ദിവസങ്ങള്‍ നീണ്ട ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഗോതബയ രാജപക്സെ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രസിഡന്റിന്റെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയുടെയും രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഗോതബയ രാജ്യം വിട്ടിരുന്നു. മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരിലെത്തിയ ഗോതബയ സൗദിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് രാജിക്കത്ത് ഇ മെയിലായി ലഭിച്ചുവെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യപ അബെവര്‍ധന അറിയിച്ചത്.
ബുധനാഴ്ച രാജി വയ്ക്കുമെന്നാണ് ഗോതബയ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വൈകിയും രാജിക്കത്ത് ലഭിക്കാതിരുന്നതിനാല്‍ ഇന്ന് ചേരാനിരുന്ന പാര്‍ലമെന്റ് സമ്മേളനം മാറ്റിവയ്ക്കുകയാണെന്നും രാജിക്കത്ത് ലഭിച്ച് മൂന്ന് ദിവസത്തിനകം പാർലമെന്റ് വിളിച്ചുചേര്‍ക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
അതേസമയം, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സുരക്ഷാസേന മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിലും പാര്‍ലമെന്റിന് മുന്നിലെ പ്രധാന ജങ്ഷനിലും പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 84 പേര്‍ക്ക് പരിക്കേറ്റു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
റെനില്‍ വിക്രമസിംഗയും ഗോതബയയും രാജിവച്ചതിന് ശേഷമേ പ്രതിഷേധത്തില്‍ നിന്ന് പിന്മാറൂവെന്ന് പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചിരുന്നു. ഗോതബയയുടെ രാജി ഉറപ്പാക്കിയതോടെ പ്രസിഡന്റിന്റെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങളില്‍ നിന്ന് പിന്മാറുന്നതായി പ്രക്ഷോഭകര്‍ പറഞ്ഞു. പഴയ പാര്‍ലമെന്റിലും (പ്രസിഡന്റിന്റെ ഓഫീസ്) ഗല്ലെ ഫേസിലും (നിലവിലെ പ്രക്ഷോഭകേന്ദ്രം) ഒഴികെയുള്ള സ്ഥലങ്ങളില്‍ നിന്ന് സമാധാനമായി പിന്മാറാന്‍ തയ്യാറാണ്. ലക്ഷ്യമുറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും പ്രക്ഷോഭകര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി കര്‍ഫ്യൂവിന് താല്‍ക്കാലിക ഇളവ് നല്‍കിയെങ്കിലും ഇന്നലെ ഉച്ചമുതല്‍ ഇന്ന് പുലര്‍ച്ച വരെ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.
English Summary;Gotabaya Rajapaksa resigned; Protesters call it victory day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.