കേരളത്തിൽ നടന്ന ഇതിഹാസ സമാനമായ പോരാട്ടങ്ങളിൽ ഒന്നാണ് കയ്യൂർ സമരം. അതൊരു കർഷക മുന്നേറ്റമായിരുന്നെങ്കിലും ജന്മിമാർക്കും അവർക്ക് ഒത്താശചെയ്യുന്ന ബ്രിട്ടീഷുകാർക്കും എതിരായിട്ടുള്ളതായിരുന്നു. ഒരു പൊലീസുകാരൻ മരിക്കാൻ ഇടയായ സംഭവത്തിൽ പൊലീസ് കയ്യൂരിലും പരിസര പ്രദേശങ്ങളിലും കിരാതവാഴ്ച നടപ്പിലാക്കി. കൃത്രിമ തെളിവുകൾ ഉണ്ടാക്കി അഞ്ച് പേരെ തൂക്കിക്കൊല്ലാൻ വിധിച്ചു. പ്രായപൂർത്തി ആവാത്തതുകൊണ്ട് മാത്രം അഞ്ചാമനെ ഒഴിവാക്കി. മഠത്തിൽ അപ്പു, പൊടോര കുഞ്ഞമ്പുനായർ, കോയിത്താറ്റിൽ ചിരുകണ്ഠൻ, പള്ളിക്കൽ അബുബേക്കർ എന്നിവരെയാണ് 1943 മാർച്ച് 29ന് തൂക്കിലേറ്റിയത്. ചൂരിക്കാടൻ കൃഷ്ണൻ നായരെയാണ് പ്രായപൂർത്തി ആവാത്തതുകൊണ്ട് ഒഴിവാക്കിയത്. അദ്ദേഹത്തെ അഞ്ച് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ നാല് പേരെ ഒന്നിച്ച് തൂക്കിലേറ്റിയ സംഭവം വേറെയില്ല.
അല്പം സമാനതയുള്ളത് ലാഹോർ ഗൂഢാലോചനക്കേസിൽ ഭഗത്‌സിങ്, രാജ്‌ഗുരു, സുഖ്ദേവ് എന്നീ മൂന്ന് യുവ വിപ്ലവകാരികളെ 1931 മാര്‍ച്ച് 23 ന് തൂക്കിലേറ്റിയതാണ്. കയ്യൂർ സഖാക്കളെ കാണാൻ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി കണ്ണൂർ ജയിലിൽ വന്നിരുന്നു. വളരെ ദുഃഖിതനായി കാണപ്പെട്ട സഖാവ് ജോഷിയെ തൂക്കിലേറാൻ പോകുന്ന വിപ്ലവകാരികൾ ആശ്വസിപ്പിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിരിക്കുന്നത്. നാല് പേരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നപ്പോൾ വിദേശമാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ബ്രിട്ടീഷ് ക്രൂരതയുടെ അടയാളമായി അവർ ഈ സംഭവത്തെ ഉയർത്തിക്കാട്ടി. ബ്രിട്ടീഷ് ജനതയിലും ഇത് വലിയ അമർഷത്തിന് ഇടയാക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഉജ്ജ്വല പോരാട്ടമായാണ് കയ്യൂർ സമരം വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.