നാം ഇന്ന് നിൽക്കുന്നത് മതില്‍ക്കെട്ടിനുള്ളിലാണ്, അതിനപ്പുറം ഭാവിയുണ്ടെന്ന പ്രതീക്ഷയില്ലാതെ. വിമർശനങ്ങള്‍ക്ക് ഭ്രഷ്ട് കല്പിക്കപ്പെട്ടതിനാൽ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം ശ്വാസംമുട്ടുകയാണ്. സ്വാതന്ത്ര്യാനന്തരകാലത്ത് നാളിതുവരെ ജനങ്ങൾ ജീവിച്ച രീതിയെ നിലവിലെ കേന്ദ്രഭരണാധികാരികൾ അംഗീകരിക്കുന്നില്ല. ജനങ്ങളുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായുള്ള പ്രതിബദ്ധതകളോടെ വിഭാവനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത മതേതര, പരമാധികാര, സോഷ്യലിസ്റ്റ് ഭരണഘടന പോലുള്ള ജനാധിപത്യ സ്ഥാപനങ്ങളില്‍ പൊരുത്തക്കേടുകൾ കണ്ടെത്തുന്നു. അതിനാൽ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ നേർപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. ജനതയുടെ അവകാശങ്ങൾ അപ്രസക്തമാണെന്ന് കണ്ടെത്തിയതിനാൽ നേർപ്പിക്കൽ യുക്തിസഹമാക്കപ്പെടുന്നു. പ്രധാനമന്ത്രി ഒരു പ്രസംഗത്തിൽ “അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതും അതിനായി പോരാടുന്നതും സമയം പാഴാക്കലാണ്” എന്ന് പറഞ്ഞിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം അവകാശങ്ങൾക്കായുള്ള പോരാട്ടം ശരിയാകാമെന്നും ഒരാളുടെ കടമകൾ പൂർണമായും മറക്കുന്നത് ഇന്ത്യയെ ദുർബലമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വിനയാന്വിതനായി പറഞ്ഞു. ‘രാജ്യം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് കാണണമെങ്കിൽ എല്ലാവരും കടമയുടെ പാതയിൽ നടക്കണ’മെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, 1976ൽ 42-ാം ഭേദഗതിയിലൂടെ 10 മൗലിക കർത്തവ്യങ്ങൾ കൊണ്ടുവന്നു. 2002ൽ അടൽബിഹാരി വാജ്‌പേയിയുടെ ബിജെപി മന്ത്രിസഭ 86-ാം ഭേദഗതിയിലൂടെ ഒന്നുകൂടി ചേർത്തു. ജനങ്ങള്‍ ‘സമയം പാഴാക്കുന്നത്’ തടയുന്നതിനാണ് ഈ കടമകളെല്ലാം അവതരിപ്പിച്ചത്, പ്രത്യേകിച്ചും മൗലികാവകാശങ്ങൾ നടപ്പിലാക്കാനുള്ള പോരാട്ടം. രാജ്യത്തെ എല്ലാ പൗരന്മാർക്കും അനിവാര്യമായ മൗലിക കർത്തവ്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയും അപവാദമല്ല. ഒരു പൗരൻ എന്ന നിലയിലും ജനാധിപത്യത്തിൽ രാഷ്ട്രത്തലവൻ എന്ന നിലയിലും അദ്ദേഹത്തിന് കടമകളുണ്ട്. ഭരണഘടനയനുസരിച്ച്, ഒരാൾ ആദർശങ്ങൾ, സ്ഥാപനങ്ങൾ, ദേശീയ പതാക, ദേശീയ ഗാനം എന്നിവയെ ബഹുമാനിക്കണം. മൗലികാവകാശങ്ങൾക്കുവേണ്ടി പോരാടി പാഴാക്കുന്ന സമയം ഇന്ത്യയെ ‘ദുർബല’മാക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുമ്പോള്‍, ഭരണഘടനയുടെ ആമുഖത്തില്‍ത്തന്നെ മൂന്ന് മൗലികാവകാശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്: നീതി, സ്വാതന്ത്ര്യം, തുല്യത. ജനാധിപത്യം നിലനിര്‍ത്താൻ ഇവയോരോന്നും അടിസ്ഥാനപരമാണ്. അതിനെ ‘സമയം പാഴാക്കുക’ എന്ന് വിളിക്കുന്നത് അവകാശവാദം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കലാണ്. കഴിഞ്ഞ ഒമ്പത് വർഷത്തെ ബിജെപി ഭരണത്തിൽ ഫെഡറലിസം, മതേതരത്വം, സാമൂഹ്യനീതി, സംസാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, സ്വേച്ഛാപരമായ അറസ്റ്റിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവയുടെ ലംഘനങ്ങൾ വര്‍ധിച്ചിരിക്കുകയാണ്.
ദേശീയ പതാകയെ സംബന്ധിച്ചിടത്തോളം, ആൾക്കൂട്ടക്കൊലപാതകത്തിലെ പ്രതിയുടെ മൃതദേഹം ബിജെപിയുടെ കൊടിയിലും ദേശീയ പതാകയിലും പൊതിഞ്ഞ സംഭവത്തില്‍ ഒരു നടപടിയും ഉണ്ടായില്ല. ദേശീയ ഗാനത്തെ കുറിച്ചാണെങ്കില്‍, ദേശീയ ഗാനം ആലപിക്കുന്നതിനിടെ നമ്മുടെ പ്രധാനമന്ത്രി നടക്കാൻ തുടങ്ങിയപ്പോള്‍ മോസ്കോയിലെ റഷ്യൻ ആതിഥേയർ അദ്ദേഹത്തെ തടഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ ആരെയൊക്കെ രക്തസാക്ഷികളായി ആദരിക്കണം എന്നതിലും ബിജെപി ഭരണാധികാരികൾ വിവേചനം കാണിക്കുന്നു. 1857–1947 കാലത്തെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് മാപ്പിളലഹളയില്‍ മരിച്ച 387 രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്തത് ഒരു ഉദാഹരണം. 1919ല്‍ ബ്രിട്ടീഷ് സേനയുടെ ഭീകരമായ കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്ന ജാലിയൻ വാലാബാഗ് സ്മാരകം, പുനർനിർമ്മിച്ച് ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി തന്നെയാണ്. രക്തസാക്ഷികളുടെ സ്മാരകത്തിന് നേരെയുള്ള ആക്രമണമാണ് പേര് നീക്കിയ നടപടിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ഓഗസ്റ്റിൽ, ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന അനുച്ഛേദം 370 ഒഴിവാക്കി. അതോടൊപ്പം, കശ്മീര്‍ ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വയംഭരണാവകാശവും എടുത്തുകളഞ്ഞു. രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും തടവിലാക്കി, പ്രദേശത്തെ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവന്ന്, ലോക്ഡൗണും വാർത്താവിനിമയ ഉപരോധവും ഏർപ്പെടുത്തിയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ സർക്കാരും ജനങ്ങളുടെ അവകാശം നിഷേധിച്ചത്. അനിയന്ത്രിതമായി തഴച്ചുവളരുന്ന ഹിന്ദുത്വ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘ്പരിവാർ നടത്തുന്ന ‘ഹിന്ദു ഖത്രേ മേൻ ഹൈ’(ഹിന്ദുക്കള്‍ അപകടത്തിലാണ്) എന്ന പ്രചരണം ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത്. ഐക്യത്തിന്റെയും ഫെഡറലിസത്തിന്റെയും കരുത്ത് നശിപ്പിക്കപ്പെടുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പോലും കവർന്നെടുക്കപ്പെടുകയും ചെയ്യുകയാണ്.
എല്ലായ്‌പ്പോഴും ധീരത നടിക്കുന്ന പ്രസ്താവനകളുണ്ടാകാറുണ്ടെങ്കിലും ചെെനീസ് സൈന്യം ഇന്ത്യൻ പ്രദേശങ്ങൾ കയ്യടക്കിയപ്പോൾ നമ്മുടെ സർക്കാരിന് ഒരു വിശദീകരണവും ഉണ്ടായിരുന്നില്ല. വാസ്‌തവത്തിൽ, സായുധ സേനയിൽ നിന്നും ഭരണകൂടത്തിൽ നിന്നുമുള്ള, നുഴഞ്ഞുകയറ്റമില്ലെന്ന അവകാശവാദങ്ങളുടെ പൂർണമായ നിഷേധമായിരുന്നു അത്. കോവിഡ് മഹാമാരിയോടും നിരുത്തരവാദപരമായ പ്രതികരണമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. ജനങ്ങൾക്ക് വലിയ ദുരിതങ്ങൾ സമ്മാനിച്ച മുന്നറിയിപ്പില്ലാത്ത ലോക്ഡൗൺ, സര്‍ക്കാര്‍ പ്രചരിപ്പിച്ച കോവിഡിന്റെ വർഗീയവൽക്കരണം, ആരോഗ്യമേഖലയില്‍ ശരിയായ ആസൂത്രണമില്ലാഞ്ഞത് എന്നിവ ദശലക്ഷക്കണക്കിന് പേരെ ഒഴിവാക്കാവുന്ന മരണത്തിലേക്ക് നയിച്ചു. കേന്ദ്ര മന്ത്രാലയങ്ങൾക്ക് സഹകരിക്കാനും പ്രശ്നപരിഹാരം കണ്ടെത്താനും ആകാതെ വന്നതാണ് സാഹചര്യം കൂടുതൽ വഷളാക്കിയത്. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ, ആൾക്കൂട്ടക്കൊലകൾ, ഓൺലൈൻ ഭീഷണി, വിവേചനം എന്നിവ രാജ്യത്തെ ബിജെപി നേതാക്കൾ സജീവമായി പ്രോത്സാഹിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ പ്രതികരണം മൗനം മാത്രമായിരുന്നു. നമ്മുടെ വൈവിധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാജ്യം മുഴുവൻ ഹിന്ദി അടിച്ചേല്പിക്കാനുള്ള ശ്രമമാണ് ഒരു ഉദാഹരണം. ഭരണകൂടത്തിന്റെ മുൻഗണനകൾക്കനുസൃതമായി നമ്മുടെ ചരിത്രത്തെ മാറ്റിയെഴുതുന്നത് സർക്കാർ സ്ഥാപനങ്ങൾ തന്നെയാണ്. ഇന്ത്യന്‍ സംസ്കാരത്തിന് മുസ്ലിങ്ങൾ നൽകിയ ചരിത്രപരമായ സംഭാവനകൾ ഏതാണ്ട് പൂർണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക സ്മാരകങ്ങൾ, താജ്മഹൽ പോലും ഹിന്ദുക്കളെ കീഴടക്കിയതിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.