26 April 2024, Friday

Related news

October 6, 2023
July 5, 2023
November 26, 2022
October 18, 2022
October 1, 2022
September 24, 2022
June 2, 2022
February 2, 2022
November 18, 2021
November 18, 2021

പരമ്പരാഗത ബാങ്കിങ് മേഖലയ്ക്കു ഭീഷണിയായി ആഗോള ടെക് ഭീമൻമാർ

ബേബി ആലുവ
കൊച്ചി
October 8, 2021 9:36 pm

പരമ്പരാഗത ബാങ്കിങ് മേഖലയുടെ നിലനിൽപ്പിനു ഭീഷണിയുയർത്തി ആഗോള ടെക് ഭീമന്മാരായ കമ്പനികൾ രാജ്യത്ത് ആധിപത്യമുറപ്പിക്കുന്നു. എല്ലാ അതിരുകളും ലംഘിച്ചുള്ള ഇവരുടെ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ സർവാത്മനാ പിന്തുണയ്ക്കുന്നുണ്ട്.  ഗൂഗിൾ, ഫെയ്സ് ബുക്ക്, വാട്സാപ്പ്, ആമസോൺ, വാൾമാർട്ട് നയിക്കുന്ന ഫ്ലിപ്കാർട്ട് തുടങ്ങി ഗ്രാമീണ മേഖലകളിൽപ്പോലും വൻ ഉപഭോക്തൃ സ്വാധീനമുള്ള ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങൾ വായ്പാ വിതരണം, നിക്ഷേപം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലേക്കു കടന്നു കഴിഞ്ഞു.  ഇതുമൂലം രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കുകൾക്കു വരെ വിപണിയിൽ നിയന്ത്രണം നഷ്ടപ്പെടുമെന്നും പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നുമുള്ള ആശങ്ക ശക്തമാണ്.

ഇ വാലറ്റ് പോലെ എളുപ്പത്തിൽ പണമിടപാടുകൾ നടത്താനുള്ള സുഗമ മാർഗ്ഗമായ യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് (യുപിഐ) ഇടപാടുകളിൽ ഇന്ത്യയിലെ 85 ശതമാനം വിപണി വിഹിതവും ഗൂഗിൾപേ, ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫോൺപേ എന്നിവയുടെ കൈവശമാണ്. റിസർവ് ബാങ്കും നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്നു തയ്യാറാക്കിയ പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷനാണ് യുപിഐ. കഴിഞ്ഞ ഒരുമാസം മാത്രം ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ ഇടപാടുകൾ ഇതിലൂടെ ഈ കമ്പനികൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ഇവയ്ക്കു പുറമെ, ഇതര ആഗോള ടെക് കമ്പനികൾക്കും യുപിഐ രംഗത്ത് വലിയ സ്വാധീനമുണ്ട്. ഇതുവഴി രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇവർക്ക് എളുപ്പത്തിൽ ലഭ്യമാവുകയും ചെയ്യും.

അമേരിക്കൻ കമ്പനിയായ ആൽഫബെറ്റിനു കീഴിലുള്ള ഗൂഗിൾ പേയാണ് ഇന്ത്യയിലെ കോർപ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടുള്ള സ്ഥിരനിക്ഷേപത്തിനു വേദിയൊരുക്കുന്നത്. ചെറുകിട സംരംഭങ്ങൾക്ക് ഓൺലെൻ വായ്പ സ്ഥാപനങ്ങളുമായി സഹകരിച്ച് അടിയന്തര വായ്പ ലഭ്യമാക്കുമെന്നാണ് സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ് ബുക്കിന്റെ വാഗ്ദാനം. ഒറ്റ ദിവസം കൊണ്ട് യാതൊരുവിധ ഈടും നൂലാമാലകളുമില്ലാതെ വായ്പ ലഭിക്കുന്നതിന് സൗകര്യമൊരുക്കുമെന്നും അവകാശപ്പെടുന്നു. 17 മുതൽ 20 വരെ ശതമാനമാണ് പലിശ എന്നു മാത്രം.

പിന്നാലെ, വലിയ വാഗ്ദാനങ്ങളുമായി വാൾമാർട്ട്, ആമസോൺ, ആപ്പിൾ പോലുള്ള ടെക് ഭീമന്മാരുമുണ്ട്. അതിവേഗം വളരുന്ന ഡിജിറ്റൽ പേമെന്റ് വിപണിയാണ് ഇവരെയെല്ലാം ആകർഷിക്കുന്ന മുഖ്യ ഘടകം.  രാജ്യത്തെ ജനങ്ങൾ സാമ്പത്തികമായി ഇടപെടുന്ന എല്ലാ മേഖലകളെയും ഈ വിദേശ കുത്തകകൾ കണ്ണുവച്ചിട്ടുണ്ട്. 2023-ഓടെ ഇന്ത്യയിൽ ഓൺലൈൻ വായ്പ വിതരണം 25 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. രാജ്യത്തെ ഓൺലൈൻ വായ്പ വിതരണ രംഗത്ത് 300- ഓളം സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.

ENGLISH SUMMARY:Global tech giants pose a threat to the tra­di­tion­al bank­ing sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.