18 December 2024, Wednesday
KSFE Galaxy Chits Banner 2

ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യം സംരക്ഷിക്കാം

Janayugom Webdesk
August 13, 2022 5:00 am

ന്ത്യന്‍ സ്വാതന്ത്ര്യം ഏഴര ദശകം പിന്നിടുമ്പോഴാണ്, ഇതാദ്യമായി ആഘോഷിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി സംഘ്പരിവാറും മോഡി സര്‍ക്കാരും പെരുമ്പറ മുഴക്കുന്നത്. അതില്‍ അതിശയിക്കാനില്ലെന്ന വസ്തുതയാണ് ആര്‍എസ്എസും സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രവും തമ്മിലുള്ള ബന്ധം. ഹര്‍ ഘര്‍ തിരംഗ എന്നും ആസാദി കാ അമൃത് മഹോത്സവ് എന്നും പുത്തന്‍പേരിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയനാള്‍ മുതല്‍ രാജ്യത്തുടനീളം അതത് സംസ്ഥാനങ്ങള്‍ പ്രാദേശിക സംസ്കാരത്തിനും പകിട്ടിനും അനുസരിച്ച് തുടരുന്നതാണ് ഇതെല്ലാം. ബ്രീട്ടീഷുകാരുടെ കിരാത ഭരണത്തില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ ആഘോഷം വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഗ്രാമങ്ങളിലും നഗരങ്ങളിലും ഒത്തൊരുമിച്ച് നടത്തിപ്പോരുന്നതായിരുന്നു ജനതയുടെ ശീലം. മറ്റിതര ആഘോഷങ്ങളും ജാതി-മത ഭേദമന്യേ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതും മതേതരരാജ്യത്തിന്റെ സന്തോഷമായിരുന്നു. അതുകൊണ്ടുതന്നെ മോഡിയുടെ ഹര്‍ ഘര്‍ തിരംഗയുടെ പിന്നിലെ രാഷ്ട്രീയ അജണ്ട ഇന്ന് രാജ്യത്ത് ചര്‍ച്ചയാണ്. ഇന്നുമുതല്‍ 15 വരെയാണ് സ്വാതന്ത്ര്യം വീടുകളില്‍ ആഘോഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ദേശീയ പതാകയാക്കണമെന്നും മന്‍ കീ ബാത്തിലൂടെ മോഡി ആവശ്യപ്പെട്ടിരുന്നു.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി


സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തെ അത്രമേല്‍ കാത്തുസൂക്ഷിക്കുന്ന ജനങ്ങള്‍ ഈ പ്രഖ്യാപനത്തിനും മുമ്പേ ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം വന്നതോടെ പൊതുചലനം ഉണ്ടായെന്നതില്‍ തര്‍ക്കമില്ല. ഗ്രാമങ്ങളില്‍ ചെറുകിട ഉല്പാദക സംഘങ്ങളും വ്യാപാര കേന്ദ്രങ്ങളും ദേശീയ പതാകയുടെ നിര്‍മ്മാണം പതിവില്‍ കൂടുതലാക്കാമെന്ന് കരുതിയിരിക്കെയാണ് മോഡി സര്‍ക്കാര്‍ ചൈനയില്‍ നിന്ന് യഥേഷ്ടം ഇന്ത്യന്‍ പതാകകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതും സ്വാതന്ത്ര്യസമരവുമായി ഇഴചേര്‍ന്നുകിടക്കുന്ന ഖാദിയെയും കൈത്തറിയെയും തീര്‍ത്തും അവഗണിച്ച് പോളിസ്റ്റര്‍ തുണികളില്‍ തീര്‍ത്ത പതാകകളാണ് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഖാദി വ്യവസായത്തിന് രാജ്യത്തിന്റെ ആവശ്യം നിറവേറ്റാന്‍ കഴിയില്ല. അതുകൊണ്ടാണ് ചൈനയെ ആശ്രയിച്ചതെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി ന്യായീകരിക്കുകയും ചെയ്തു. നാഗ്പുരിലെ ആസ്ഥാനത്ത് 52 വര്‍ഷമായി ദേശീയപതാക ഉയര്‍ത്താന്‍ മടിച്ച ആര്‍എസ് എസും അവര്‍ നയിക്കുന്ന സര്‍ക്കാരും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പേരില്‍ പതാകയെ കച്ചവട വസ്തു വാക്കിയെന്ന് ആരോപിച്ചാല്‍ തെറ്റുപറയാനാവില്ല. പതാക വില്പനയുമായി ബന്ധപ്പെട്ടും അല്ലാ തെയും സംഘ്പരിവാര്‍ രാജ്യത്തുടനീളം നടത്തുന്ന അക്രമങ്ങള്‍ ചെറുതൊന്നുമല്ല. ദേശീയ പതാക നിര്‍മ്മിക്കുന്നത് മുസ്‌ലിം കമ്പനി ആണെന്നും ഹിന്ദുക്കളുടെ പണം കൊണ്ട് അവരെ സമ്പന്നരാക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹിന്ദുത്വവാദിയായ യതി നരംസിംഹാനന്ദ് പ്രതികരിച്ചിരിക്കുന്നത്. പതാകകള്‍ സ്ഥാപിക്കാത്ത വീടുകളുടെ ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കണമെന്നാണ് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ മഹേന്ദ്ര ഭട്ടിന്റെ ആവശ്യം. പലയിടത്തും 30രൂപ മുടക്കി പതാകകള്‍ വാങ്ങാത്തവര്‍ക്കുനേരെ അതിക്രമങ്ങളും റേഷനരി നിഷേധവുമെല്ലാം നടക്കുന്നു. അതിനിടയില്‍ തിരഞ്ഞുപിടിച്ച് ആക്രമണം അഴിച്ചുവിടാനുള്ള ആഹ്വാനമായി പാര്‍ട്ടി ഉത്തരാഖണ്ഡ് അധ്യക്ഷന്റെ വാക്കുകളെ ബിജെപി അണികള്‍ ഏറ്റെടുത്തേക്കുമോ എന്നാണ് മറ്റൊരാശങ്ക.


ഇതുകൂടി വായിക്കൂ: സ്വാതന്ത്ര്യം @ 75


ലക്ഷക്കണക്കിനാളുകള്‍ ജീവന്‍ത്യജിച്ചാണ് ഇന്ത്യക്ക് സ്വാതന്ത്ര്യവും അതിനടയാളമായി പതാകയും സമ്മാനിച്ചത്. ആ ഒരു വികാരമാണ് ജനങ്ങളില്‍ എന്നുമുള്ളത്. സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമെന്ന ഗൗരവത്തോടെ രാജ്യത്ത് സംഘ്പരിവാര്‍ ഇതരപ്രസ്ഥാനങ്ങള്‍ ജനങ്ങളോടൊപ്പം നിലയുറപ്പിച്ച് തുടരുകയും ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ഇടത് പുരോഗമന പ്രസ്ഥാനങ്ങളും യുവജനവിദ്യാര്‍ത്ഥി സംഘടനകളുമെല്ലാം സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളും സ്വാതന്ത്ര്യദിനം പവിത്രമായിത്തന്നെ കൊണ്ടാടുന്നു. കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം അനുസരിച്ചുതന്നെ വീടുകളില്‍ പതാകകള്‍ ഉയരും. ഓഫീസുകളിലും സ്ഥാപനങ്ങളിലും നാട്ടുകൂട്ടായ്മകളിലും ആഘോഷങ്ങള്‍ നടക്കും. ഖാദിയിലും കോട്ടണ്‍ തുണികളിലും പതാകകള്‍ തയാറാക്കുന്നതിന് വിദ്യാര്‍ത്ഥികളെയും കുടുംബശ്രീ യൂണിറ്റുകളെയും അയല്‍ക്കൂട്ടങ്ങളെയും സാമൂഹിക സന്നദ്ധ സംഘടനകളെയുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. ജില്ലാ കളക്ടര്‍മാരെ തന്നെ ഇതിനുള്ള മേല്‍നോട്ടം നടത്താന്‍ നിയോഗിച്ചു. ഇന്ത്യന്‍ ഫ്ലാഗ് കോഡിലെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുന്നതിന് കൃത്യമായ ബോധവല്ക്കരണമുള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് ആഘോഷം. ജനകോടികള്‍ ഇന്ന് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും. മൂന്നുനാള്‍ സ്വന്തം രാജ്യത്തോടുള്ള സ്നേഹവും ആദരവും ഓരോ വീടുകളിലും തളംകെട്ടിനില്‍ക്കും. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വര്‍ഗീയ ഫാസിസത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന ഘട്ടത്തില്‍ അതിനെതിരെയുള്ള പ്രതിജ്ഞയായിരിക്കണം ഓരോ വീടുകളിലും ഉയരേണ്ടത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.