22 September 2024, Sunday
KSFE Galaxy Chits Banner 2

മ്യാന്‍മറില്‍ നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷ നടപ്പാക്കി

Janayugom Webdesk
നായ്പി‍ഡോ
July 25, 2022 11:23 pm

മ്യാന്‍മര്‍ സൈന്യം നാല് ജനാധിപത്യ പ്രവര്‍ത്തകരുടെ വധശിക്ഷ നടപ്പാക്കി. മ്യാന്‍മറിലെ ജനകീയ നേതാവ് ഓങ് സാന്‍ സൂചിയുടെ അനുയായി ഉള്‍പ്പെടെ നാലുപേരുടെ വധശിക്ഷയാണ് സൈന്യം നടപ്പാക്കിയത്.
മുന്‍ പാര്‍ലമെന്റ് അംഗവും സൂചിയുടെ അനുയായിയുമായ ഫ്‌യോ സെയ താവ്, ക്യവ് മുന്‍ യു, ഹ്‌ല മയോ ഓങ്, ഓങ് തുര സൊ തുടങ്ങിയവരെ ക്രൂരവും മനുഷ്യത്വരഹിതവുമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റം ചുമത്തിയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മറാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. വധശിക്ഷയ്ക്ക് മുന്നോടിയായുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ എവിടെവച്ച് എങ്ങനെ കൊലപ്പെടുത്തിയെന്നത് സംബന്ധിച്ച് സൂചനയില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടില്ല.
2021 ഫെബ്രുവരിയില്‍ പട്ടാള അട്ടിമറി നടത്തി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പുറത്താക്കിയതിന് പിന്നാലെ പ്രക്ഷോഭം നടത്തിയവരെ സൈന്യം ജയിലിലടയ്ക്കുകയായിരുന്നു. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ അസിസ്റ്റന്‍സ് അസോസിയേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 1980ലാണ് മ്യാന്‍മറില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്.

Eng­lish Sum­ma­ry: Four democ­ra­cy activists were exe­cut­ed in Myanmar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.