1 March 2024, Friday

ജെൻഡർ പാർക്കിൽ ‘ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും’

സ്ത്രീകൾക്ക് മുൻവിധികളും അതിരുകളുമില്ലാതെ ഒത്തുകൂടാനൊരിടം
Janayugom Webdesk
കോഴിക്കോട്
February 1, 2024 10:26 pm

സ്ത്രീകൾക്ക് മുൻവിധികളും അതിരുകളും കൂടാതെ ഒത്തുകൂടാൻ ഇടം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിന്റെ നേതൃത്വത്തിൽ ‘ആർപ്പോ; വരയും വരിയും പിന്നെ അല്പം മൊഹബത്തും’ ഒരുങ്ങുന്നു. പൊതുയിടങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് മാത്രമായി സ്വതന്ത്രമായ വേദിയൊരുക്കുന്നത്. രാഷ്ട്രീയം ചർച്ച ചെയ്യാനും ഉല്ലസിക്കാനും സ്വയം നവീകരിക്കാനും കഴിവുകൾ പ്രകടിപ്പിക്കാനുമെല്ലാമുളള വേദിയാണ് ഒരുങ്ങുന്നത്. 

പരിപാടിയോടനുബന്ധിച്ച് വിവിധ സെഷനുകൾ, വിൽപ്പനശാലകൾ, ശില്പശാലകൾ, കലാപരിപാടികൾ എന്നിവയുണ്ടാകും. വിവിധതരം സംരംഭങ്ങൾ തുടങ്ങിയവർക്കും, തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സ്റ്റാളുകളിടാനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും. കൂട്ടായ്മയിലേക്ക് എത്തിച്ചേരുന്ന സ്ത്രീകളുടെ സാമൂഹിക- സാംസ്കാരിക- സാമ്പത്തിക പശ്ചാത്തലം മനസ്സിലാക്കി ആവശ്യമെങ്കിൽ വേണ്ട സഹായങ്ങൾ നൽകുമെന്ന് ജെൻഡർ പാർക്ക് ഡയറക്ടർ ഹരിത വി കുമാർ പറഞ്ഞു. ഭാവിയിൽ ജെൻഡർ പാർക്ക് വനിതകളുടെ വലിയ ഒരിടമാക്കി മാറ്റിയെക്കാനുള്ള തുടക്കമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
പൊതു ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തിലൂന്നി നടത്തുന്ന ആർപ്പോ പരിപാടിയുടെ ആദ്യ പതിപ്പ് മൂന്നിന് വൈകീട്ട് നാലിന് വെള്ളിമാടുകുന്ന് ജെൻഡർ പാർക്ക് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.

മേയർ ബീന ഫിലിപ്പ്, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുക്കും. പരിപാടി എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച സംഘടിപ്പിക്കാനാണ് പദ്ധതി. ഉദ്ഘാടനത്തിന്റെ ഭാഗമായി ‘എഴുത്തും കുത്തും’, ‘വരയും കുറിയും’, ‘ആട്ടം’ എന്നീ പേരുകളിൽ ജെൻഡർ പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ വേദികൾ ഉണ്ടായിരിക്കും. ഈ വേദികളിലെ പരിപാടികളിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യാൻ വർത്താനം എന്ന സെഷനുമുണ്ട്. പരിപാടിയുടെ ഭാഗമായി സാഹിത്യത്തിലും വായനയിലും താല്പര്യമുള്ളവർക്കായിട്ടാണ് ‘എഴുത്തും കുത്തും’ സംഘടിപ്പിക്കുന്നത്. ‘വരയും കുറിയും’ എന്ന വേദിയിൽ എല്ലാവർക്കും ചിത്രം വരയ്ക്കാനും നിറം നൽകാനുമാണ് അവസരം. എഴുത്തുകാരി ആര്യ ഗോപി, നാടകപ്രവർത്തക ശ്രീജ അറങ്ങോട്ടുകര തുടങ്ങിയവർ വിവിധ വേദികൾക്ക് നേതൃത്വം നൽകും. എല്ലാവരും ഒരുമിച്ച് ആടിയും പാടിയും ഉല്ലസിച്ചുമുള്ള ‘പൊടിപൂരം’ എന്ന ഭാഗത്തോടെ ‘ആർപ്പോ’ അവസാനിക്കും.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.