13 May 2024, Monday

പൊതുമേഖലാ ഇൻഷുറൻസ് സ്വകാര്യ മേഖലയ്ക്ക്

ജയനാരായണന്‍
August 26, 2021 4:55 am

നറൽ ഇൻഷുറൻസ് ഭേദഗതി ബിൽ ഒരു ചർച്ചയ്ക്കും ഇടംകൊടുക്കാതെ ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസാക്കിയെടുത്തു. ഈ ദേദഗതിബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാനെടുത്തത് വെറും എൺപത് സെക്കന്റ് സമയം മാത്രമാണ്. സാധാരണയായി പാർലമെന്റിന്റെ ബിസിനസ് അ‍ഡ്വൈസറി കമ്മിറ്റികൾ മൂന്ന്-നാല് മണിക്കൂർ സമയമാണ് ഒരു ബിൽ ചർച്ചചെയ്യാൻ അനുവദിക്കുന്നത്. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഡസനോളം ബില്ലുകളാണ് ഒരു ചർച്ചയും കൂടാതെ പാസാക്കിയെടുത്തത്. നിയമ നിർമ്മാണത്തിന് ഭൂരിപക്ഷാധികാരം മാത്രമാണ് അടിസ്ഥാനമെന്നും പ്രതിപക്ഷാഭിപ്രായത്തിന് ഒരു വിലയും കല്പിക്കേണ്ടതില്ലെന്നും ഒരു ബില്ലിന്മേലും ചർച്ച നടത്തിയതുകൊണ്ടും ഒരു വിശേഷവും ഇല്ലെന്നും ആണ് രണ്ടാം മോഡി സർക്കാരിന്റെ സേച്ഛാധിപത്യ നിലപാട്.

ജനറൽ ഇൻഷുറൻസ് ഭേദഗതി ബിൽ അനുസരിച്ച് കേന്ദ്രസർക്കാരിന് 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തമുണ്ടാകണമെന്ന് നിഷ്കർഷിക്കുന്ന നിബന്ധന എടുത്തുകളഞ്ഞിരിക്കുന്നു. പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യവല്ക്കരിക്കാനാണ് ഈ ഭേദഗതി. ഇതനുസരിച്ച് ഭൂരിഭാഗം ഓഹരികളും വിദേശ സ്വദേശ സ്വകാര്യ കമ്പനികൾക്ക് കൈക്കലാക്കാം. മറ്റൊരു പ്രധാന ഭേദഗതി ജനറല്‍ ഇൻഷുറൻസ് കമ്പനികളിന്മേലുള്ള കേന്ദ്രസർക്കാരിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നു എന്നുള്ളതാണ്. ചുരുക്കത്തിൽ കമ്പനികളുടെ നടത്തിപ്പിലും നയപരമായ തീരുമാനമെടുക്കുന്നതിലും കമ്പനികളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളെ നിയമിക്കുന്നതിലും ഉള്ള കേന്ദ്രസർക്കാരിന്റെ സവിശേഷാധികാരം നിയമ ഭേദഗതിവഴി ഒഴിവാക്കിയിരിക്കുന്നു. ഭാവിയിൽ സ്വകാര്യ മേഖലയ്ക്ക് കൂടി പങ്കാളിത്തമുള്ള ഡയറക്ടർ ബോർഡായിരിക്കും ജനറൽ ഇൻഷുറൻസ് മേഖലയെ സംബന്ധിച്ച ഭരണപരവും നയപരവും ആയ തീരുമാനങ്ങൾ എടുക്കുക. “മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്” എന്നത് കേന്ദ്രസർക്കാർ ഈ മേഖലയിൽ കൂടി നടപ്പിൽ വരുത്തുകയാണ്. രാജ്യതാല്പര്യത്തിനും, പൊതുജനതാല്പര്യത്തിനും മുൻതൂക്കമുള്ള പരിപാടിക്ക് പകരം സ്വകാര്യ മേഖലയ്ക്ക് ലാഭം കൊയ്യാനുള്ള തീരുമാനങ്ങളായിരിക്കും ഈ ഭേദഗതിവഴി ജനറൽ ഇൻഷുറൻസ് മേഖലയിൽ ഭാവിയിൽ ഉണ്ടാകുക. നിലവിൽ തീപ്പിടിത്തം, ഗതാഗത സംബന്ധിയായതും, കാർഷിക സംബന്ധിയായ മറ്റു പലവക ഇൻഷുറൻസുകളും ആയിരുന്നു ജനറൽ ഇൻഷുറൻസ് വഴി കൈകാര്യം ചെയ്തിരുന്നത്. പുതിയ ഭേദഗതിയനുസരിച്ച് ക്യാപിറ്റൽ റിഡംപ്ഷൻ ഇൻഷുറൻസ്, ആന്യുറ്റി ഇൻഷുറൻസ് എന്നിവ ജനറൽ ഇൻഷുറൻസിന്റെ പരിധിയിലാക്കി.

നമ്മുടെ രാജ്യത്ത് ജനറൽ ഇൻഷുറൻസ് ദേശസാൽക്കരണ നിയമം കൊണ്ടുവരുന്നത് 1972ലാണ്. ഈ നിയമത്തിന്റെ ഏറ്റവും വലിയ സവിശേഷത ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ഓഹരികളിൽ കുറഞ്ഞത് 51 ശതമാനമെങ്കിലും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കണമെന്നതാണ്. അന്ന് ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന, 107 സ്വകാര്യ കമ്പനികളെ ദേശസാൽക്കരിച്ച് ന്യൂ ഇന്ത്യാ, യുണൈറ്റഡ്, ഓറിയന്റൽ, നാഷണൽ തുടങ്ങിയ നാലു ജനറൽ ഇൻഷുറൻസ് കമ്പനികളാക്കി പരിമിതപ്പെടുത്തുകയും അവയുടെ നിയന്ത്രണം ജിഐസിക്ക് നല്കുകയും ചെയ്തു. 2002ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തി ഈ കമ്പനികളുടെ നിയന്ത്രണം ജിഐസിയിൽ നിന്നും എടുത്തുമാറ്റി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി. ജനറൽ ഇൻഷുറൻസ് മേഖലയുടെ നിയന്ത്രണം ഇപ്പോൾ പുതിയ ഭേദഗതിവഴി കേന്ദസർക്കാരിൽ നിന്നും എടുത്തുമാറ്റി സ്വകാര്യ മേഖലയ്ക്കുകൂടി പങ്കാളിത്തമുള്ള കമ്പനി ഡയറക്ടർ ബോർഡുകളെ ഏല്പിച്ചിരിക്കുകയാണ്.

രാജ്യത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച സ്ഥാപനങ്ങളാണ് ജനറൽ ഇൻഷുറൻസ് കമ്പനികളും, എൽഐസിയും. ദേശസാൽക്കരണത്തിന് ശേഷം ഈ മേഖലയിൽ വലിയ വികസനം നടന്നു. അതുവരെ നഗരങ്ങളിലും, വൻകിട വ്യവസായ മേഖലയിലും ഒതുങ്ങിനിന്ന ഇൻഷുറൻസ് വ്യവസായം ഗ്രാമീണ മേഖലയിലേക്കും ചെറുകിട വ്യവസായ മേഖലയിലേക്കും സാധാരണ ജനങ്ങളിലേക്കും വ്യാപിച്ചു. ഇന്ന് പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികൾ ഏകദേശം 3,500 ശാഖകളിലായി രാജ്യത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തിച്ച് വരികയാണ്. കഴിഞ്ഞ കുറെ വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ വർഷംതോറും 2000 കോടി രൂപയുടെ അറ്റാദായമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ഇൻഷുറൻസ് മാർക്കറ്റിൽ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ പങ്കാളിത്തം 50 ശതമാനത്തിന് മുകളിലാണ്.

ഇൻഷുറൻസ് വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷമുള്ള രാജ്യമല്ല നമ്മുടേത്. ജനറൽ പ്രതിശീർഷ ഇൻഷുറൻസ് പ്രീമിയം ആഗോളതലത്തിൽ 6.3 ശതമാനമാണെങ്കിലും നമ്മുടെ രാജ്യത്ത് അത് വെറും 0.8 ശതമാനം മാത്രമാണ്. ഇതിന് പ്രധാനകാരണം നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വൻതോതിലുള്ള സാമ്പത്തിക അസമത്വമാണ്. ഏതെങ്കിലും തരത്തിലുള്ള സ്ഥാവര ജംഗമവസ്തുക്കൾ ഉള്ളവർ നമ്മുടെ ജനസംഖ്യയിൽ അരശതമാനത്തിന് താഴെ മാത്രമാണ്. വിവിധ മേഖലകളിൽ നടക്കുന്ന വികസന പ്രക്രിയ വിവിധ തരത്തിലും വിവിധ ദിശയിലുമാണ്. എന്നിരുന്നാലും നമ്മുടെ രാജ്യത്തെ ഇൻഷുറൻസ് മേഖല ഉയർന്ന നിലവാരം പുലർത്തുന്ന ഒന്നാണെന്നാണ് വേൾഡ് ഇക്കണോമിക് ഫോറം അടയാളപ്പെടുത്തുന്നത്.

2019–20 സാമ്പത്തിക വർഷത്തിലെ നാല് ഇൻഷുറൻസ് കമ്പനികളുടെയും സംയോജിത പ്രീമിയം ഇനത്തിലെ വരുമാനം 73,045 കോടി രൂപയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് 6.3 ശതമാനത്തിന്റെ വളർച്ചയാണ് കൈവരിച്ചത്. 2019–20 വർഷത്തിൽ എൽഐസി കേന്ദ്രസർക്കാരിന് നല്‍കിയ ലാഭവിഹിതം 2,698 കോടിയായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മറ്റെല്ലാ മേഖലകളെന്നപോലെ ഇൻഷുറൻസ് മേഖലയെയും ബാധിച്ചുവെന്നാണ് ആഗോളതലത്തിൽ ഇത് സംബന്ധിച്ച പഠനങ്ങൾ പറയുന്നത്. ആഗോളതലത്തിൽ പ്രീമിയം വളർച്ചയുടെ കാര്യത്തിൽ ഇൻഷുറൻസ് മേഖലയിൽ മൂന്ന് ശതമാനത്തിന്റെ മാന്ദ്യമാണ് ഉണ്ടായിരുന്നത്. ഇത് നമ്മുടെ രാജ്യത്തെ ജനറൽ ഇൻഷുറൻസ് മേഖലയിലും പ്രതിഫലിക്കുന്നുണ്ട്.

ജനറൽ ഇൻഷുറൻസ് കമ്പനികൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ കൂടുതൽ ക്ലെയ്‌മുകൾ നല്കേണ്ടി വന്നതിനാൽ കൂടുതൽ നഷ്ടം വന്നുവെന്നത് യാഥാർത്ഥ്യമാണ്. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ ഉപഭോക്താക്കളെ സഹായിക്കേണ്ട സാമൂഹിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനും ജനറൽ ഇൻഷുറൻസ് കമ്പനികൾക്കും ഉണ്ട്. ഇക്കാലമത്രയും ലാഭകരമായി പ്രവർത്തിച്ച് കോടിക്കണക്കിന് രൂപയുടെ ലാഭവിഹിതം കേന്ദ്രസർക്കാരിന് നൽകിയ കമ്പനികളെ സഹായിക്കാനുള്ള ബാധ്യതയും കേന്ദ്രസർക്കാരിനാണ്. താൽക്കാലിക നഷ്ടത്തിന്റെ പേരിൽ സ്വകാര്യ മേഖലയ്ക്ക് ഇൻഷുറൻസ് മേഖലയെ തീറെഴുതി സാമൂഹ്യ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുന്നു എന്നത് ശുദ്ധ അസംബന്ധമാണ്.

കഴിഞ്ഞ ബജറ്റ് അവതരണ വേളയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് രണ്ട് ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവല്ക്കരിക്കുമെന്നാണ്. എന്നാൽ പുതിയ നിയമഭേദഗതിയനുസരിച്ച് നാല് ജനറല്‍ ഇൻഷുറൻസ് കമ്പനികളെയും സ്വകാര്യവല്ക്കരിക്കാൻ കേന്ദ്രസർക്കാരിന് കഴിയുമെന്നതാണ് വസ്തുത. സ്വകാര്യ വിദേശ‑സ്വദേശ കമ്പനികളെ ഈ മേഖലയിലേക്ക് അനുവദിക്കുന്ന ഘട്ടത്തിൽ പറഞ്ഞത് ഇൻഷുറൻസ് മേഖല മത്സരാധിഷ്ഠിതമാകുമെന്നും ഇത് പ്രീമിയം നിരക്കിൽ കുറവ് ഉണ്ടാക്കുമെന്നും അത് സാധാരണക്കാർക്ക് ഗുണകരമാകും എന്നുമാണ്. എന്നാൽ പ്രീമിയം നിരക്കിൽ കുത്തനെയുളള വർധനയാണ് പൊതുവേ അനുഭവപ്പെട്ടത്. സ്വകാര്യ കമ്പനികൾക്ക് സാധാരണക്കാരായ പോളിസി ഉടമകളെ കൊള്ളയടിക്കാനുള്ള അവസരം ഒരുക്കിയപ്പോൾ വൻകിടക്കാർക്ക് ഒട്ടനവധി വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു.

രാജ്യത്തെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ ഓഹരികൾ വിൽക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നുവരികയാണ്. പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ വലിയതോതിലുള്ള ലാഭമാണ് നല്കിവരുന്നത്. പഞ്ചവത്സരപദ്ധതി ആരംഭിച്ച കാലം മുതൽ കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുതലിറക്കിയിട്ടുള്ളത്. ഇത് ഭാവിയിൽ സ്വകാര്യ മേഖലയിലേക്ക് ഒഴുകാനാണ് സാധ്യത.

ചെറുകിട വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ, ചെറുകിട വാഹന ഉടമകൾ എന്നിവരുടെ പ്രീമിയത്തിൽ കുത്തനെയുള്ള വർധനവാണ് വരാൻ പോകുന്നത്. ഇത് ആ വിഭാഗത്തിലുള്ള പോളിസി വരിക്കാരിൽ അധിക സാമ്പത്തികഭാരം അടിച്ചേല്പിക്കും. കാർഷിക ഇൻഷുറൻസുകളും, സാമൂഹ്യസുരക്ഷാ ഇൻഷുറൻസും ഭാവിയിൽ ഇല്ലാതാകും. കാരണം അവയൊന്നും വലിയ ലാഭം ഉണ്ടാക്കുന്നവയല്ല. ചുരുക്കത്തിൽ സ്വകാര്യവല്ക്കരണം മൂലം സാധാരണക്കാരുടെ ഇൻഷുറൻസ് പ്രീമിയം കൂടും, വാഹനാപകട ഇൻഷുറൻസിന് പരിധിവയ്ക്കും. ബാങ്കിങ് മേഖലയിൽ ഇന്ന് നടമാടുന്ന എല്ലാതരം അധാർമിക പ്രവർത്തനങ്ങളും ഇനി ഇൻഷുറൻസ് മേഖലയിലും അരങ്ങേറും.

ജനറൽ ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവല്ക്കരണം കോടിക്കണക്കിന് സാധാരണക്കാരായ പോളിസി വരിക്കാരുടെ ഉത്തമതാല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാനാണ് ഇടവരിക. പാർലമെന്റിലെ വലിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ജനവിരുദ്ധമായ ഏതു നിയമവും ഒരു ചർച്ചയും കൂടാതെ പാസാക്കിയെടുക്കാമെന്ന മോഡി സർക്കാരിന്റെ ധാർഷ്ട്യം രാജ്യം ഒരു നൂറ്റാണ്ട് കാലം പൊരുതി നേടിയെടുത്ത ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കശാപ്പ് ചെയ്യൽ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.