കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി വിമതനേതാക്കളുടെ ഗ്രൂപ്പായ ജി-23. 24 മണിക്കൂറിനിടെ നേതാക്കള്‍ രണ്ടാമതും യോഗം ചേര്‍ന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് നടന്ന ജി-23 നേതാക്കളുടെ ആദ്യയോഗത്തിന് ശേഷം ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപിന്ദർ ഹൂഡ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി-23 നേതാക്കളുടെ ആവശ്യങ്ങളും ആശങ്കകളും ഹൂഡ രാഹുലിനെ അറിയിച്ചിട്ടുമുണ്ട്. ഗുലാം നബി ആസാദിന്റെ വീട്ടിൽ ചേർന്ന ജി-23 നേതാക്കളുടെ ആദ്യയോഗത്തിൽ 18 പേരാണ് പങ്കെടുത്തത്. യോഗത്തിൽ ശശി തരൂർ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പുകള്‍ ഉടന്‍ നടത്തണമെന്ന ഉറച്ച നിലപാടിലാണ് ജി-23 നേതാക്കള്‍. ഇക്കാര്യം ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തമായി ധരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടക്കുന്ന പ്ലീനറി സെഷനില്‍ സംഘടനാ തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടാണ് സോണിയ‑രാഹുല്‍ പക്ഷം സ്വീകരിച്ചിട്ടുള്ളത്. അഞ്ച് സംസ്ഥാനങ്ങളിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനത്തില്‍ സമൂല മാറ്റം വേണമെന്നാണ് ജി-23 ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. പാര്‍ട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി കൂട്ടായ നേതൃത്വം വേണമെന്നും ജി-23 വിലയിരുത്തുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാന്‍ സമാന താല്പര്യങ്ങളുള്ള പാര്‍ട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. എന്നാല്‍ അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തം സോണിയാ ഗാന്ധിക്ക് മാത്രമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ആര്‍ക്കും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എഐസിസി തലവന്മാരെല്ലാം തോല്‍വിയുടെ ഉത്തരവാദികളാണെന്ന് ചിദംബരം പറഞ്ഞു. ജി-23 നേതാക്കള്‍ ചേര്‍ന്ന് പാര്‍ട്ടിയെ ഭിന്നിപ്പിക്കരുതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
english summary; G‑23 due to change of leadership
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.