾക്ക് പെർമിറ്റ് അനുസരിച്ച് പ്രതിമാസം 130–190 ലിറ്റർ മണ്ണെണ്ണ നൽകുന്ന നോൺ സബ്സിഡി മണ്ണെണ്ണ 2160 കിലോലിറ്റർ അനുവദിച്ചിരുന്നതും മുടങ്ങി. അഞ്ച് മാസമായി എണ്ണക്കമ്പനികളുടെ സംസ്ഥാനത്തെ സംഭരണ കേന്ദ്രങ്ങളിൽ സ്റ്റോക്കില്ലാത്തതാണ് കാരണം. ഒരു മാസത്തേക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ ഒരാഴ്ചത്തേക്കുപോലും തികയാറില്ല എന്നതാണ് യാഥാർത്ഥ്യം. പിന്നെ, ആശ്രയം കരിഞ്ചന്തയാണ്. ഇന്ധനം കൊള്ളവിലയ്ക്കു വാങ്ങി കടലിൽപ്പോയിട്ട് മടക്കം വെറും കയ്യോടെയും. വർഷാരംഭത്തിൽ റേഷൻ മണ്ണെണ്ണയുടെ വില 62.5 രൂപയായിരുന്നു. ഇപ്പോൾ 84 രൂപയും. 

മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾക്ക് ഒരാഴ്ചത്തേക്ക് ആവശ്യം 3000–3500 ലിറ്റർ ഡീസലാണ്. പുറമെ, ഭീമമായ മറ്റു ചെലവുകളുമുണ്ട്. ചെലവ് നികത്താൻ കഴിയുംവിധം മീൻ കിട്ടുന്നുമില്ല. ബോട്ടുകൾ മാസങ്ങളായി കരയിലാണ്. പല ബോട്ടുടമകളും നഷ്ടക്കച്ചവടം അവസാനിപ്പിച്ച് ബോട്ടുകൾ പൊളിച്ചു വില്ക്കുകയാണിപ്പോൾ. കൊല്ലം ജില്ലയിൽ മാത്രം ചുരുങ്ങിയ നാളുകൾക്കുള്ളിൽ 200ലേറെ ബോട്ടുകൾ ഇങ്ങനെ പൊളിച്ചു വിറ്റതായാണ് റിപ്പോർട്ടുകൾ. മത്സ്യത്തൊഴിലാളികൾ മറ്റു പല തൊഴിലുകളിലേക്കും തിരിയുകയും ചെയ്യുന്നു. 

Eng­lish Summary:Fisheries in distress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.