അനുദിനം പരിവർത്തനങ്ങൾക്ക് വിധേയമാകുന്ന കലാരൂപമാണ് സിനിമ. നിശബ്ദ ചിത്രത്തിൽ നിന്നും ശബ്ദ ചിത്രത്തിലേക്കും കറുപ്പും വെളുപ്പുമാത്രമായ നിറമില്ലാത്ത ലോകത്തിൽ നിന്നും നിറങ്ങളിലേക്കുമുള്ള അതിന്റെ പ്രയാണം ചരിത്രത്തിലെ വഴിത്തിരിവുകളാണ്. ആവിഷ്കാരങ്ങളിലെ നവീനതയാണ് സിനിമയെ എന്നും പരിഷ്കരിക്കുന്നത്. 54ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ‘ഗാന്ധി ടോക്സ്’ ദൃശ്യഭാഷയുടെ നൈതികഭാവത്ത ആവിഷ്കരിക്കുന്നു. രാഷ്ട്രീയം പ്രകടമായി വിനിമയം ചെയ്യുന്ന നിശബ്ദ സിനിമയാണിത്.
ഭാഷയ്ക്കും അപ്പുറം
നമ്മുടെ സാമൂഹികവിനിമയ മാധ്യമമായ ഭാഷയ്ക്കും അപ്പുറമുള്ള ഒരു പശ്ചാത്തലം സിനിമയിലൂടെ സൃഷ്ടിക്കുക വെല്ലുവിളിയാണ്. അത്തരമൊരു അന്തരീക്ഷം ഭംഗിയായി ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചു. നിശബ്ദ ചിത്രത്തിലെ സംഗീതമാണ് ഏറെ ശ്രദ്ധേയം. എ ആർ റഹ് മാൻ ചിട്ടപ്പെടുത്തിയ ആവർത്തന രഹിതമായ സംഗീതം മടുപ്പ് ഒട്ടും അനുഭവപ്പെടാതെ സിനിമ ആസ്വദിക്കാൻ സഹായിക്കുന്നു. രണ്ടര മണിക്കൂർ നീണ്ടു നില്ക്കുന്ന വിധം നിശബ്ദ ചിത്രം ഒരുക്കുക പുതിയ കാലത്തെ സാഹസമാണ്. ഇന്നത്തെ ഡിജിറ്റൽക്കാലത്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആസ്വാദനം എന്ന സമീപനമാണ് സ്വീകരിക്കപ്പെടുന്നത്. ഹ്രസ്വ ചിത്രങ്ങൾക്ക് പ്രാധാന്യം വർധിച്ചു വരുന്ന ഇക്കാലത്താണ് ഗാന്ധി ടോക്സ് ചർച്ച ചെയ്യപ്പെടുന്നത്.
സിനിമയുടെ കഥാതന്തുവിലേക്ക് വരുമ്പോൾ അഴിമതി, സ്വജനപക്ഷപാതം, തൊഴിലില്ലായിമ, ദാരിദ്ര്യം, പാർശ്വവല്കരണം, തമസ്കരിക്കപ്പെടുന്ന നൈതികത ഇത്തരം സാമൂഹികപ്രശ്നങ്ങളെല്ലാം വിഷയമാകുന്നു. ദീർഘകാലമായി ജനാധിപത്യ ഇന്ത്യ നേരിടുന്ന പൊതുവായ പ്രശ്നമാണിതെല്ലാം. എത്രയോ കാലമായി വിവിധ മാധ്യമങ്ങളിലൂടെ നാം നിരന്തരം വിഷയമാക്കുന്നവയാണിതെല്ലാം. വീണ്ടും വീണ്ടും ചലച്ചിത്രങ്ങൾ ഒരേ വിഷയത്തെ വ്യത്യസ്തമായ കാഴചപ്പാടുകളിൽ ആവിഷ്കരിക്കുമ്പോഴും ഇക്കാര്യത്തിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല. കാലാകാലമായി പറഞ്ഞു വരുന്ന ആ പേര് ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു അതെ… ദരിദ്ര്യനാരായണന്മാരുടെ ഇന്ത്യ.
നിശബ്ദത ഒരു പ്രതിരോധമാണ്
ഒരു പക്ഷെ സംവിധായകൻ കിഷോർ പാണ്ഡുരംഗ് ബേലേക്കർ വളരെ ബോധപൂർവമായിരിക്കണം ഈ സിനിമ ഒരു നിശബ്ദ ചിത്രമായി ആവിഷ്കരിച്ചത്. കാരണം വിവിധഭാഷകളിൽ നിരവധി ചിത്രങ്ങളിൽ ഗംഭീര സംഭാഷണങ്ങളുടെ അകമ്പടിയോടെ ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. നിശബ്ദ ചിത്രത്തിലൂടെ ഇത്തരം ഒരു വിഷയം അവതരിപ്പിക്കപ്പെടുമ്പോൾ അത് ഒരു സമൂഹത്തിന്റെ നിസംഗത കൂടിയാണ് പ്രകടമാക്കുന്നത്. ഉച്ചത്തിൽ സംസാരിച്ച് വ്യവസ്ഥിതികൾക്കെതിരെ പ്രതികരിക്കാൻ സാധിക്കാത്ത നമ്മളെല്ലാം അടങ്ങുന്ന സമൂഹമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഇന്ത്യൻ ജീവിതത്തിന്റെ ദാരിദ്ര്യവും സമ്പന്നമായ അവസ്ഥയും ഒരുപോലെ പ്രകടമാകുന്ന വൻ നഗരമായ മുംബെയാണ് പശ്ചാത്തലം.
ചിത്രത്തിലെ ആദ്യ രംഗം ആരിലും നടുക്കം ഉണ്ടാക്കും നാം കൊട്ടിഘോഷിക്കുന്ന രാജ്യത്തിന്റെ സമകാലീന ജീവിതാവസ്ഥ വ്യക്തമാക്കുന്നു. രോഗിയായ മാതാവിന് പ്രഭാത കൃത്യം നിർവഹിക്കുന്നതിനു വേണ്ടി ശൗച്യാലയത്തിന്റെ മുന്നിൽ അവരെയും കയ്യിലേന്തി വരിയിൽ നില്ക്കുന്ന മകനെയാണ് പ്രേക്ഷകർ കാണുന്നത്. എത്രയും വേഗം അമ്മയെ ശൗച്യാലയത്തിലെത്തിക്കണമെന്ന് അയാളുടെ ഭാവാഭിനയത്തിൽ നിന്ന് വ്യക്തമാണ്. രാഷ്ട്രീയ പ്രചരണങ്ങളിൽ തിളങ്ങുന്ന ഇന്ത്യയുടെ ചിത്രം മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. ഇവിടെ തിളക്കം പോയിട്ട് നേരിയ വെളിച്ചം പോലുമില്ല. ജിഡിപിയുടെ കണക്കുകൾ മാനദണ്ഡമായി എടുക്കുമ്പോൾ നമ്മുടെ കൺമുന്നിൽ ഒരിക്കലും കടന്നുവരാത്ത കാഴ്ചയാണ് സിനിമയിൽ തെളിയുന്നത്. ഒട്ടും പരിചയമില്ലാത്തതും കേട്ടുകേൾവി പോലുമില്ലാത്തതുമായ ചില ജീവിത കാഴ്ചകൾ നമുക്ക് പുതുമയാണെങ്കിലും അത് സൃഷ്ടിക്കുന്ന നൊമ്പരം സിനിമ കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകരെ വിടാതെ പിൻതുടരും. മുംബൈയിലെ ദരിദ്ര പ്രദേശങ്ങളിലൊന്നിലെ ഒരു അപ്പാർട്ട്മെന്റിന്റെ അറ്റത്തുള്ള ചെറിയ വീട്ടിലേക്ക് നായകൻ ശരിക്കും ലയിച്ചുചേരുന്നു. നായകന്റെ ദാരിദ്ര്യം നിറഞ്ഞ ജീവിത നിമിഷങ്ങളും അതിൽ നിന്ന് പുറത്തുവരാൻ പരിശ്രമിക്കുമ്പോൾ സൃഷ്ടിക്കുന്ന ഹാസ്യവും കൊണ്ട് ഇടകലർന്നിരിക്കുന്നു സിനിമ. ടൈമിങ്ങും അഭിനയവും സംഗീതവും എല്ലാം സമന്വയിപ്പിക്കുന്നു. സിദ്ധാർത്ഥ് ജാദവിന്റെ കഥാപാത്രവുമായി വിജയ് കൈമാറ്റം ചെയ്യുമ്പോഴെല്ലാം എ ആർ റഹ്‌മാൻ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ മാസ്മരിക ഭാവം പ്രേക്ഷകർ അനുഭവിക്കുന്നു.
സംഗീത സാന്ദ്രം
സംഗീതത്തിന്റെ വ്യത്യസ്തത പുലർത്തുന്ന ഭാവങ്ങളാൽ സമ്പന്നവും ഹൃദയസ്പർശിയുമാണ് ചിത്രത്തിലെ ഓരോ നിമിഷവും. സംവിധായകൻ കിഷോർ പാണ്ഡുരംഗ് ബേലേക്കറിന്റെത് പോലെ തന്നെ എ ആർ റഹ്മാന്റെതുമാണ് ഈ സിനിമ. സിനിമയിൽ സംഗീതം അത്രയും പ്രാധാന്യമുള്ള മാധ്യമമാണ്. ഗോവയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പ്രീമിയറിനൊടുവിൽ കിഷോർ പറഞ്ഞു, അച്ഛന്റെ മരണത്തോടെ തന്റെ ജീവിതത്തിലേക്ക് വന്ന ശൂന്യതയ്ക്ക് ശേഷം 23 വർഷമായി താൻ ചെയ്യാൻ ശ്രമിക്കുന്ന സിനിമയായിരുന്നു അത്. ആ ദിവസങ്ങളിൽ അനുഭവിച്ച നിശബ്ദതയാണ് തിരക്കഥയായി രൂപാന്തരപ്പെട്ടത്. വൈയക്തികമായ അനുഭവമണ്ഡലത്തിൽ നിന്നും സാമൂഹിക കാഴ്ചപ്പാടിലേക്കുള്ള പ്രയാണമായിരുന്നു അത്. സിനിമയിലുടനീളം സമൂഹം പ്രധാന മാധ്യമമായി കടന്നുവരുന്നു. നിസംഗമായ സമൂഹത്തെയാണ്, ഭാഷയെ അപ്രസക്തമാക്കുന്ന ചിത്രം വിനിമയം ചെയ്യുന്നത്.
ഗാന്ധി എന്ന പ്രതീകം
ഗാന്ധി വിഭാവനം ചെയ്യുന്ന ഒരു ആദർശ സമൂഹത്തിനുവേണ്ടി നാം എന്നും പരിശ്രമിക്കുന്നു. എങ്കിലും നിലനിൽക്കുന്ന ദ്വന്ദ്വത്തെക്കുറിച്ചാണ് സിനിമ ഓർമ്മിപ്പിക്കുന്നത്. എന്നിരുന്നാലും, വ്യക്തികൾ എന്ന നിലയിൽ പലരുടെയും പ്രവർത്തനങ്ങൾ വിപരീതമാണ്. അഴിമതിയും അത്യാഗ്രഹവും അധികാരത്തോടുള്ള ആർത്തിയുമാണ് മുൻ നിരയിൽ സ്ഥാനം പിടിക്കുന്നത്. അപ്പോൾ, അഴിമതിയുടെ കാതലായ ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു വ്യക്തിക്ക് എന്ത് സംഭവിക്കും അതാണ് സിനിമ പ്രേക്ഷകന് മുമ്പിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭ്യസ്തവിദ്യനായ നായകഥാപാത്രം ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവിടെ നടക്കുന്ന പ്രതീകാത്മകമായ അവതരണം ഏറെ ശ്രദ്ധേയമാണ്. അഭിമുഖം നടത്തുന്നയാൾ ഒരു കപ്പ് ചായ ഉദ്യോഗാർത്ഥിക്ക് നല്കുന്നു ചായ കുടിക്കാൻ ഉദ്യോഗാർത്ഥി ആദ്യം മടി കാണിക്കുന്നു. നിർബന്ധിച്ചപ്പോൾ കപ്പിലെ ചായ മുഴുവൻ കുടിക്കുന്നു. ഏറെ രസകരം ചായ കപ്പിൽ കുടിക്കാതെ കപ്പ് വെച്ച പാത്രത്തിലൊഴിച്ച് ചായ കുടിക്കുകയും കപ്പിലെ ചായ അഭിമുഖം നടത്തുനായാൾക്കു നേരെ നീട്ടുകയും ചെയ്യുന്ന മറ്റൊരു ഉദ്യോഗാർത്ഥിക്ക് അനായാസം ജോലി ലഭിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ വിധേയത്വ മനോഭാവത്തോടെ പെരുമാറിയാൽ മാത്രമാണ് ജോലിപോലും ലഭിക്കുകയുള്ളു എന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം സന്ദർഭങ്ങൾ സൂചിപ്പിക്കുന്നത്. ജോലി ലഭിക്കുന്നതിന് ഗാന്ധിയുടെ പടമുള്ള നോട്ടുകൾ നല്കി എന്ന കാര്യവും നായകൻ പിന്നീട് തിരിച്ചറിയുന്നുണ്ട്. ആദർശത്തിന്റെയും സത്യസന്ധതയുടെയും പ്രതിരൂപമായ ഗാന്ധിയുടെ ചിത്രങ്ങൾ ആലേഖനംചെയ് നോട്ട് ഇവിടെ അഴിമതിയുടെ മാധ്യമമായി തീരുന്നു. ഇതിലെ ഗാന്ധി ചിത്രം എല്ലാത്തിനും മൂക സാക്ഷിയായി നിലകൊള്ളുന്നു.
കറൻസി നോട്ടുകളിൽ ശുചിത്വ കാമ്പെയ്നുകളിലും ഗാന്ധിജിയെ വെറും മുഖമായി ചുരുക്കിയതിന്റെ വിലാപമായാണ് ചിത്രത്തിന്റെ പേര് പോലും. കാരണം അദ്ദേഹം ജീവിച്ച ആദർശങ്ങൾ എത്തിപ്പിടിക്കാൻ പ്രയാസമാണ്. എന്നാൽ, സമൂഹത്തിലെ ഒട്ടുമിക്ക തിന്മകളെയും കേവലം അഴിമതിയിലേക്ക് ചുരുക്കുന്ന സാമൂഹിക സന്ദേശം സിനിമയിലൂടെ വിനിമയം ചെയ്യുന്നു.
അവതരണത്തിലെ നാടകീയത
സിനിമയിലെ വിജയുടെ അച്ഛൻ പെട്ടെന്ന് മരണമടയുന്നു. രോഗിയായ അമ്മയെയും തൊഴിൽരഹിതനായ മകനെയും ഇത് അത്യധികം പ്രതിസന്ധിയിലാക്കി. അഭിമുഖീകരിക്കുന്ന ദാരിദ്ര്യം മകൻ കൈകാര്യം ചെയ്യാൻ പഠിക്കുന്ന ഒരു ശീലമാണ്, വീട്ടിൽ നിന്ന് അവസാനത്തെ 10 രൂപാ നോട്ടും പിടിച്ച് ടിക്കറ്റില്ലാതെ ബസിൽ കയറുക, അയൽക്കാരന്റെ പ്ലേറ്റിൽ നിന്ന് കുറച്ച് ചോറ് തട്ടിയെടുക്കുക. പക്ഷേ, സിനിമ നന്നായി സ്പർശിക്കുന്ന മേഖലയായ കോഴയുടെ കല അദ്ദേഹം പഠിച്ചിട്ടില്ല. അരവിന്ദ് സ്വാമി സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഇവിടെയാണ് ജീവിതത്തിന്റെ മറ്റൊരു വശം നാം കാണുന്നത്. നീതിന്യായ വ്യവസ്ഥ പോലും നോക്കുകുത്തിയായി മാറുന്നു. അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന കഥാപാത്രം അതിസമ്പന്നനാണ്. യഥാർത്ഥത്തിൽ വലിയ തകർച്ചകൾ നേരിടുന്നതോടെ അയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉപയോഗിച്ച് തന്റെ സംമ്പത്ത് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തുകയാണ്. സന്ദർഭോചിതമായി സിനിമയിൽ രാഷ്ട്രീയം കടന്നുവരുന്നുണ്ട്. രാഷ്ട്രീയത്തിലെ കള്ളനാണയങ്ങളെ കൃത്യമായ അവധാനതയോടെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
തൊഴിലില്ലാത്തവനും ദരിദ്രനും ഒരു ചില്ലിക്കാശും എടുക്കാനില്ലാത്തവനുമാണ് നായകൻ. എതിർവശത്തെ ബാൽക്കണിയിൽ അയാൾ ആംഗ്യം കാണിക്കുന്ന ഒരു യുവതിയുണ്ട് ഇങ്ങനെ ദാരിദ്ര്യം അനുഭവിക്കുമ്പോഴും പ്രതീക്ഷാനിർഭരതയായി പ്രണയം ഇവിടെ കടന്നുവരുന്നു. ചില മുഹൂർത്തങ്ങൾ ഊന്നിപ്പറയുന്നതിനും പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങളെ ആശ്രയിക്കുന്നതിനും ചിത്രത്തിൽ സംഗീതത്തെ ഗംഭീരമായി ഉപയോഗിക്കുന്നു. ഒരു കാർട്ടൂൺ ചിത്രത്തിൽ അനായാസം നർമ്മം സൃഷ്ടിക്കുന്ന അതേ സമീപനമാണ് നാടകീയമായ ചില അവതരണങ്ങളിൽ സ്വീകരിച്ചത്. എങ്കിലും കഥ ഒച്ചിഴയുന്നതുപോലെയുള്ള അനുഭവം ഇത്തരം സന്ദർഭങ്ങളിൽ പ്രേക്ഷകരിൽ ഉണ്ടായിട്ടുണ്ട്. പല സന്ദർഭങ്ങളിലും പരമ്പരാഗത ചലച്ചിത്ര സങ്കേതത്തിൽ നിന്നും മാറി സഞ്ചരിച്ചുകൊണ്ട് ഒരു തിയേറ്റർ സ്വഭാവം സ്വീകരിച്ചതായി കാണാം.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നിറഞ്ഞ സദസിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ചിത്രത്തെ അവഗണിച്ചുകൊണ്ട് ഒരാൾ പോലും എഴുന്നേറ്റ് പോയില്ല. ഒരു നിശബ്ദ സിനിമ ഇത്ര ഹൃദ്യമായി സംവദിച്ചത് അത് രൂപകല്പന ചെയ്യുന്നതിലെ സർഗാത്മകതയാണെന്നതിൽ സംശയമില്ല. പനാജിയിലെ ഐനോക്സ് തിയേറ്ററിൽ ചിത്രം പ്രദർശിപ്പിക്കുമ്പോൾ ഏറ്റവും പിറകിലിരുന്ന് അണിയറശില്പികളായ കിഷോർ പാണ്ഡുരംഗ് ബലേക്കറും, എ ആർ റഹ് മാനും അഭിമാനത്തോടെയാണ് സിനിമകണ്ടത്. പ്രേക്ഷകരുടെ ഓരോ ചോദ്യങ്ങളെയും തികഞ്ഞ ആത്മവിശ്വാസത്തോട ഇവർ നേരിടുമ്പോൾ ഇന്ത്യൻ സിനിമയുടെ ചരിത്രപഥങ്ങളിൽ നിശബ്ദതയുടെ സംഗീതം കൊണ്ട് ഒരു പുതിയ അധ്യായം കൂടി സൃഷ്ടിക്കുകയായിരുന്നു. മൗനം എന്നും വാചാലമാണ് അതിശക്തമായ സാമൂഹിക വിമർശനങ്ങൾ നടത്താൻ ഒരു വാക്കുപോലും ആവശമില്ല എന്ന് ഗാന്ധി ടോക്സ് ബോധ്യപ്പെടുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.