23 April 2024, Tuesday

Related news

April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023
August 11, 2023
August 4, 2023
July 19, 2023
July 12, 2023
June 22, 2023

തീർത്ഥാടന ടൂറിസം മറയാക്കിയും സ്വർണക്കടത്ത്

ബേബി ആലുവ
കൊച്ചി
August 4, 2023 10:24 pm

തീർത്ഥാടകരെ മറയാക്കിയും നികുതി വെട്ടിച്ചുള്ള സ്വർണം മലേഷ്യ വഴി കേരളത്തിലേക്ക് കടത്താനുള്ള തന്ത്രവുമായി റാക്കറ്റ്. ദുബായ് വഴിയുള്ള യാത്രക്കാരുടെ പരിശോധന കർശനമാക്കിയതോടെ ഈ മാർഗത്തിലൂടെയുള്ള സ്വർണക്കടത്ത് വർധിച്ചിരിക്കുകയാണ്. ഈ പുതുവഴി ആവിഷ്കരിച്ചിരിക്കുന്നതിനു പിന്നിൽ തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റാക്കറ്റാണെന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കിട്ടിയിരിക്കുന്ന സൂചന.
മലേഷ്യൻ വനിതകളെയും ഇതിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ സ്വർണവുമായെത്തിയ മലേഷ്യൻ സ്ത്രീകൾ നെടുമ്പാശേരിയിൽ പിടിയിലായതോടെയാണ് അന്വേഷണം ആ വഴിക്ക് നീങ്ങിയത്.

കേരളത്തിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാനുള്ള പാക്കേജ് നൽകിയാണ് റാക്കറ്റ് ഇവരെ പാട്ടിലാക്കുന്നത്. നെടുമ്പാശേരിയിലിറങ്ങുമ്പോൾ അവിടെ കാറുമായി കാത്തു നിൽക്കുന്നയാൾക്ക് സ്വർണം കൈമാറിക്കഴിഞ്ഞാൽ യാത്ര തരപ്പെടുത്തുമെന്നാണ് വാഗ്ദാനം. പിടിയിലായവരിൽ നിന്ന് ചോദ്യം ചെയ്യലിൽ ലഭിച്ചതാണ് ഈ വിവരം.
എന്നാൽ, നെടുമ്പാശേരിയിൽ സ്വർണം ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ആളിന്റെ ഫോൺ നമ്പറോ തിരിച്ചറിയാൻ സഹായമായ മറ്റ് വിവരങ്ങളോ നൽകില്ല. അതേസമയം, സ്വർണവുമായി വിമാനത്തിൽ എത്തുന്നയാളെ തിരിച്ചറിയുന്നതിനുള്ള ചിത്രമടക്കം എല്ലാ വിവരങ്ങളും ഏറ്റുവാങ്ങാൻ നിയോഗിക്കപ്പെടുന്നവർക്ക് നൽകിയിട്ടുമുണ്ടാവും. സ്വർണവുമായി എത്തുന്ന വ്യക്തി സുരക്ഷിതമായി വിമാനത്താവളത്തിനു പുറത്ത് കടന്നുവെന്ന് ഉറപ്പായാൽ മാത്രമേ, പുറത്ത് കാത്തുനിൽക്കുന്നയാൾ ബന്ധപ്പെടുകയുള്ളു.

തീർത്ഥാടന ടൂറിസം മറയാക്കിയുള്ള ഈ സ്വർണക്കടത്തിൽ ആഭരണങ്ങളായാണ് സ്വർണം കൊണ്ടുവരുന്നത്. കസ്റ്റംസ് നിയമമനുസരിച്ച് വിദേശത്തു നിന്നു വരുന്ന ഒരു വനിതയ്ക്ക് മൂന്ന് പവൻ സ്വർണം വരെ ദേഹത്ത് ധരിക്കാം. ഇതിനു പുറമെ, ധരിച്ചിട്ടുള്ള വസ്ത്രങ്ങളിൽ രഹസ്യ അറകളുണ്ടാക്കി അതിൽ സ്വർണം ഒളിപ്പിക്കുകയും ചെയ്യും. പിടിക്കപ്പെടാതെ സുരക്ഷിതമായി സ്വർണം കൈമാറുന്നവർക്ക് രണ്ടു മൂന്ന് ദിവസത്തെ തീർത്ഥാടനത്തിന് പുറമെ 30,000 രൂപയോളമാണ് പ്രതിഫലമായി നൽകുന്നത്.

ഒരു വ്യക്തിയിൽ നിന്ന് ഒരു കോടി രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സ്വർണം പിടിച്ചാൽ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള അറസ്റ്റുണ്ടാകൂ. അവിടേക്കെത്താതിരിക്കാനുള്ള അടവുകളെല്ലാം റാക്കറ്റിന് അറിയാം. ചിങ്ങം പിറന്നാൽ വിവാഹ സീസണാകുന്നതിനാൽ അനധികൃത വില്പനയ്ക്കായി നികുതി വെട്ടിച്ച് സ്വർണമെത്തിക്കുന്നത് വർധിക്കാനിടയുണ്ടെന്നാണ് കസ്റ്റംസ് ഇന്റലിജൻസിന്റെ റിപ്പോർട്ട്.

Eng­lish Sum­ma­ry: Gold smuggling
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.